ശ്രീ. സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ വച്ച് സംഘടിപ്പിച്ചിരുന്നു. വിഷയം – ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’.

ഈ ചെറിയ ലേഖനത്തിൽ, ഭാരതം ഉൾപ്പെടുന്ന തെക്കനേഷ്യയിൽ ഉണ്ടായിട്ടുള്ള കാലാവസ്ഥ, ഭൂകമ്പ-ഭൂമിശാസ്ത്ര വ്യതിയാനങ്ങളെ കുറിച്ച് അദ്ദേഹം ചർച്ച ചെയ്യുന്നു. മഹാപ്രളയത്തെ അടിസ്ഥാനമാക്കുന്ന മിത്തുകളേയും അദ്ദേഹം വിവരിക്കുന്നു.

സഞ്ജീവ് സന്യാൽ:-

ഇന്ത്യൻ മഹാസമുദ്രവുമായ ബന്ധപ്പെട്ട ഭൂവിഭാഗത്തിന്റെ ചരിത്രം ഇനി പരിശോധിക്കാം. ഇതേപ്പറ്റി ഓർത്തിരിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് – തെക്കനേഷ്യൻ മേഖല എപ്പോഴും മാറ്റങ്ങൾക്കു വിധേയമാകുന്ന ഭൂവിഭാഗമാണ്. ഭൂകമ്പചലനങ്ങളാലും മറ്റും തീരപ്രദേശങ്ങൾ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. ഇതുമൂലം തീരപ്രദേശം ഉയരുകയോ മാറ്റിമറിക്കപ്പെടുകയോ ചെയ്യാം. ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതിനു ഇക്കാര്യങ്ങൾ ഓർത്തിരിക്കേണ്ടതുണ്ട്.

ഏകദേശം 8000-9000 വർഷങ്ങൾക്കും മുമ്പായിരുന്നു അവസാനത്തെ ഹിമയുഗം അവസാനിച്ചത്. എന്നാൽ ഈ ഹിമയുഗത്തിന്റെ ഉത്തുംഗനില 14000 വർഷം മുമ്പായിരുന്നു. ഈ അവസാന ഹിമയുഗക്കാലത്ത്, നിങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിന്റെ അരികിലേക്കു വന്നിരുന്നെങ്കിൽ, ഇന്നുള്ളതിൽനിന്നു വളരെ വ്യത്യസ്തമായ തീരപ്രദേശം ആകുമായിരുന്നു കാണുക. ഭൂമിയുടെ വടക്കൻ അർദ്ധഗോളത്തിലും, തെക്കൻ അർദ്ധഗോളത്തിന്റെ വലിയൊരു ഭാഗത്തും, ഭീമാകാരങ്ങളായ മഞ്ഞുപാളികളിൽ ധാരാളം ജലം ശേഖരിക്കപ്പെട്ടിരുന്നു. ഇന്നുള്ളതിനേക്കാൾ 100-150 മീറ്റർ താഴെയായിരുന്നു അന്ന് സമുദ്രജലനിരപ്പ്.

തന്മൂലം, പേർഷ്യൻ ഗൾഫ് മേഖല ഒരു സമതലപ്രദേശമായിരുന്നു. ഗുജറാത്ത് ആകട്ടെ ഒരു ഉൾപ്രദേശവും. തെക്കേ ഇന്ത്യയിലേക്കുള്ള നേർരേഖപോലെയായിരുന്നു ഇന്ത്യയുടെ പടിഞ്ഞാറൻ തീരദേശം. ഇന്ത്യൻ ഉപഭൂഖണ്ഢത്തിന്റെ ഭാഗമായിരുന്നു ശ്രീലങ്ക. തെക്കുകിഴക്കൻ ഏഷ്യയിൽ കാണുന്ന അസംഖ്യം ദ്വീപുകൾ, ‘Sundaland’ എന്നു ഇക്കാലത്തു വിളിക്കപ്പെടുന്ന വലിയൊരു ഭൂവിഭാഗമായിരുന്നു. വാസ്തവത്തിൽ, ആസ്ട്രേലിയക്കാരുടെ പൂർവ്വികർ, അതായത് അവിടത്തെ ആദിവാസികൾ, തെക്കുകിഴക്കൻ ഏഷ്യയ്ക്കു കുറുകെ നടന്ന് അവിടെ എത്തിച്ചേർന്നവരാണ്.

ഇങ്ങിനെയായിരുന്നു അക്കാലത്തെ ഭൂമിശാസ്ത്രം!

അതിനുശേഷം 12000 കൊല്ലം മുമ്പ്, മഞ്ഞുപാളികളും ഹിമാനികളും ഉരുകാൻ തുടങ്ങി. ജലനിരപ്പ് ഉയർന്നു. അതോടെ പേർഷ്യൻ ഗൾഫ് മേഖല വെള്ളത്താൽ മൂടപ്പെട്ടു. ഇന്ത്യയുടെ തീരപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ശ്രീലങ്ക ഇന്ത്യയിൽനിന്നു വേർപെട്ടു പോയി. ഇതൊരു മഹാദുരന്തമായിരുന്നു. അതുകൊണ്ട് ഈ സംഭവത്തെപ്പറ്റിയുള്ള ഓർമ്മകൾ, മഹാപ്രളയം എന്ന മിത്തായി, വിവിധ ജനതകളുടെ ഓർമയിൽ സൂക്ഷിക്കപ്പെട്ടെന്നു കരുതാവുന്നതാണ്. നോഹയുടെ കാലത്തു നടന്ന പ്രളയത്തെപ്പറ്റി കഥയുണ്ട്. ഗിൽഗാമേഷ് എന്ന സുമേറിയൻ കഥയുണ്ട്.

ആസ്ട്രേലിയയിലെ ആദിവാസികൾക്കും, തെക്കുകിഴക്കൻ ഏഷ്യയിലെ ലാവോഷ്യൻസ്-നും (Laotians) പ്രളയത്തെപ്പറ്റി മിത്തുകൾ ഉണ്ട്. എല്ലാത്തിനും ഉപരി, ഭാരതീയ പുരാണങ്ങളും മനുവിന്റെ കാലത്തുണ്ടായ ഒരു മഹാപ്രളയത്തെ കുറിച്ച് പരാമർശിക്കുന്നു. വിഷ്‌ണു മൽസ്യാവതാരമായി അവതരിക്കുന്നത് പ്രളയകാലത്താണ്.

മഹാപ്രളയത്തെ കുറിച്ചുള്ള മിത്തുകൾ ഈവിധം ധാരാളമുണ്ട്. പക്ഷേ, അവ പ്രതിനിധീകരിക്കുന്ന ശരിയായ ചരിത്രം നിർണയിക്കാൻ ബുദ്ധിമുട്ടാണ്. എന്നിരുന്നാലും, ഹിമയുഗത്തിന്റെ അവസാനകാലത്തെ ഓർമകളാണ് മഹാപ്രളയം മിത്തുകളെന്നു പറയുന്നതിൽ തെറ്റില്ല.

ബിസി 5000 വർഷത്തിനോടു അടുത്ത്, ഇന്നു കാണുന്നപോലുള്ള പടിഞ്ഞാറൻ തീരപ്രദേശം ഭാരതത്തിനുണ്ടായെന്ന് പറയാം. ചിലപ്പോൾ, അല്പം വ്യത്യാസവും അന്നു ഉണ്ടായിരുന്നിരിക്കാം.

മുഴുവൻ വീഡിയോ കാണാൻ => https://www.youtube.com/watch?v=SoyPwRh4nRg&t=517s