ശ്രീജൻ ഫൗണ്ടേഷൻ ന്യൂഡൽഹിയിലെ INTACH, Lodhi Estate-ൽ വച്ച്, അയോധ്യയിലെ രാമക്ഷേത്ര വിഷയത്തെ കുറിച്ച് ഒരു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. (ഭാവിയിലും ഈ വിഷയത്തിൽ കൂടുതൽ പ്രഭാഷണങ്ങളും അഭിമുഖങ്ങളും ഉണ്ടാകുന്നതാണ്). ഡൽഹി യൂണിവേഴ്സിറ്റിയിൽനിന്നു പിഎച്ച്‌ഡി നേടിയ ഡോക്ടർ മീനാക്ഷി ജെയിൻ ആയിരുന്നു പ്രഭാഷക. സാംസ്കാരിക പഠനത്തിൽ വിദഗ്ധയായ മീനാക്ഷി ജെയിൻ, ഇപ്പോൾ ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിന്റെ (ICHR) ഭരണസമിതിയിൽ അംഗമാണ്. അവരുടെ പ്രഭാഷണത്തിന്റെ സബ്‌ടൈറ്റിൽ തർജ്ജമയാണ് (Subtitle Translation) ഇവിടെ കൊടുക്കുന്നത്. പൂർണമായ ഒറിജിനൽ വീഡിയോ താഴെ നൽകുന്നു. മലയാളം സബ്‌ടൈറ്റിൽ ചേർത്തിട്ടുണ്ട്.

നമസ്കാരം!

അയോധ്യപ്രശ്‌നത്തെ കുറിച്ച് മിക്കവാറും എല്ലാ ഭാരതീയരും കേട്ടിട്ടുണ്ട്. ബാബറി മസ്‌ജിദ് പണിയാനായി അയോധ്യയിൽ ഒരു ക്ഷേത്രം തകർത്തിട്ടുണ്ടെന്നു ഏവർക്കും അറിയാം. പക്ഷേ അതിനപ്പുറം, അയോധ്യപ്രശ്നത്തിന്റെ സങ്കീർണ്ണതയെ പറ്റി അവർക്കു അവ്യക്ത ആശയമേയുള്ളൂ. എന്നുവച്ചാൽ അവർക്കറിയില്ല, ഏതുവിധമാണ് കുറച്ചു ചരിത്രകാരന്മാരും, രാഷ്ട്രീയക്കാരും, മതനേതാക്കളും ചേർന്നു ഈപ്രശ്നത്തെ സ്വന്തം ലക്ഷ്യസാധ്യത്തിനായി കൈകാര്യം ചെയ്ത്, പ്രശ്നപരിഹാരം അസാധ്യമാക്കിയതെന്ന്.

ഈ തർക്കം ഇടതുചിന്താഗതിയുള്ള അക്കാദമിക് വ്യക്തികളാൽ ഏതുരീതിയിൽ വളച്ചൊടിക്കപ്പെട്ടെന്ന് നാം അറിഞ്ഞിരിക്കണം. ഇക്കാര്യത്തിൽ അവർക്കു രാഷ്ട്രീയ-മത നേതാക്കളുടെ പിന്തുണയുണ്ടായിരുന്നു. 1990-ൽ ഈ തർക്കം ഉടലെടുത്ത നാൾ മുതൽ, ഇടതുചരിത്രകാരന്മാർ ശ്രീരാമന്റേയും വാൽമീകി രാമായണത്തിന്റേയും ഇന്ത്യൻ ചുറ്റുപാടിലുള്ള പ്രാധാന്യം നിരസിക്കാൻ ശ്രമിക്കുന്നുണ്ട്. അവർ ചെയ്യാൻ ശ്രമിച്ചത് എന്തെന്നാൽ, വാൽമീകി രാമായണമല്ല ഏറ്റവും പ്രധാന രാമായണമെന്നു പറഞ്ഞ്, ബൗദ്ധ-ജൈന രാമായണത്തെ മുൻനിരയിലേക്കു കൊണ്ടുവന്നു വാൽമീകി രാമായണത്തെ എതിരിടാൻ നോക്കി. കൂടാതെ ശ്രീരാമനെ ആരാധിക്കുന്നത്, 18-19 നൂറ്റാണ്ടുകളിൽ തുടങ്ങിയ പ്രതിഭാസമാണെന്നും അവർ പറഞ്ഞു.

അവർ ഉയർത്തിയ എല്ലാ പോയിന്റുകളും, സംസ്കൃതപണ്ഢിതരുടെ രചനകളാൽ തെറ്റാണെന്ന് തെളിയിക്കാവുന്നതാണ്. ഈ പണ്ഢിതരുടെ അഭിപ്രായത്തിൽ, രാമകഥ വായ്‌മൊഴിയായി കൃസ്ത്വബ്ദത്തിനു വളരെ മുമ്പുതന്നെ പാരായണം ചെയ്യപ്പെട്ടിരുന്നു. വാൽമീകി, രാമായണം എഴുതിയതും കൃസ്ത്വബ്ദത്തിനു ഏറെ നൂറ്റാണ്ടുകൾ മുമ്പാണെന്നു പണ്ഢിതർ പറയുന്നു. രാമായണത്തിൽ വാൽമീകി പറയുന്നുണ്ട്, അദ്ദേഹത്തിന്റെ കൃതി രാമന്റെ പുത്രന്മാർ പാരായണം ചെയ്തിട്ടുണ്ടെന്ന്. എന്തുകൊണ്ടാണ് വാൽമീകി ഇത് പറഞ്ഞത്? ഒരുപക്ഷേ, രാമകഥയെ ശ്ലാഘിക്കുന്ന പൗരാണിക പാരമ്പര്യത്തിനു ആദരവ് നൽകുകയാകാം ഉദ്ദേശം. ഇതാണ് ഞാൻ പറയാൻ ആഗ്രഹിക്കുന്ന ഒന്നാമത്തെ പോയിന്റ്. രാമായണത്തിന്റെ ജനസമ്മതി മനസ്സിലാക്കണമെങ്കിൽ, ഇരുപത്തഞ്ചിലധികം രാമായണവ്യാഖ്യാനങ്ങൾ സംസ്കൃതത്തിൽ മാത്രം ഉണ്ടെന്നു അറിഞ്ഞാൽ മതി. ധാരാളം പ്രാദേശികഭാഷയിലും രാമായണം പാരായണം ചെയ്യപ്പെടുന്നുണ്ട്.

ഫാദർ Camille Bulcke-യുടെ അഭിപ്രായത്തിൽ, കുറഞ്ഞത്, 300 തരത്തിലുള്ള രാമായണമെങ്കിലും വിവിധ ഭാഷകളിലായുണ്ട്. ഇതിൽ വാൽമീകി രാമായണമാണ് ഏറ്റവും പ്രാചീനവും അധികാരികവും. മറ്റെല്ലാ രാമായണ വ്യാഖ്യാനങ്ങളും വാൽമീകി രാമായണത്തിൽനിന്നു ഉണ്ടായതാണ്. V S Suptankar എന്ന പേരുള്ള ഒരു സംസ്കൃതപണ്ഢിതൻ ഉണ്ട്. അദ്ദേഹമാണ് മഹാഭാരതത്തിന്റെ പ്രമുഖ എഡിഷൻ ക്രോഢീകരിച്ചത്. മഹാഭാരതം ഇന്നത്തെ രൂപം ആർജ്ജിക്കുന്നതിനു മുമ്പ് തന്നെ, രാമായണം ഒരു പൗരാണികകൃതിയായി അറിയപ്പെട്ടിരുന്നെന്ന് അദ്ദേഹം പറയുന്നു. അത്രയും പ്രാചീനതയും ജനസമ്മതിയുമാണ് രാമായണത്തിനു ഉണ്ടായിരുന്നത്. എ.ഡി രണ്ടാം നൂറ്റാണ്ടിൽ, കുമാരലത എന്നു പേരുള്ള ബൗദ്ധ എഴുത്തുകാരൻ, പൊതുവേദിയിൽ രാമായണം പാരായണം ചെയ്യുന്നതിനെ കുറിച്ചു പറയുന്നുണ്ട്. എ.ഡി രണ്ടാം നൂറ്റാണ്ടിൽ രാമായണ പാരായണം ഉണ്ടായിരുന്നു എന്നതിന്റെ സൂചനയാണിത്.

ഭാരതസംസ്കാരത്തിൽ രാമായണത്തിനുള്ള പ്രാധാന്യം, നിരവധി ആത്മീയ ആചാര്യന്മാരും ചിന്തകരും കാലാകാലങ്ങളിൽ ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്താണ് രാമായണം? ധർമ്മത്തെ ഉദ്ഘോഷിക്കുന്ന ഗ്രന്ഥമാണ് രാമായണം. അത് ജനങ്ങളെ ശരിയായ മൂല്യവും സ്വഭാവവും പഠിപ്പിക്കുന്നു. ദേശീയമായ ധർമ്മസംഹിതയാണ് രാമായണം. ശ്രീരാമൻ ധാർമ്മികനായ മാതൃകാപുരുഷനാണ്. രാമായണം നൽകുന്ന സന്ദേശം, മാനുഷികനിലയിലുള്ള വീരന്മാരുടേയും ദേവന്മാരുടേയുമാണ്. 1899-ൽ, ആർ.സി ദത്ത്, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലാഹോർ സെഷനെ അഭിസംബോധന ചെയ്യാൻ പോകുന്നതിനു മുമ്പ്, പാശ്ചാത്യപണ്ഢിതർക്കു ഉപകരിക്കുമെന്നു കരുതി, രാമായണത്തിന്റെ ഇംഗ്ലീഷ് എഡിഷൻ എഴുതി. ഇതിൽ ദത്ത് അഭിപ്രായപ്പെടുന്നു – ‘രാമായണം ഹൈന്ദവ വിശ്വാസത്തിന്റേയും ധാർമ്മികചര്യയുടേയും ശരിയായ ചിത്രം നൽകുന്നു’. രാമായണം ഇന്ത്യയിൽ ഇന്നും നിലനിൽക്കുന്ന പാരമ്പര്യവും വിശ്വാസവുമാണ്. രാഷ്ട്രത്തിന്റെ അടിസ്ഥാനവും ധാർമ്മികവ്യവസ്ഥയും ആയി വർത്തിക്കുന്ന രാമായണം, 100 കോടി ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്.

സി. രാജഗോപാലചാരിയും രാമായണം വ്യാഖ്യാനിച്ച് എഴുതിയിട്ടുണ്ട്. അത് പ്രസിദ്ധീകരിച്ച് ആറുമാസത്തിനുള്ളിൽ തന്നെ രണ്ടാം പതിപ്പ് ഇറങ്ങി. അതിന്റെ അവതാരികയിൽ അദ്ദേഹം എഴുതി – ‘രാമൻ, സീത, ഭരതൻ, ലക്ഷ്മണൻ, കുംഭകർണൻ, ഹനുമാൻ’ തുടങ്ങിയ രാമായണ കഥാപാത്രങ്ങളെ അറിയാത്തവർക്കു ഹൈന്ദവധർമ്മം മനസ്സിലാകില്ല’. രാമായണവും മഹാഭാരതവും വായിക്കാൻ അദ്ദേഹം യുവാക്കളോടു അഭ്യർത്ഥിച്ചു. കൂടുതൽ ധൈര്യം, വീര്യം, നിർമല മനസ്സ്., എന്നിവ വായനക്കാരിൽ ജനിപ്പിക്കാത്ത ഒരുപേജ് പോലും അതിലില്ലെന്നു അദ്ദേഹം പറഞ്ഞു. രാമായണം നമ്മുടെ പൂർവ്വികരുടെ മനസ്സിന്റേയും ആത്മാവിന്റേയും ലിഖിതരേഖയാണെന്നും, പൂർവ്വികർ സുഖസൗകര്യങ്ങളേക്കാൾ നന്മയെ ഉപാസിച്ചുവെന്നും സി.ആർ എഴുതി. ശ്രീ അരബിന്ദോയുടെ അഭിപ്രായത്തിൽ, വാൽമീകിയുടെ രചന ഭാരതത്തിന്റെ സാംസ്കാരികമനസ്സ് രൂപപ്പെടുത്തിയ പ്രമുഖ ഏജന്റാണ്. മഹാത്മാഗാന്ധിക്ക്, നമുക്കെല്ലാം അറിയാവുന്ന പോലെ, സ്വരാജ് എന്നാൽ രാമരാജ്യം ആയിരുന്നു.

വളരെക്കാലം മുമ്പ് മുതൽ, രാമായണത്തിലെ രംഗങ്ങൾ കലാപരമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതിൽ ആദ്യത്തേത് ബിസി രണ്ടാം നൂറ്റാണ്ടിലെ ഒരു ടെറാക്കോട്ട (ചുട്ട കളിമൺരൂപം) ആണ്.  അതിൽ രാവണൻ സീതയെ തട്ടിക്കൊണ്ടു പോകുന്നതും, തന്നെ കണ്ടെത്താൻ ആർക്കെങ്കിലും സഹായകമാകുമെന്ന പ്രതീക്ഷയിൽ, സീത ആഭരണങ്ങൾ താഴേക്കു ഇടുന്നതും കാണിച്ചിരിക്കുന്നു. ഇതാണ് രാമായണത്തെ കുറിച്ചുള്ള ആദ്യത്തെ ചിത്രീകരണം. കലാപരമായ ധാരാളം ചിത്രീകരണങ്ങൾ നൂറ്റാണ്ടുകളെ അതിജീവിച്ചിട്ടുണ്ട്. പക്ഷേ ഈ ടെറാക്കോട്ട ചിത്രീകരണം രാമായണത്തിന്റെ ജനസമ്മതിയെ പറ്റി ചില ആശയങ്ങൾ നമുക്ക് നൽകുന്നു. എന്തുകൊണ്ടെന്നാൽ, രാമായണത്തിനു ജനസമ്മതി ഇല്ലെങ്കിൽ, അതിലെ രംഗം കലയിലൂടെ എന്തുകൊണ്ട് ചിത്രീകരിക്കണം? കലാപരമായ രണ്ടാമത്തെ തെളിവ്, എ.ഡി രണ്ട്-മൂന്ന് നൂറ്റാണ്ടുകളിലെയാണ്. കാശ്മീരിലെ Smast മേഖലയിൽനിന്നു, ബ്രഹ്മി ലിപിയിൽ Ram Sita എന്ന് എഴുതിയ മുദ്ര. ഒരു കളിമൺരൂപമാണ് മറ്റൊരു ശ്രദ്ധേയചിത്രീകരണം. ഇതിപ്പോൾ അമേരിക്കൻ മ്യൂസിയത്തിലാണ്. ആവനാഴി നിറയെ അസ്ത്രങ്ങളുമായി നിൽക്കുന്ന രാമനാണ് ഇതിൽ. റാം എന്നു വസ്ത്രത്തിൽ എഴുതിയിട്ടുണ്ട്. ഈ മൂന്നെണ്ണമാണ് രാമായണത്തിൽനിന്നുള്ള പുരാതന ചിത്രീകരണങ്ങൾ. ഇത് നമ്മോടു പറയുന്നത് എന്തെന്നാൽ, രാമായണം പൗരാണിക ഭാരതത്തിൽ സുപ്രസിദ്ധമായിരുന്നു എന്നാണ്.

ഭാരതത്തിൽ ക്ഷേത്രനിർമാണം ആരംഭിച്ചപ്പോൾ, രാമായണരംഗങ്ങൾ മുഴുവനും അവയിൽ കൊത്തിവച്ചു തുടങ്ങി. ഏറ്റവും പ്രധാനപ്പെട്ട സംഭവം, 12-ആം നൂറ്റാണ്ടിൽ മൂന്ന് ഗംഭീര ക്ഷേത്രങ്ങൾ രാമപൂജയ്ക്കായി മാത്രം നിർമിച്ചതായിരുന്നു. ഇതിൽ ഏറ്റവും പഴക്കമുള്ളത് അയോധ്യയിലെ ക്ഷേത്രമാണ്. ഇക്കാര്യം കുറച്ചുകഴിഞ്ഞ് നാം പരിശോധിക്കും.

രണ്ടാമത്തെ ക്ഷേത്രം Rajim ജില്ലയിൽ (മധ്യപ്രദേശ്) പണികഴിച്ചു. മൂന്നാമത്തേത്, ത്രിപുരയിലെ നാടുവാഴികളായ കാലചുരി-കൾ നിർമിച്ചു. ഈ മൂന്ന് ക്ഷേത്രങ്ങളിലും ശിലാലിഖിതങ്ങൾ ഉണ്ടായിരുന്നു. അയോധ്യയിലെ ശിലാലിഖിതത്തെ പറ്റി പിന്നീട് ചർച്ചചെയ്യാം. റായ്‌പൂർ ക്ഷേത്രത്തിലെ ലിഖിതങ്ങളും, Malay Singh നിർമിച്ച രണ്ടാമത്തെ ക്ഷേത്രത്തിലെ ലിഖിതങ്ങളും ഇപ്പോഴുമുണ്ട്. എന്നാൽ ഈ രണ്ട് ശിലാലിഖിതങ്ങളെ പറ്റി, സംവാദത്തിലോ ചർച്ചയിലോ ഇടത് ചരിത്രകാരന്മാർ പരാമർശിക്കാറില്ല. എന്തുകൊണ്ട്? കാരണം, അവരുടെ അഭിപ്രായത്തിൽ രാമനെ ആരാധിക്കാൻ തുടങ്ങിയത് 18, 19 നൂറ്റാണ്ടിലാണ്. അതുകൊണ്ട് അവരുടെ വീക്ഷണത്തെ എതിർക്കുന്ന ഏത് തെളിവും, അവർ അവഗണിക്കും. അത്തരം തെളിവാണ്, ഞാൻ മുമ്പ് പ്രസ്താവിച്ച, ബി.സി രണ്ടാം നൂറ്റാണ്ടിലെ രാമായണ ചിത്രീകരണം. പിന്നെ, 12-ആം നൂറ്റാണ്ടിൽ ശിലാലിഖിതങ്ങളോടെ പണികഴിപ്പിച്ച മൂന്ന് ക്ഷേത്രങ്ങൾ.

ഇനി ഞാൻ അയോധ്യയിലെ ക്ഷേത്രത്തെ കുറിച്ച് പറയാം. നമുക്കെല്ലാവർക്കും അറിയാം, ബാബർ ഈ ക്ഷേത്രം നശിപ്പിച്ചെന്ന്. ഭാരതത്തിലെ ഈ ക്ഷേത്രം മാത്രമല്ല ബാബർ നശിപ്പിച്ച് പകരം മോസ്കുകൾ പണിഞ്ഞത്. ബാബർ ഭാരതത്തിൽ മൂന്ന് മുസ്ലിംപള്ളികൾ പണിതിട്ടുണ്ട്. ഈ പള്ളികൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ പ്രധാനമാണ്. ബാബർ പണിത ആദ്യത്തെ പള്ളി പാനിപ്പത്തിൽ (Panipat) ആണ്. എന്തുകൊണ്ടാണ് പാനിപ്പത്തിൽ പണിഞ്ഞത്? ഇവിടെവച്ചാണ് ബാബർ ലോധി രാജംവശത്തെ തോൽപ്പിച്ച്, വിശാലമായ വടക്കേഇന്ത്യയുടെ അധിപനായത്. പാനിപ്പത്തിലെ മോസ്ക് ഇപ്പോഴും അവിടെയുണ്ട്. ബാബർ നിർമിച്ച രണ്ടാമത്തെ മോസ്ക് Sambhal-ൽ ആണ്. എന്തുകൊണ്ട് സംഭലിൽ പണിതു? ഒരു ക്ഷേത്രം സംഭലിൽ അന്നേയുണ്ടായിരുന്നു. ഹൈന്ദവ വിശ്വാസപ്രകാരം, സംഭലിലാണ് വിഷ്‌ണുവിന്റെ അവസാന അവതാരം പിറവിയെടുക്കുക – കൽക്കി! ബാബർ അദ്ദേഹത്തിന്റെ സൈന്യാധിപരോടു ക്ഷേത്രം തകർക്കാൻ ഉത്തരവിട്ടു. പിന്നെ, അതേ സ്ഥലത്ത് ഒരു മോസ്ക് പണികഴിപ്പിച്ചു. മോസ്കിലുള്ള ശിലാലിഖിതം വ്യക്തമാക്കുന്നത്, ബാബറിന്റെ കല്പനയാൽ പള്ളി നിർമിക്കപ്പെട്ടു എന്നാണ്. തകർക്കപ്പെട്ട ക്ഷേത്രത്തിന്റെ ഭാഗങ്ങൾ മോസ്ക് നിർമാണത്തിനു ഉപയോഗിച്ചതായി കാണാം. ഇവിടെ ശ്രദ്ധേയമായ പോയിന്റ് എന്തെന്നാൽ, ഈ ക്ഷേത്രം തകർത്തെന്നു ബാബർ എങ്ങും പറയുന്നില്ല. ഇതുപോലെ, അയോധ്യയിലെ ക്ഷേത്രം തകർത്തെന്നു ബാബർ പറയുന്നില്ലെങ്കിൽ തന്നെയും, അത് ശരിയാണെന്ന് അർത്ഥമില്ല. കാരണം സംഭലിലെ ക്ഷേത്രത്തെ കുറിച്ചും ബാബർ പരാമർശിക്കുന്നില്ല. അദ്ദേഹം സംഭൽ സന്ദർശിക്കുന്നത് മോസ്ക് നിർമിച്ചശേഷമാണ്. അപ്പോഴും ബാബറിന്റെ ജീവചരിത്രമായ ‘ബാബർനാമ’യിൽ അദ്ദേഹം ഇതേപ്പറ്റി സൂചിപ്പിക്കുന്നില്ല. രസകരമെന്നു പറയട്ടെ, അക്ബറിന്റെ ആസ്ഥാന ചരിത്രകാരനായ അബുൾ ഫസൽ, സംഭൽ ഹിന്ദുക്കൾക്കു വളരെ പ്രാധാന്യമുള്ള സ്ഥലമാണെന്നു പറയുന്നുണ്ട്. പക്ഷേ, ക്ഷേത്രം ബാബർ തകർത്തുവെന്ന് അബുൾ പറന്നില്ല. ഇതുപോലെ തന്നെ, സോമനാഥ് ഹിന്ദുക്കൾക്കു വളരെ പ്രധാനമായ സ്ഥലമാണെന്ന് അബുൾ സൂചിപ്പിക്കുന്നു. പക്ഷേ, തുർക്കി ആക്രമണകാരികൾ സോമനാഥ് തകർത്ത കാര്യം അബുൾ മിണ്ടുന്നില്ല… ഇങ്ങിനെ, ഈ മൂന്ന് മോസ്കുകളാണ് ബാബർ നിർമിച്ചത്.

എന്തൊക്കെ തെളിവുകളാണ് നമുക്കുള്ളത്, അയോധ്യയിലെ ക്ഷേത്രധ്വംസനത്തെ കുറിച്ചുള്ള രചനാപരമായ തെളിവുകൾ? 18, 19 നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട ധാരാളം ചരിത്രരചനകൾ നിലവിലുണ്ട്. അറബിയിൽ, പേർഷ്യനിൽ, ഉർദുവിൽ. ഇവയിലൊരു ചരിത്രവും ബാബറി മസ്ജിദ് നിർമിച്ചത് ശൂന്യമായിക്കിടന്ന സ്ഥലത്താണെന്ന് പറയുന്നില്ല. 18, 19 നൂറ്റാണ്ടിലെ പേർഷ്യൻ അറബിക്, ഉർദു ചരിത്രപുസ്തകങ്ങൾ വ്യക്തമായി പറയുന്നത്, ക്ഷേത്രം തകർത്ത് പകരം മോസ്ക് പണിയാൻ ബാബർ ഉത്തരവിട്ടു എന്നാണ്. ഒരുപുസ്തകവും ഇക്കാര്യത്തിൽ മറിച്ചു പറയുന്നില്ല. ഞാൻ പറയുന്നത് അറബിക്, പേർഷ്യൻ, ഉർദു ഉറവിടങ്ങളെ കുറിച്ചാണ്. ധാരാളം പണ്ഢിതർ ഈ ഉറവിടങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ അവസരത്തിൽ, ഒരു പുസ്തകത്തെ പ്രത്യേകം എടുത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിന്റെ പേര് Tarikh-e-Avadhi എന്നാണ്. 1869-ൽ എഴുതപ്പെട്ട ഈ പുസ്തകം, നൂറുവർഷങ്ങൾക്കു ശേഷം 1969-ൽ പ്രസിദ്ധീകരിച്ചു. ഈ പുസ്തകം എഴുതിയ വ്യക്തി ഒരു ദൃക്‌സാക്ഷിയാണ്. അദ്ദേഹം ജീവിച്ചിരുന്നത് Awadh-ലെ അവസാന നവാബിന്റെ ഭരണക്കാലത്താണ്. ആൾ അവിടെ നടന്ന പല സംഭവങ്ങളുടേയും ദൃക്‌സാക്ഷിയാണ്. അദ്ദേഹം എഴുതുന്നു – “ഇപ്പോൾ ഹിന്ദുക്കൾ ബാബറി മസ്ജിദിന്റെ ചുമതലക്കാർക്കു കൈക്കൂലി കൊടുക്കാൻ തുടങ്ങിയിരിക്കുന്നു. മസ്ജിദിന്റെ ഉള്ളിൽ അവർ ആരാധനയും ആരംഭിച്ചു”. ഇപ്രകാരം അറബിക്, പേർഷ്യൻ, ഉർദു രചനകൾ ഉൾപ്പെടെ, നമ്മുടെ കയ്യിലുള്ള എല്ലാ തെളിവുകളും പറയുന്നത് ക്ഷേത്രം തകർത്ത ശേഷം, അതിന്റെ സ്ഥാനത്തു മസ്ജിദ് പണിഞ്ഞു എന്നാണ്. മുമ്പ് പറഞ്ഞ ഗ്രന്ഥം, ഹിന്ദുക്കൾ മുസ്ലിം ഗവൺമെന്റ് ഉദ്യോഗസ്ഥർക്കു കൈക്കൂലി കൊടുത്ത്, ബാബറി മസ്ജിദിനുള്ളിൽ പ്രാർത്ഥന ആരംഭിച്ചെന്നും പറയുന്നു.

മറ്റെന്തൊക്കെ പരാമർശങ്ങളാണ് പേർഷ്യനിൽ ഉള്ളത്? അബു ഫസൽ ഉണ്ട്, അക്ബറിന്റെ ഔദ്യോഗിക ചരിത്രകാരൻ. അയോധ്യ ഹിന്ദുക്കളുടെ പുണ്യദേശമാണെന്നു അദ്ദേഹം പറയുന്നു. കാരണം ശ്രീരാമൻ ജനിച്ചത് അവിടെയാണ്. രാമനവമി ഉൽസവത്തിനു ധാരാളം ഭക്തർ അയോധ്യ സന്ദർശിച്ച് പ്രാർത്ഥന നടത്താറുണ്ട്. പേർഷ്യൻ ഭാഷയിൽ അയോധ്യയെക്കുറിച്ചുള്ള പരാമർശമാണിത്. മറ്റൊരു രസകരമായ തെളിവ് കൂടിയുണ്ട്. 1600-ൽ, അക്ബർ ആറ് ബീഗ ഭൂമി ഹനുമാൻ ടീല-യിലെ ചില നിർമാണപ്രവർത്തികൾക്കു നൽകിയിരുന്നു. നൂറുകൊല്ലത്തിനു ശേഷം, അക്ബറിന്റെ ഈ ദാനം പുതുക്കേണ്ടതുണ്ടായിരുന്നു. അപ്രകാരം, 1723-ൽ എല്ലാ രേഖകളൂം പരിശോധിക്കപ്പെട്ടു. അക്കാലത്തെ മുഗൾ ഭരണാധികാരി ദാനം പുതുക്കാനും വിധിച്ചു. പകർപ്പെഴുത്തുകാരൻ പുതുക്കൽ രേഖയിൽ എഴുതി – “അക്ബർ 1600-ൽ അനുവദിച്ച ഈ ദാനം 1723-ൽ പുതുക്കുകയാണ്. പകർപ്പെഴുത്തുകാരനായ ഞാൻ ഇതെഴുതുന്നത് ശ്രീരാമ ജന്മഭൂമിയിൽ നിന്നാണ്”. 1723-ൽ, പേർഷ്യൻ ഭാഷയിൽ ഈ രേഖ എഴുതിയ പകർപ്പെഴുത്തുകാരൻ പറയുന്നത്, അദ്ദേഹം ശ്രീരാമ ജന്മഭൂമിയിൽനിന്ന് എഴുതുന്നു എന്നാണ്. ഇതുവരെ ഞാൻ പറഞ്ഞത് എന്തെന്നാൽ, അറബിക് പേർഷ്യൻ ഉർദു ഭാഷകളിലുള്ള ഒരു രചനയും, ബാബറി മസ്ജിദ് നിർമിച്ചത് ഒഴിഞ്ഞ ഭൂമിയിലാണെന്നു പറയുന്നില്ല. അബുൾ ഫസലിനെ പോലുള്ള പേർഷ്യൻ വക്താക്കളും, പകർപ്പെഴുത്തുകാരനും പറയുന്നത് അയോധ്യ പുണ്യഭൂമിയാണ്, കാരണം ശ്രീരാമൻ അവിടെ ജനിച്ചു… എന്നാണ്. ഇക്കാര്യത്തിനു അങ്ങിനെ അംഗീകാരമായി.

സത്യത്തിൽ എന്താണ് രാമജന്മഭൂമിയിൽ സംഭവിക്കുന്നത്. ഇതറിയാൻ, നമുക്ക് രണ്ട് യൂറോപ്യൻ രേഖകളുണ്ട്. ആദ്യത്തേത് എഴുതിയത് വില്യം ഫിഞ്ച് ആണ്. അദ്ദേഹം അയോധ്യയിലേക്കു വന്നത്, രാമക്ഷേത്രം തകർത്തിട്ടു 80 വർഷങ്ങൾക്കു ശേഷമാണ്. വില്യം ഫിഞ്ച് പറയുന്നു – “ഹിന്ദുക്കൾ ഇവിടെ തീർത്ഥാടനത്തിനു വന്ന്, സരയൂനദിയിൽ സ്‌നാനം നിർവഹിക്കുന്നു. അവിടെയുള്ള ബ്രാഹ്മണർ സ്ഥലത്തെത്തി, തീർത്ഥാടനത്തിനു വന്ന എല്ലാവരുടേയും പേരുകൾ ശേഖരിക്കുന്നു”. വില്യം ഫിഞ്ച് അയോധ്യയിൽ മുസ്ലിം സാന്നിധ്യമുണ്ടെന്നോ നമാസ് നടക്കാറുണ്ടെന്നോ പറയുന്നില്ല. അദ്ദേഹം അവിടത്തെ ഹിന്ദുക്കളെ കുറിച്ചു മാത്രമേ പരാമർശിക്കുന്നുള്ളൂ. രണ്ടാമത്തെ യൂറോപ്യൻ രേഖ ജെസ്യൂട്ട് പുരോഹിതനായ ജോസഫ് ടിഫിൻ തേള എഴുതിയതാണ്. അസാധാരണ വ്യക്തിത്വത്തിനു ഉടമയായ ടിഫിൻ തേള, 40 വർഷത്തോളം ഭാരതത്തിൽ താമസിച്ചിട്ടുണ്ട്. അദ്ദേഹം ഭാരതത്തിന്റെ മിക്കഭാഗങ്ങളിലും സഞ്ചരിച്ച്, ഭൂപ്രകൃതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വളരെ പ്രയോജനപ്രദമായ വിവരങ്ങൾ നൽകുന്നു. അദ്ദേഹം അയോധ്യയിൽ (അവധ്) 7-8 വർഷം താമസിച്ചു. ടിഫിൻ തേള-യുടെ പുസ്തകത്തിൽ, അയോധ്യയിൽ അദ്ദേഹം കണ്ട കെട്ടിടത്തിന്റെ രേഖാചിത്രം വരെയുണ്ട്. പുസ്തകത്തിൽ അദ്ദേഹം അഭിപ്രായപ്പെടുന്നു – “ഞാൻ അയോധ്യയിലാണ് ഇപ്പോൾ. ഇവിടെ ഹിന്ദുക്കൾ ഒരു Bedi/Vedi നിർമിച്ചിട്ടുണ്ട്. Bedi എന്നാൽ കൊച്ചുകുട്ടികൾക്കുള്ള തൊട്ടിൽ. ഹിന്ദുക്കൾ ഇതിനു ചുറ്റും വലംവയ്ക്കാറുണ്ട്. രാമനവമിയുടെ സമയത്ത് ധാരാളം ഭക്തർ ശ്രീരാമ ജന്മദിനം ആഘോഷിക്കാൻ വന്നെത്തും”. ഇപ്രകാരം ജോസഫ് ടിഫിൻ തേള-യും അയോധ്യയിൽ മുസ്ലിങ്ങളോ നമാസോ ഉണ്ടെന്ന് പറയുന്നില്ല. അങ്ങിനെയാണെങ്കിൽ, ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്ന ഒന്നാമത്തെ ചോദ്യം, ബാബറോ അദ്ദേഹത്തിന്റെ സൈന്യാധിപനോ അയോധ്യയിൽ വന്ന് ക്ഷേത്രം തകർത്തു; തൽസ്ഥാനത്ത് മസ്‌ജിദ് പണിഞ്ഞു; പക്ഷേ മസ്ജിദ് ഉപയോഗിക്കാൻ അവിടെ മുസ്ലിങ്ങൾ ഇല്ലാത്തതിനാൽ അവർ സ്ഥലംവിട്ടു… നാം ഇങ്ങിനെ കരുതണോ? സത്യത്തിൽ, മസ്ജിദ് പണിഞ്ഞത് ആ ഭൂമി കയ്യേറാൻവേണ്ടി മാത്രമായിരുന്നു. ഞാൻ ഉദ്ദേശിച്ചത് നിങ്ങൾക്കു മനസ്സിലായെന്നു കരുതട്ടെ. മസ്ജിദ് ഉപയോഗിക്കാൻ മുസ്ലിങ്ങൾ ഇല്ലാതിരുന്നിട്ടും, ക്ഷേത്രം തകർത്തു പള്ളി പണിതത്, ആ സ്ഥലം കയ്യടക്കാൻ വേണ്ടിയായിരുന്നു. ഇത് സംഭാവ്യമാണ്. കാരണം, രണ്ട് ദൃക്‌സാക്ഷി വിവരണം നമുക്കുണ്ട്. ഇവയുടെ സത്യാവസ്ഥയെ നമുക്ക് ചോദ്യം ചെയ്യാനാകില്ല. ഈ വിവരണങ്ങൾ അയോധ്യയിൽ ഹൈന്ദവർ ഉണ്ടെന്നു പറയുമ്പോഴും, മുസ്ലിങ്ങളെ കുറിച്ച് പരാമർശിക്കുന്നില്ല. അതിനാൽ, സ്ഥലം കയ്യടക്കാനാണ് മസ്ജിദ് പണിഞ്ഞതെന്ന നിഗമനം ശരിയാകാൻ സാധ്യതയുണ്ട്.   

ഇനി അയോധ്യാ പ്രശ്നത്തിലേക്കു കടക്കാം. ഇക്കാര്യത്തിൽ നാം വളരെ ഭാഗ്യവാന്മാരാണ്. കാരണം, ഈ തർക്കത്തെ കുറിക്കുന്ന, 1822 മുതലുള്ള രേഖകൾ ജില്ലാ കോടതിയിൽ ഉണ്ട്. ഇത്തരത്തിലുള്ള ആദ്യത്തെ തെളിവ്, ഹഫീസുള്ള എന്ന കോടതി ഉദ്യോഗസ്ഥൻ സമർപ്പിച്ച കുറിപ്പാണ്. ഫൈസാബാദ് ജില്ലാകോടതിയിൽ സമർപ്പിച്ച ഈ കുറിപ്പ്, ബാബറി മസ്‌ജിദ് നിർമിച്ചത് രാമക്ഷേത്രം തകർത്തിട്ടാണെന്നും, സീതാ-കി-രസോയി (സീതയുടെ അടുക്കള) തൊട്ടടുത്താണെന്നും പറയുന്നു. രാമക്ഷേത്രത്തേയും സീത-കി-രസോയിയേയും കുറിച്ചുള്ള ശരിയായ പരാമർശമാണിത്. കോടതി ഉദ്യോഗസ്ഥനാണ് ഇത് ഫൈസാബാദ് കോടതിയിൽ സമർപ്പിച്ചത്.

പിന്നീട്, 1855-ൽ അതീവപ്രധാന്യമുള്ള മറ്റൊന്ന് സംഭവിച്ചു. ബ്രിട്ടീഷ് റസിഡന്റ് അയോധ്യയിലെ (Awadh) നവാബിനു ഒരു കത്തെഴുതി. നവാബ് അന്നു സ്ഥാനഭ്രഷ്ടനായിരുന്നില്ല. അത് സംഭവിക്കുന്നത് 1857-ലെ സ്വാതന്ത്ര്യസമരത്തിനു ശേഷമാണ്. നവാബിനുള്ള കത്തിൽ ബ്രിട്ടീഷ് റസിഡന്റ് പറയുന്നു – “ഗുലാം ഹുസൈൻ എന്നൊരു സുന്നി നേതാവ് ഒരു സംഘത്തെയുണ്ടാക്കി ഹനുമാൻ ഗർഹി ആക്രമിക്കാൻ പോവുകയാണ്. അതിനാൽ സൈന്യത്തെ അയച്ച് ഹുസൈനെ തടയുക. ഹനുമാൻ ഹർഹി സംരക്ഷിക്കുക”. എന്നാൽ നവാബ് ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. ഇതേത്തുടർന്ന് ഒരു സംഘടനം ഉണ്ടായി. എന്നാൽ ജൂലൈയിൽ രൂക്ഷമായ കലാപം നടന്നു. ഗുലാം ഹുസൈനും സംഘവും ഹനുമാൻ ഗർഹി ആക്രമിച്ചു. ഹിന്ദുക്കൾ ഹനുമാൻ ഗർഹി സംരക്ഷിക്കാൻ ചെറുത്തുനിന്നു. ഇതിൽ 70 മുസ്ലിങ്ങൾ കൊല്ലപ്പെട്ടു. സത്യത്തിൽ, എന്തുകൊണ്ടാണ് മുസ്ലിങ്ങൾ ഹനുമാൻ ഗർഹി ആക്രമിച്ചത്? അവരുടെ അഭിപ്രായത്തിൽ, ഒരു മസ്ജിദ് ഹനുമാൻ ഗർഹിക്കു ഉള്ളിലുണ്ട്. അതുകൊണ്ട് ഹിന്ദുക്കൾ ഹനുമാൻ ഗർഹി കൈമാറണം. ഇതിനാണ് 70 പേർ കൊല്ലപ്പെട്ട രണ്ടാമത്തെ സംഘടനം നടന്നത്. സംഘടനത്തിനു ശേഷം ബ്രിട്ടീഷ് റസിഡന്റ് രണ്ട് ഉടമ്പടികൾ അയോധ്യയിലെ നവാബിനു അയച്ചു. നവാബിനു ലഭിച്ച ഈ ഉടമ്പടികളിൽ, അദ്ദേഹം ബൈരാഗികളെ (Bairagi) കൊണ്ട് ഒപ്പിടുവിച്ചു. ബൈരാഗികൾക്കാണ് ഹനുമാൻ ഗർഹിയുടെ നിയന്ത്രണം. ആദ്യത്തെ ഉടമ്പടിയിൽ ബൈരാഗികൾ, തങ്ങൾക്കു മുസ്ലിങ്ങളോടു ശത്രുതയില്ല, സൗഹാർദ്ദ മനോഭാവമാണ് ഉള്ളതെന്നു പറഞ്ഞു. തങ്ങളെ ആക്രമിച്ചെങ്കിൽ കൂടിയും, മുൻകാലങ്ങളിൽ അനുവർത്തിച്ച സൗഹൃദനിലപാട് ഇനിയും തുടർന്നുകൊള്ളാമെന്നു ബൈരാഗികൾ കൂട്ടിച്ചേർത്തു. രണ്ടാമത്തെ ഉടമ്പടിയിൽ ബൈരാഗികൾ അഭിപ്രായപ്പെട്ടത്, ഒരു സ്വതന്ത്ര്യ അന്വേഷണം, ഹനുമാൻ ഗർഹിക്കുള്ളിൽ മസ്ജിദ് ഉണ്ടെന്ന് കണ്ടെത്തിയാൽ കെട്ടിടം മുഴുവൻ കൈമാറാം എന്നാണ്. ഇക്കാര്യത്തിൽ ഒരു ഏറ്റുമുട്ടലും ഉണ്ടാകില്ല. ഇതിനുശേഷം അവർ നവാബിനോടു പറഞ്ഞു – “താങ്കളുടെ പൂർവ്വികരാണ് ഹനുമാൻ ഗർഹിയിൽ ഞങ്ങൾക്കു സ്ഥലം തന്നത്. അവിടെ ഒരു മസ്ജിദ് ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ഒരിക്കലും അങ്ങിനെ ചെയ്യില്ലായിരുന്നു. മസ്ജിദ് ഉണ്ടായിരുന്നെന്ന് അവർ പറഞ്ഞിട്ടുമില്ല”. ബൈരാഗികൾ മുൻനവാബുമാരുടെ ഉത്തരവുകളുടെ പകർപ്പ് ഹാജരാക്കി. അതോടെ അയോധ്യയിലെ നവാബിനു എന്തുചെയ്യണമെന്നു ഒരു എത്തുംപിടിയും കിട്ടിയില്ല. അതിനാൽ അദ്ദേഹം ഒരു ഒത്തുതീർപ്പ് ഫോർമുല മുന്നോട്ടുവച്ചു – ഹനുമാൻ ഗർഹിക്ക് സമീപം ഒരു മസ്ജിദ് നിർമിക്കുക. പക്ഷേ, ഹനുമാൻ ഗർഹിയിലെ സന്യാസികൾ ഈ നിർദ്ദേശം അവർക്കു സ്വീകാര്യമല്ലെന്നു പറഞ്ഞു. അപ്പോൾ പരിഹാരത്തിനായി ഒരു സ്വതന്ത്രസമിതി രൂപീകരിക്കപ്പെട്ടു. സമിതിയുടെ കണ്ടെത്തൽ, ഹനുമാൻ ഗർഹിയിൽ ഒരിക്കലും മസ്ജിദ് ഉണ്ടായിരുന്നില്ലെന്നാണ്. സമിതിയുടെ റിപ്പോർട്ട് പരസ്യമാക്കിയപ്പോൾ, ജിഹാദി ശക്തികൾ വളരെ രോഷാകുലരായി. അമീർ അലി എന്ന അവരുടെ നേതാവ് വലിയൊരു സേനയെ ഹനുമാൻ ഗർഹി ആക്രമിക്കാനായി സംഘടിപ്പിച്ചു. ബ്രിട്ടീഷുകാർ അദ്ദേഹത്തെ പിന്തിരിപ്പിക്കാനും, വിഷയം ചർച്ച ചെയ്യാനും ശ്രമിച്ചു. എന്നാൽ അമീർ അലി വഴങ്ങിയില്ല. അതുകൊണ്ട്, അയോധ്യയെ ആക്രമിക്കുന്നതിനു മുമ്പ് ബ്രിട്ടീഷുകാർ അദ്ദേഹത്തെ വധിച്ചു. ഇതാണ് അയോധ്യനഗരത്തിൽ, 1855-ൽ രേഖപ്പെടുത്തപ്പെട്ട, ആദ്യത്തെ സായുധസംഘർഷം.

(തുടരും….)