ആദ്യം തന്നെ ശ്രീജൻ ഫൗണ്ടേഷനോടു ഞാനെന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു. ഈ പ്രഭാഷണത്തിനു അവസരമൊരുക്കിയ അഭിനവ് പ്രകാശ് സിംങ്, രാഹുൽ ദിവാൻ, അലോക് ഗോവിൽ, പിയൂഷ് ജെയിൻ എന്നിവർക്കു നന്ദി. എന്നെക്കുറിച്ച് ഒരു ആമുഖം അവരിവിടെ നൽകിക്കഴിഞ്ഞു. അഭിഭാഷകർക്കു പൊതുവെ അവരെപ്പറ്റി ധാരാളം സ്വയം സംസാരിക്കുന്ന ഒരു ശീലമുണ്ട്. ഇവിടെ ഞാനതിനു തുനിയുന്നില്ല, നേരെ വിഷയത്തിലേക്കു കടക്കുകയാണ്.

താങ്കൾ പറഞ്ഞവസാനിപ്പിച്ച ആമുഖത്തിൽനിന്നു ഞാൻ പറഞ്ഞു തുടങ്ങാം. ഈ രാജ്യത്ത് ഭൂരിപക്ഷ സമുദായം വിവേചനത്തിനു വിധേയമാകുന്നത് വിരോധാഭാസമാണെന്ന് താങ്കൾ പറഞ്ഞു. എന്നാൽ ഇതിൽ വിരോധാഭാസമോ അൽഭുതകരമായോ ഒന്നുമില്ലെന്നു ഞാൻ കരുതുന്നു. ഈ വികാരം പങ്കുവയ്ക്കുന്നത് ഞാൻ മാത്രമാണെന്നും തോന്നുന്നില്ല. ഭാഗ്യവശാൽ ഈ രാജ്യത്തെ ഒരു നല്ലവിഭാഗം ജനങ്ങൾ കാര്യങ്ങളെപ്പറ്റി ഇപ്പോൾ ബോധവാന്മാരാണ്. ചുറ്റിലും നടക്കുന്ന സംഭവങ്ങൾ അവർ ശ്രദ്ധിക്കുന്നുണ്ട്. സ്വന്തം ജീവിതത്തിൽ മാത്രം ശ്രദ്ധിച്ച്, ജീവിക്കുന്ന ശരാശരി മദ്ധ്യവർഗ്ഗക്കാരനും കാര്യങ്ങളുടെ ഗൗരവം പിടികിട്ടിയിട്ടുണ്ട്. ഈ രീതിയിൽ ജീവിതം തുടർന്നാൽ കുറച്ചുകാലത്തിനു ശേഷം അതിജീവനം ബുദ്ധിമുട്ടാകുമെന്ന് അവരും മനസ്സിലാക്കിക്കഴിഞ്ഞു.

വിഷയത്തിന്റെ കാതലായ ഭാഗം സ്പർശിക്കുന്നതിനു മുമ്പ്, ചില കാര്യങ്ങൾ എനിക്കു സൂചിപ്പിക്കേണ്ടതുണ്ട്. ഒരുവൻ ഗൂഗിളിൽ തിരഞ്ഞാൽ എത്രവേണമെങ്കിലും ലേഖനങ്ങൾ ലഭിക്കും. ക്ഷേത്രങ്ങൾ കയ്യേറിയതും, ക്ഷേത്രസ്വത്തുക്കൾ കയ്യേറി അന്യാധീനപ്പെട്ടതും, വജ്രങ്ങൾ മോഷ്ടിക്കപ്പെട്ടതുമായ വിഷയങ്ങൾ അടങ്ങിയ ലേഖനങ്ങൾ. പാട്ടത്തിനു കൊടുത്ത വസ്തുവകകളിൽ നിന്നു ലഭിക്കുന്ന തുശ്ചവരുമാനവും ലേഖനങ്ങളിൽ വരാറുണ്ട്. ധാരാളം ഡാറ്റ ഇവയിലുണ്ട്.

ഞാൻ പുതുതായ കുറച്ചു കാര്യങ്ങൾ പറയണമെന്നില്ല. അവ പൊതുമണ്ഢലത്തിൽ ഇപ്പോൾ തന്നെയുണ്ട്. എങ്കിൽ എന്തുകൊണ്ടാണ് ഇത്തരം അന്യായമായ കാര്യങ്ങളോടു ഹൈന്ദവർ പ്രതികരിക്കാത്തത്? എന്തുകൊണ്ടാണ് ഈ വിഷയങ്ങളിൽ സക്രിയമായ സമീപനം എടുക്കാത്തത്? ചുറ്റിലും സംഭവിക്കുന്ന പ്രശ്നഭരിതമായ കാര്യങ്ങളോടു അതേതോതിൽ പ്രതികരിക്കാനുള്ള സന്നദ്ധത എന്തുകൊണ്ട് ജനങ്ങൾ എടുക്കുന്നില്ല?

മിക്ക സന്ദർഭങ്ങളിലും ഇത് കാതലായ പ്രശ്നങ്ങളെ സ്പർശിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു.  ഈ ചോദ്യങ്ങളുടെ ഉത്തരം കിടക്കുന്നത് ജനങ്ങളുടെ മനോഭാവം, അറിവ്, ഉദ്യമിക്കാനുള്ള സന്നദ്ധത എന്നിവയിലാണ്. ഇപ്പോഴത്തെ സാഹചര്യങ്ങൾക്കു മറ്റൊന്നിനേയും പഴിചാരുന്നതിൽ അർത്ഥമില്ല. ഉദാസീനതയാണ് പ്രധാനപ്രശ്നം. ഇതിന്റെ അനന്തരഫലം വ്യക്തമായി കാണണമെങ്കിൽ, ചില സംസ്ഥാനങ്ങളിൽ, ക്ഷേത്രഭരണം സംബന്ധിച്ചുള്ള നിയമങ്ങളിൽ കണ്ണോടിച്ചാൽ മതി. നിയമപരിശീലനം ലഭിച്ചിട്ടില്ലാത്ത, നിയമങ്ങളും നിയമവ്യവസ്ഥകളും വ്യാഖ്യാനിക്കാൻ കഴിവില്ലാത്ത വ്യക്തികൾ പോലും, ഈ നിയമങ്ങൾ അസാധുവാക്കാൻ ആവശ്യപ്പെടുകയാണ്. ഇത് അൽഭുതകരമാണ്.

സത്യത്തിൽ, ഈ വിഷയങ്ങളിൽ ഞാൻ എഴുത്ത് തുടങ്ങിയത് 2015 ഡിസംബർ മുതലാണ്. അതിനുമുമ്പ് ഒരു പ്രാഥമിക വായനയാണ് നടത്തിക്കൊണ്ടിരുന്നത്. ക്ഷേത്രങ്ങളെ കുറിച്ചുള്ള ഈ നിയമനിർമാണങ്ങൾ വായിച്ചപ്പോൾ, ഞാൻ ആദ്യംതന്നെ സ്വയമൊരു ചോദ്യം ചോദിച്ചു – നിയമങ്ങൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ എന്തുകൊണ്ട് ഇത്രയും കാലമെടുത്തു? ഇവയിൽ ചില നിയമങ്ങൾ 1927-ൽ പാസാക്കിയതാണ്. മറ്റുചിലത് 1951, 1954 എന്നീ വർഷങ്ങളിൽ. ഇപ്പോൾ തമിഴ്‌നാടിനു ബാധകമായ 1954-ലെ നിയമനിർമാണത്തിന്റെ മൂലം 1921-ലാണ്. പിന്നീടത് പിൻവലിച്ച്, 1951-ൽ പുതിയ നിയമനിർമ്മാണം നടന്നു.

1954-ലെ ശിവിർ മഠത്തിന്റെ കേസിൽ സുപ്രീംകോടതി ആദ്യമായി ഒരു നിയമനിർമ്മാണം റദ്ദാക്കി. എന്നാൽ, സുപ്രീംകോടതി 1954-ൽ റദ്ദാക്കിയ നിയമവും, അതിനു ശേഷം രൂപീകരിച്ച നിയമവും ആരെങ്കിലും താരതമ്യം ചെയ്തുനോക്കിയാൽ, അവ തമ്മിൽ എന്താണ് വ്യത്യാസമെന്നു അവർ ചോദിക്കും. സത്യത്തിൽ അവ തമ്മിൽ വ്യത്യാസമില്ല. കോടതി റദ്ദാക്കിയതും, ഇന്നു നിലവിലുള്ളതും എന്താണെന്ന് മനസ്സിലാക്കാൻ, രണ്ടു നിയമങ്ങളുടേയും മൂല-അർത്ഥ താരതമ്യത്തിനു ആരും മിനക്കെട്ടില്ല. അടിസ്ഥാനപരമായി ഭരണഘടനാപരമല്ലാത്തതെന്ന് വിധിച്ച്, രാജ്യത്തെ സുപ്രീംകോടതി റദ്ദാക്കിയ നിയമനിർമ്മാണം വീണ്ടും തിരിച്ചു കൊണ്ടുവരാൻ, നിയമനിർമാണസഭക്കു എങ്ങിനെ ധൈര്യവും പ്രാപ്തിയും ധാർഷ്ട്യവും ലഭിച്ചെന്നു ചോദിക്കാനും ആരും തുനിഞ്ഞില്ല. രണ്ട് സാമൂഹിക-രാഷ്ട്രീയ കാരണങ്ങളിലേക്കു ഇത് നമ്മെ നയിക്കും. അതിലേക്കു കടക്കും മുമ്പ്, അതിനെപ്പറ്റി നമുക്കെന്ത് ചെയ്യാൻ പറ്റുമെന്നും, എന്തുകൊണ്ട് നാം ചിലത് ചെയ്തേ തീരൂവെന്നും നോക്കാം.

ഇങ്ങിനെ പറയേണ്ടി വരുന്നതിൽ എനിക്കു ഖേദമുണ്ട്. എന്തെന്നാൽ, ക്ഷേത്രങ്ങൾക്കു വേണ്ടിയുള്ള വാദങ്ങൾ, നിർഭാഗ്യവശാൽ ഒരു പ്രത്യേക ജാതിയെ മാത്രം ബാധിക്കുന്നതായി മാറിയിരിക്കുന്നു. ഒരു പ്രത്യേക വിഭാഗം, സമൂഹം, സമുദായം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നമായി ഇത് മാറിക്കഴിഞ്ഞു. അടിസ്ഥാനപരമായി ഇങ്ങിനെ പാടില്ലെന്നു ഞാൻ കരുതുന്നു. തെറ്റായ ഇത്തരം വീക്ഷണങ്ങൾ നാം ഉപേക്ഷിക്കേണ്ടതുണ്ട്. ഒരു ക്ഷേത്രം ഹിന്ദുമതത്തിലുള്ള എല്ലാ ജാതികൾക്കും ഉപജാതികൾക്കും വിഭാഗങ്ങൾക്കും വേണ്ടിയുള്ളതാണ്. അക്കാര്യത്തിൽ തെറ്റിദ്ധാരണയോ രണ്ടഭിപ്രായമോ വേണ്ട. ഇത് സുവ്യക്ത നിലപാടാണ്.  അതിനാൽ ഒരു ക്ഷേത്രത്തിനു പ്രശ്നംവന്നാൽ, ആ ക്ഷേത്രം നടത്തുന്നത് ഏതെങ്കിലും വിഭാഗമോ, ഉപവിഭാഗമോ, അല്ലെങ്കിൽ കുറച്ചു വിശ്വാസികളോ ആണെന്നതിനു പ്രാധാന്യമില്ല. അവർക്കു സംഭവിച്ചതും അവരെ ബാധിക്കുന്നതും, നിങ്ങളേയും നിങ്ങളുടെ ആത്മീയസ്ഥാപനങ്ങളേയും ഭാവിയിൽ ബാധിക്കും. കാരണം, അതേ പ്രക്രിയകൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കും സാവധാനം വ്യാപിച്ച് എത്തുന്നതാണ്. ഇതിൽനിന്നു രക്ഷപ്പെടുക സാധ്യമല്ല.

നാം ഉദാസീനത വെടിഞ്ഞ്, എന്തുകൊണ്ട് ഇത്രയും കാലം ഉദാസീനരായിരിക്കാൻ കഴിഞ്ഞു എന്ന് സ്വയം ചോദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഉദാസീനതയുടെ കാരണം ലളിതമാണെന്ന് ഞാൻ കരുതുന്നു. ഭൗതികലോകത്തെ പ്രശ്നങ്ങളോടു നമുക്കൊരു തത്ത്വജ്ഞാനപരമായ സമീപനമുണ്ട്. സനാതന ധർമ്മം ആണെങ്കിൽ അത് സനാതനമായി തന്നെ തുടരും! സനാതനധർമ്മത്തിൽ തുടർച്ചയുണ്ടാകുമെന്നു ചുരുക്കും. ഇതുവരെ അങ്ങിനെയായിരുന്നു. കാലത്തിന്റേയും ചരിത്രത്തിന്റേയും കെടുതികളെ സനാതനധർമ്മം അതിജീവിച്ചു കഴിഞ്ഞു. അതുകൊണ്ട് ഭാവിയിലും ഇത് അതിജീവനത്തിനു ശേഷിയുള്ളതാണ്. കാലപ്രവാഹത്തിന്റെ ഇടയിൽപ്പെട്ട് സനാതനധർമ്മം തകർന്നു പോകില്ല. ഇതാണ് ഉദാസീനതക്കു നാം നൽകുന്ന നീതീകരണം. നമ്മുടെ ഭീരുത്വം, ദൗർബല്യം, കൂട്ടായതും ഒത്തൊരുമയുള്ളതുമായ പ്രവർത്തനത്തിന്റെ അഭാവം., എന്നിവയിൽ നിന്നാണ് ഈ നീതീകരണമുണ്ടാകുന്നത്. നാം അഭിമുഖീകരിക്കേണ്ട ആദ്യത്തെ കാര്യമിതാണെന്ന് ഞാൻ കരുതുന്നു.

പൊതുജനങ്ങൾക്കായി ചില കാര്യങ്ങൾ പറയാം. ഇതുപറയാൻ ഞാൻ തിടുക്കപ്പെട്ടിരിക്കുകയായിരുന്നു. കാരണം, എന്താണ് സംഭവിക്കുന്നതെന്നതിന്റെ സൂചനയാണിത്. നാമിന്ന് എവിടെ എത്തിനിൽക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരവും ഇത് നൽകും. 1966-ൽ സുപ്രീംകോടതി, ആന്ധ്രപ്രദേശ് സർക്കാർ സൂപീകരിച്ച ഒരു നിയമത്തിന്മേൽ, പുറപ്പെടുവിച്ച വിധിയിൽനിന്നു ഞാൻ ചില കാര്യങ്ങൾ പരാമർശിക്കുകയണ്. ഈ നിയമം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, ഒരു പ്രത്യേകവാദം ഉന്നയിക്കപ്പെട്ടു. അതായത് ഈ നിയമനിർമാണം ഹൈന്ദവർക്കു മാത്രമേ ബാധകമാവുള്ളൂ! എന്തുകൊണ്ടാണ് ഈ നിയമനിർമ്മാണങ്ങൾ ഹൈന്ദവസ്ഥാപനങ്ങൾക്കു മാത്രം ബാധകമാകുന്നത്? എന്താണ് ഹൈന്ദവസ്ഥാപനങ്ങൾക്കു മാത്രമായുള്ള പ്രത്യേകത?

ഇക്കാര്യം ഇനി പറയുംവിധം പരിശോധിക്കാം. രാഹുൽ ഒരു സ്കൂളിന്റെ പ്രിൻസിപ്പലോ, ഒരു ക്ലാസിലെ ടീച്ചറോ ആണെന്ന് കരുതുക. ആരെ വേണമെങ്കിലും ശിക്ഷിക്കാനുള്ള അധികാരം രാഹുലിനുണ്ട്. പക്ഷേ, രാഹുൽ ശിക്ഷിക്കാൻ തിരഞ്ഞെടുക്കുന്നത് ഒരു ക്ലാസിലുള്ള എല്ലാ കുട്ടികളേയുമോ, അല്ലെങ്കിൽ ഒരു ക്ലാസിലെ ഒരു കുട്ടിയെ മാത്രമോ ആണ്. ഇതിന്റെ അർത്ഥം വ്യക്തമാണ്. രാഹുലിനു എല്ലാ ക്ലാസിലേയും കുട്ടികളെ, ജാതിമതവർഗ്ഗ ഭേദമന്യെ ശിക്ഷിക്കാനുള്ള അധികാരമുണ്ടെങ്കിലും, രാഹുൽ ഈ അധികാരം പ്രയോഗിക്കുത് ഒരു ക്ലാസിനുമേൽ (സമൂഹത്തിനുമേൽ) മാത്രമാണ്. ഇത് രണ്ടോ മൂന്നോ അനുമാനങ്ങളിലേക്കു നമ്മെ നയിക്കും.

ഒന്നാമതായി, പ്രത്യേക ശ്രദ്ധ അർഹിക്കുന്ന വിദ്യാർത്ഥികളും, സമൂഹവും അവർ മാത്രമാണെന്നു രാഹുൽ വിശ്വസിക്കുന്നു. ഇതിനു കാരണം, അവർ ദുർബലരോ അല്ലെങ്കിൽ അടിസ്ഥാനപരമായ ദൂഷ്യം അവരുടെ സ്വാഭാവത്തിലുണ്ടെന്നതോ ആകാം. തന്മൂലം അവരുടെ സ്വഭാവത്തിൽ മറ്റൊരാൾ ഇടപെടേണ്ടി വരുന്നു. രാഹുലിന്റെ നിഗമനവും, പ്രവൃത്തിയാൽ അദ്ദേഹം നൽകുന്ന സന്ദേശവും ഇതാണ്.

രണ്ടാമതായി, വ്യത്യസ്ത തരക്കാരായവരെ ഒരുപോലെ പരിഗണിക്കുന്നതോ, അല്ലെങ്കിൽ തുല്യനിലയിലുള്ളവരെ തുല്യമല്ലാത്ത വിധം പരിഗണിക്കുന്നതോ അസമത്വമാണ്. ഇതുകൂടാതെ, സമമല്ലാത്ത രീതിയിലുള്ള അധികാരവിനിയോഗവും അസമത്വമാണെന്നു ഞാൻ പറയും. നിങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഏതാനും സമൂഹങ്ങളിൽ തുല്യമായി പ്രയോഗിക്കാതെ/ചെലുത്താതെ, നിങ്ങൾ ഒരു പ്രത്യേക സമൂഹത്തിനു നേരെ മാത്രം ഉന്നംവയ്ക്കുന്നു/പ്രയോഗിക്കുന്നു എങ്കിൽ, ഇത് എന്നെ സംബന്ധിച്ച്, വിവേചനത്തിന്റെ ടെക്സ്റ്റ് ബുക്ക് നിർവചനമാണ്. അക്കാര്യത്തിൽ രണ്ട് പക്ഷമില്ല. ഇക്കാര്യം മനസ്സിലാക്കാൻ നിങ്ങൾ നിയമം, ഭരണഘടന, നീതിന്യായം എന്നിവയിൽ വിദഗ്ധൻ ആകേണ്ടതുമില്ല.

ഇനി ഞാൻ വിധിന്യായം വായിക്കാം. ഹിന്ദുസമൂഹത്തിൽ ഇടപെടുന്നതിനു സാർവ്വജനികമായി പറയുന്ന വാദമാണിത്. ഹൈന്ദവസ്ഥാപനങ്ങളുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ, സർക്കാർ, ജുഡിഷ്യറി (Executive, Government, Judiciary) എന്നീ ഭരണഘടനാ സ്ഥാപനങ്ങൾ പുലർത്തുന്ന മനോഭാവം എന്തെന്ന് ഇത് നിങ്ങളോടു പറയും.

1966-ലെ ഭരണഘടനാ സ്ഥാപനങ്ങളുടെ സമീപനം ശരിയാണോയെന്ന് നിശ്ചയിക്കേണ്ടത് നിങ്ങളാണ്. ആന്ധ്രപ്രദേശ് നിയമസഭ പാസാക്കിയ നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്തു കൊണ്ട്, ഹർജിക്കാരനു വേണ്ടി സമർപ്പിക്കപ്പെട്ട അപേക്ഷ ഇനി പറയുന്നു.

അപേക്ഷ പ്രകാരം, ഹർജിക്കാരുടെ വിദഗ്ധസമിതിയുടെ വാദങ്ങളിലെ ഊന്നൽ, ഇന്ത്യൻ ഭരണഘടനയുടെ 25-26 ആർട്ടിക്കിളുകൾ മതകാര്യങ്ങളിൽ സ്വാതന്ത്ര്യം, അതായത് ഒരുവ്യക്തിക്കു ഇഷ്ടമുള്ള മതത്തിൽ വിശ്വസിച്ച് അത് ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം, എല്ലാ പൗരന്മാർക്കും ഒരുപോലെ ഉറപ്പുനൽകുന്നു എന്നതിലായിരുന്നു. ഹിന്ദുക്കളാണ് രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾ. ഇവർക്കൊപ്പം മുസ്ലിങ്ങൾ, കൃസ്ത്യാനികൾ, പാർസികൾ തുടങ്ങിയ ന്യൂനപക്ഷ മതങ്ങൾക്കും ആർട്ടിക്കിൾ 25-26 പ്രകാരം ഭരണഘടനാപരമായ തുല്യഅവകാശങ്ങൾക്കു അർഹതയുണ്ട്. ന്യൂനപക്ഷമതങ്ങൾ നടത്തി പരിപാലിക്കുന്ന മത-ജീവകാരുണ്യ സ്ഥാപനങ്ങളുടേയും സ്വത്തുവകകളുടേയും ഭരണ-നിയന്ത്രണത്തിൽ ആരും ഇടപെടാനും പാടില്ല. എന്നാൽ ഹൈന്ദവ സ്ഥാപനങ്ങളുടെ മേൽ സർക്കാർ ഇടപെടലുകളുണ്ട്. ഹിന്ദുമത സ്ഥാപനങ്ങളുടെ ഭരണനിർവഹണം നിയന്ത്രിച്ചുകൊണ്ടുള്ള നിയമങ്ങൾ സർക്കാർ പാസാക്കുന്നത് സമത്വം ഉറപ്പാക്കുന്ന ഭരണഘടനയുടെ 14-15 ആർട്ടിക്കിളുകളുടെ ലംഘനമാണ്. അപേക്ഷയിൽ ഉന്നയിക്കപ്പെട്ടിരുന്ന വാദം ഇതാണ്. ആർട്ടിക്കിൾ 26 വഴി സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഭൂരിപക്ഷമതത്തിന്റെ ഭാഗമായ ഒരു സമുദായത്തിനു, ഭൂരിപക്ഷമതത്തെ വർഗ്ഗമായി കണക്കിലെടുത്ത്, ആർട്ടിക്കിൾ 26 ഉറപ്പുനൽകുന്ന അവകാശങ്ങൾ ലഭ്യമാക്കണമെന്നു വാദിക്കപ്പെട്ടു. ഇതിലടങ്ങിയിരിക്കുന്ന അടിസ്ഥാന ആശയം എന്തെന്നാൽ, വൈഷ്‌ണവർ ആർട്ടിക്കിൾ 26-നാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, എല്ലാ ഹൈന്ദവർക്കും അതേ സംരക്ഷണത്തിനു തുല്യാർഹതയുണ്ട് എന്നാണ്. വൈഷ്‌ണവർ ഹൈന്ദവരിലെ ഒരു ഭാഗമാകുന്നതിനാൽ അവരുടെ അധികാരപരിധിയിൽ വരുന്ന സ്ഥാപനങ്ങൾ, അവരുടെ മതവിശ്വാസത്തെ ഹനിച്ചുകൊണ്ട്, ഭരണകൂടനിയമത്തിനു വിധേയമാക്കാൻ പറ്റില്ല. ഹർജിക്കാരുടെ വാദത്തിന്റെ അന്തഃസത്ത ഇങ്ങിനെയാണ്.

അടുത്തതായി, സുപ്രീംകോടതി പറഞ്ഞതെന്തെന്ന് നമുക്ക് നോക്കാം. ഭരണഘടനയുടെ മറ്റു മേഖലകളിൽ, സുപ്രീംകോടതി നടത്തിയിട്ടുള്ള വാദങ്ങളെ ഈ വിധിന്യായം ഓർമിപ്പിക്കും. മതങ്ങൾ, ജീവകാരുണ്യസംഘടനകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വത്തുവകകൾ എന്നിവയുടെ മേൽ ഒരുപോലെ പ്രയോഗിക്കാൻ പറ്റുന്ന നിയമങ്ങൾ നിയമനിർമാണസഭ പാസാക്കേണ്ടതുണ്ടോ എന്നതാണ് കോടതിയുടെ ഒന്നാമത്തെ ചോദ്യം. ഇത്തരം സ്ഥാപനങ്ങൾ സ്ഥാപിച്ച് പരിപാലിക്കുന്നവരിൽ എല്ലാ മതക്കാരുമുണ്ടല്ലോ.

ഇനിയാണ് മതേതരമായ പരിപ്രേക്ഷ്യം വരുന്നത്. ഇന്ത്യയെ പോലെ ബഹുസ്വരമായ ഒരു രാജ്യത്ത്, ജനങ്ങൾ വിവിധ മതവിശ്വാസങ്ങളിലോ അവയുടെ വകഭേദങ്ങളിലോ വിശ്വസിക്കുന്നുണ്ടാകും. ഭരണഘടന നിർമാണ സമയത്തു, വിവിധ ജാതി-മതങ്ങളിൽ ജനിച്ച ഇന്ത്യക്കാരെ ഒത്തൊരുമയോടെ എങ്ങിനെ കൊണ്ടുപോകുമെന്നതിൽ ഭരണഘടനാ ശില്പികൾ പ്രശ്നം നേരിട്ടു. ഭരണഘടനയുടെ നിർദ്ദേശക തത്ത്വങ്ങൾ (Directive Principles) തന്നെ ബഹുസ്വരതയെ ഉയർത്തിപ്പിടിച്ച്, വിവിധ മതവിശ്വാസികൾക്കിടയിൽ ഐക്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. എല്ലാ മതവിഭാഗങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന വ്യക്തിനിയമം അത്യാവശ്യമാണെങ്കിലും, ഒറ്റയടിയ്ക്കു ആ നിയമം നടപ്പിലാക്കിയാൽ, അത് രാജ്യത്തിന്റെ അഖണ്ഢതയ്ക്കും ഐക്യത്തിനും വിഘാതമാകും. ജനാധിപത്യപരമായ നിയമസംവിധാനത്തിനു അകത്ത്, പുരോഗമനോന്മുഖമായ സാമൂഹികമാറ്റവും ക്രമവും സാവധാനമേ കൊണ്ടുവരാവൂ. ജനങ്ങളുടെ ചില ദുർബലവികാരങ്ങൾ മറ്റുള്ള കാര്യങ്ങളേക്കാൾ പ്രധാനമാണ്. നിയമനിർമാണവും, നിയമഭേദഗതിയും സാവധാനത്തിൽ നടക്കുന്ന പ്രക്രിയകളാണ്.  നിയമം ഏറ്റവും ആവശ്യമുള്ളത് എവിടെയാണോ അവിടെയായിരിക്കും ആദ്യം നിയമനിർമാണം നടക്കുക. ഇപ്രകാരം, ഹൈന്ദവ സ്ഥാപനങ്ങളുടെ കാര്യം വന്നപ്പോൾ നിയമപരിഹാരം വളരെ പ്രധാനമാണെന്നു കോടതിക്കു തോന്നി. ഇതാണ് ഭരണഘടനാ സ്ഥാപനങ്ങൾ ഇവിടെ പറയുന്ന യുക്തി. ബഹുസ്വരതയേയും മതേതരത്വത്തേയും വ്യാഖ്യാനിക്കുന്നത് ഇവ്വിധമാണ്. ഭരണഘടനാപരമായ ഉത്തരവുകളും മൂല്യങ്ങളും ഭാരതത്തിൽ നാം പ്രാബല്യത്തിൽ വരുത്തുന്നത് ഇങ്ങിനെയാണ്. ഇതിൽ നാം മനസ്സിലാക്കേണ്ട പോയിന്റ്, 1966-ലെ ഈ ചോദ്യം 2016-ലും പ്രസക്തമായി തുടരുന്നു എന്നതാണ്.

ഈ സാഹചര്യത്തിൽ, നിങ്ങൾക്കൊരു ചോദ്യം ചോദിക്കാൻ അർഹതയുണ്ട് – 50 വർഷങ്ങൾ കഴിഞ്ഞിട്ടും, മറ്റു സമൂഹങ്ങളും സമുദായങ്ങളും ഇത്തരം നിയമനിർമ്മാണങ്ങളോടു സഹകരിക്കുന്ന സമീപനം സ്വീകരിച്ചിട്ടില്ല എന്നാണോ താങ്കൾ പറയുന്നത്? ഇതെല്ലാം നടന്നത് 1966-ലാണ്. നാം ഇന്നു ജീവിക്കുന്നത് 2016-ലാണ്. സ്വാതന്ത്ര്യം കിട്ടി 19 കൊല്ലം കഴിഞ്ഞ 1966-ൽ നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്, ഹൈന്ദവസ്ഥാപനങ്ങളിലാണ് കൂടുതൽ ഇടപെടൽ ആവശ്യമുള്ളത് എന്നാണ്. ഇപ്പോൾ ആ വിധിന്യായം വന്ന് 50 കൊല്ലത്തിനു ശേഷവും, സാഹചര്യങ്ങൾ പ്രകാരം, ഹൈന്ദവർക്കു മാത്രമേ വിശദീകരണം ആവശ്യമുള്ളൂ, മറ്റു മതവിഭാഗങ്ങൾക്കു വേണ്ട എന്നാണോ നിങ്ങൾ പറയുന്നത്?

ജനങ്ങൾ തീർച്ചയായും വായിച്ചിരിക്കേണ്ടതാണ് ജസ്റ്റീസ് ചല്ലയ്യ കോണ്ടയ്യ (Challah Kondiah) കമ്മീഷന്റെ (Challah Kondiah) റിപ്പോർട്ട്. ഇതാണ് ആന്ധ്രപ്രദേശിലെ ഹൈന്ദവ മതസ്ഥാപനങ്ങൾക്കു ബാധകമായ 1987-ലെ നിയമനിർമ്മാണത്തിന്റെ അടിസ്ഥാനം. ഈ രേഖ (പറയുന്നതിൽ ഞാൻ ഖേദിക്കുന്നു) എല്ലാതരം നീതി, യുക്തിപരത എന്നിവയെ അവഹേളിക്കുകയും, ഭൂരിപക്ഷ സമുദായത്തിന്റെ ക്ഷമയേയും അന്തസ്സിനേയും കണക്കിലെടുക്കാതിരിക്കുകയും ചെയ്യുന്നു. ക്ഷേത്രങ്ങളും മതസ്ഥാപനങ്ങളും ഉൾപ്പെടെയുള്ള ഹൈന്ദവ സ്ഥാപനങ്ങളിലാണ് അഴിമതിയും മറ്റും ഉണ്ടാകുന്നത്, അല്ലെങ്കിൽ ഏതാനും തവണ ഉണ്ടായത് എന്നു ആ രേഖ അസന്നിഗ്ദമായി പറയുന്നു. ഈ സ്ഥാപനങ്ങൾ, ആകെ ജനസംഖ്യയുടെ 80 ശതമാനത്തോളമുള്ള മതവിശ്വാസികളുടെ ആയതിനാൽ, ആ ക്രമക്കേടുകൾ പരിഹരിക്കപ്പെട്ടാൽ, ബാക്കിയുള്ള 20 ശതമാനത്തിന്റെ മതസ്ഥാപനങ്ങളും നിയമത്തിനു വഴങ്ങുമത്രെ. എത്ര സുന്ദരമായ യുക്തിപാടവം!

പടിഞ്ഞാറൻ പാക്കിസ്ഥാൻ കിഴക്കൻ പാക്കിസ്ഥാനോടു അനുവർത്തിച്ച യുക്തിയിൽനിന്നു ഇതെങ്ങിനെ വ്യത്യസ്തമാകുന്നെന്ന് എനിക്കറിയില്ല. 30 ലക്ഷം ജനങ്ങളെ ഉന്മൂലനം ചെയ്യുക. പിന്നെ ബാക്കിയുള്ളവർ നിങ്ങളെ അനുസരിക്കും. ഇത്തരം നിർദ്ദേശങ്ങളാണ് ജനറൽ ടിക്ക ഖാന് നൽകിയിരുന്നത്. ഭരണഘടനാ സ്ഥാപനങ്ങളുടെ ഇത്തരം മനോഭാവം ചോദ്യം ചെയ്യപ്പെടണം. ഞാൻ ഉന്നയിക്കുന്ന കാര്യമിതാണ്.

നിങ്ങൾക്കു എങ്ങിനെ ചോദ്യംചെയ്യാൻ പറ്റും? നിങ്ങളെന്താണ് ഇക്കാര്യത്തിൽ ചെയ്യുക? എന്നീ ചോദ്യങ്ങൾക്കു മുമ്പ്, നിങ്ങളെന്തുകൊണ്ട് ഇങ്ങിനെ ചെയ്യണമെന്നു മനസ്സിലാക്കണം. എപ്രകാരമാണ് ഇത് നിർവഹിക്കേണ്ടത്? നമുക്കൊരു ചോദ്യം ആരായാം. ഈ പ്രഭാഷണത്തിന്റെ വിഷയം എന്തുകൊണ്ടാണ് ‘സർക്കാർ നിയന്ത്രണത്തിൽ നിന്നു ഹൈന്ദവ സ്ഥാപനങ്ങളെ മോചിപ്പിക്കേണ്ടതിന്റെ ആവശ്യക്ത’ എന്നായത്? ഇക്കാര്യം ഞാൻ അല്പംകൂടി വ്യക്തമാക്കാം.  ഒരു അഭിഭാഷകനെന്ന നിലയിൽ എനിക്കു ഇക്കാര്യം കൂടുതൽ തെളിമയുള്ളതാക്കേണ്ടതുണ്ട്, കാരണം അഭിഭാഷകർ ആദ്യകുറിപ്പുകൾ (ഡ്രാഫ്റ്റ്) വീണ്ടും വീണ്ടും പഠനവിധേയമാക്കും. ഞാനും അതുതന്നെ ചെയ്യുന്നു.

ഒന്ന്, ഭരണഘടനാവിരുദ്ധമായ എന്തെങ്കിലും കാര്യം ചെയ്യാൻ നാം ഭരണകൂടത്തോടു പറയുന്നില്ല. ഇത് സുവ്യക്തമാണ്. രണ്ട്, നമ്മുടെ ആവശ്യം നിവർത്തിച്ചുകിട്ടാൻ ഭരണഘടനാ ഭേദഗതിയോ മറ്റോ ആവശ്യമില്ല. ഇന്നുള്ള ഭരണഘടനയുടെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിനിന്നു കൊണ്ടുതന്നെ ഇതു ചെയ്യാനാകും. വിപ്ലവകരമോ പെട്ടെന്നുള്ളതോ ആയ ഒരു മാറ്റിമറിക്കലും ഭരണഘടനയിൽ നടത്തേണ്ട കാര്യമില്ല. ഇക്കാര്യങ്ങൾ നാം വ്യക്തമായും മനസ്സിലാക്കണം.

നാം പറയുന്നത് ഇത്രമാത്രം – ഒന്നുകിൽ എല്ലാവരുടേയും മതസ്ഥാപനങ്ങളിൽ ഒരുപോലെ ഇടപെടുക, അല്ലെങ്കിൽ ആരുടേയും മതസ്ഥാപനങ്ങളിൽ ഇടപെടാതിരിക്കുക. നിങ്ങൾ ഞങ്ങളുടെ സ്ഥാപനങ്ങളിൽ ഇടപെടാൻ തീരുമാനിച്ചെങ്കിൽ, മറ്റുള്ളവരുടേയും സ്ഥാപനങ്ങളിൽ ഇതുതന്നെ ചെയ്യാൻ ആരംഭിക്കുക. എന്നിട്ടേ ഭരണഘടന അനുശാസിക്കും പോലെ ഞങ്ങളുടെ സ്ഥാപനങ്ങളിൽ ഇടപെടാൻ നിങ്ങൾക്കു അർഹതയുള്ളൂ. അതുകൊണ്ട്, ഭരണഘടന അനുവദിക്കുന്നതെന്താണെന്ന് നിങ്ങൾ അറിയേണ്ടതുണ്ട്. എനിക്കു വൈദഗ്ദ്യമുള്ള നിയമമേഖലയിലേക്കു കടക്കുംമുമ്പ്, മറ്റു ചില കാര്യങ്ങൾ ഞാൻ പരാമർശിക്കേണ്ടതുണ്ട്.

എന്തുകൊണ്ടാണ് ഇതുപോലുള്ള ഇടപെടലുകൾ ഹൈന്ദവസ്വാപനങ്ങളെ സംബന്ധിച്ച് അനിവാര്യമായതെന്ന് നാം മനസ്സിലാക്കണം. നമ്മുടെ ക്ഷേത്രങ്ങളുടെ സ്ഥിതി നോക്കുക, അവയുടെ നടത്തിപ്പ് ശ്രദ്ധിക്കുക. ക്ഷേത്രത്തെ ആശ്രയിച്ച് കഴിയുന്ന സമുദായങ്ങളുടെ സ്ഥിതി നോക്കുക. ഇത് പൂജാരിയെ കുറിച്ച് മാത്രമുള്ള കാര്യമല്ല. ഇക്കാര്യത്തിൽ നമ്മുടെ നിലപാട് വളരെ വ്യക്തമാണ്. ഇത് അതിനേയും അതിവർത്തിക്കുന്ന വിഷയമാണ്. കേരളത്തിൽ നിന്നുള്ള ആരെങ്കിലും ഇപ്പോൾ ഇവിടെയുണ്ടോ? കേരളത്തിൽ അമ്പലവാസികൾ എന്നറിയപ്പെടുന്ന ഏതാനും ജാതികൾ ഉണ്ട്. അമ്പലവാസികൾ അടിസ്ഥാനപരമായി യോദ്ധാക്കളാണ്. ആകെ 18 ജാതികൾ ഈ വിഭാഗത്തിൽപെടുമെന്ന് ഞാൻ കരുതുന്നു. ഈ ജാതികളിൽ ഓരോന്നും, ക്ഷേത്രവുമായി ബന്ധപ്പെട്ടു അവർ ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തിലാണ് അറിയപ്പെടുന്നത്. ‘അമ്പലം’ എന്നതിന്റെ അർത്ഥം ‘ക്ഷേത്രം’. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവരായതിനാൽ അവർ ‘അമ്പലവാസികൾ’ ആകുന്നു. ചുരുങ്ങിയത് 8 ജാതികൾക്കു അവരുടെ ജീവിതവരുമാനം ക്ഷേത്രത്തിൽ നിന്നാണ് ലഭിക്കുന്നത്. എന്താണിത് നിങ്ങളോടു സൂചിപ്പിക്കുന്നത്? ഹൈന്ദവസമൂഹത്തെ സംബന്ധിച്ചിടത്തോളം ക്ഷേത്രങ്ങൾ മതപരമായി പ്രാധാന്യമുള്ള കേന്ദ്രം മാത്രമല്ല, അവ സാമൂഹികമായ ധർമ്മം നിറവേറ്റുന്നുണ്ട്, മതപരവും സാമ്പത്തികവുമായ ധർമ്മങ്ങളും നിറവേറ്റുന്നുണ്ട്. ഇക്കാര്യങ്ങൾ അതിപ്രാധാന്യമുള്ളവയാണ്. ദ്രാവിഡക്ഷേത്രങ്ങളുടെ സൗന്ദര്യാത്മകമായ വാസ്തു-ശില്പകലാ വിദ്യ ശ്രദ്ധിക്കൂ. ഞാൻ ഖേദിക്കുന്നു, ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങൾ.

ക്ഷേത്രങ്ങളുടെ വാസ്തു-ശില്പകലാ വിദ്യകൾക്കു ഒരു പ്രത്യേക രീതിയുണ്ട്. അവയുടെ നിർമാണത്തിൽ ചില തത്ത്വങ്ങൾ ദർശിക്കാം. വാസ്തു-ശില്പകലാ ജോലികൾ ചെയ്യുന്നവർ, അവർ സത്യത്തിൽ മറ്റൊരു സമുദായത്തിൽനിന്നു വരുന്നവരാണ് – വിശ്വകർമ്മ, സ്ഥാപതി. ഈ വിഭാഗക്കാർക്കാണ് വാസ്തു-ശില്പകലയുടെ ചുമതല. ഇക്കൂട്ടർ ഇന്നു നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. ശിലയിൽ കൊത്തുപണി ചെയ്യാൻ അറിവുള്ളവർ നമുക്കിന്നു അധികമില്ല. ശിലകൾക്കു ലിംഗഭേദമുണ്ട്. ഇത് സ്ത്രീ ശിലയാണ്, ഇത് പുരുഷ ശിലയാണ് എന്നിങ്ങനെ. അവർ ശിലകളെ അത്രത്തോളം ആഴത്തിൽ തിരിച്ചറിയുന്നു. അവരുടെ തൊഴിലിൽ അവർ വളരെ പ്രാവീണ്യമുള്ളവരാണ്. ഈ വിഭാഗം ഇന്നു രാജ്യത്തു നാശോന്മുഖമായിക്കൊണ്ടിരിക്കുകയാണ്, കാരണം ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നല്ലവിഭാഗം തൊഴിലുകളും ഇല്ലാതായി. ക്ഷേത്രസ്ഥാപനങ്ങൾ ഒരു സ്ഥാപനമെന്ന നിലയിൽ തന്നെ തുടച്ചുനീക്കപ്പെടുന്നതിന്റെ വക്കിൽ നിൽക്കുന്നു. കാരണം അവയുടെ പാരമ്പര്യ അടിത്തറയിൽ നിന്നു ക്ഷേത്രസ്ഥാപനങ്ങൾ പിഴുതുമാറ്റപ്പെടുകയാണ്. വ്യവസ്ഥാപിത രീതിയിൽ കുറേ വർഷങ്ങളായി ഇത് അരങ്ങേറുന്നു.

ബ്രിട്ടീഷുകാർ ഈ നയം അവലംബിച്ചപ്പോൾ, അവർക്കു ഭാരതീയമായ മതസ്ഥാപനങ്ങളോടു എന്തെങ്കിലും വിധത്തിലുള്ള വൈകാരികത തോന്നേണ്ട കാര്യമില്ലായിരുന്നു. അവർ ഈ രാജ്യക്കാരായിരുന്നില്ല, അവർ എന്നെങ്കിലും ഈ രാജ്യക്കാരായിരുന്നിട്ടുമില്ല. എന്നാൽ, 1947-നു ശേഷവും ബ്രിട്ടീഷുകാരുടെ നയം തുടർന്നു പോന്നിട്ടുണ്ടെങ്കിൽ, ഒന്നുകിൽ നാം വിശ്വസിക്കേണ്ടത് ബ്രിട്ടീഷുകാരുടെ നയം ശരിയായിരുന്നെന്നാണ്, അല്ലെങ്കിൽ, നാം എന്നും മാനസികമായി കോളനിവൽക്കരണത്തിന്റെ അടിമകളായിരുന്നെന്നും. ഇത് ഒഴിവാക്കപ്പെടേണ്ട ഒന്നാണ്. ഒഴിവാക്കപ്പെടേണ്ടതിന്റെ കാരണമെന്തെന്നാൽ, രാജ്യത്തിന്റെ ഏതു ഭാഗത്തു താമസിക്കുന്നവരായാലും, ഒരു ശരാശരി ഹിന്ദുവിനു ക്ഷേത്രമെന്നാൽ, ആത്മീയശാന്തിക്കു അവർ ആശ്രയിക്കുന്ന ഇടമാണ്. അവർ ബാബമാരുടെ ആശ്രമത്തിൽ പോകുന്നില്ല, അവരെ സംബന്ധിച്ച് അത് രണ്ടാമതായി മാത്രമേ മനസ്സിൽ വരികയുള്ളൂ. സത്യത്തിൽ, രാജ്യത്തെവിടെയുമുള്ള ഒരു ശരാശരി ഹിന്ദുവിനെ, മില്യൺ ഡോളർ ആസ്തിയുള്ള ആശ്രമങ്ങൾ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. അവർ ഒരുവിധമുള്ള കാര്യങ്ങൾക്കൊന്നിനും അങ്ങോട്ടു പോകില്ല. അത്തരം സ്ഥലങ്ങളുടെ വൈപുല്യവും ആഡംബരവും ഒരുപക്ഷേ അവരെ ഭയപ്പെടുത്തും. അവർക്കു സ്വന്തം ഗൃഹത്തെപ്പോലെ അവയെ പരിഗണിക്കാനാകില്ല. ആത്മീയശാന്തിയുടെ കേന്ദ്രമായാണ് അവർ ക്ഷേത്രങ്ങളെ നോക്കിക്കാണുന്നത്. അതിനാൽ ഹിന്ദുമതം നിലനിൽക്കണമെങ്കിൽ, ഒരു ശരാശരി ഹിന്ദുവിൽ വിശ്വാസം നിലനിൽക്കേണ്ടതുണ്ട്. ഇതിനുവേണ്ടി, സ്വന്തമാണെന്നു ഹിന്ദുവിനു കരുതാവുന്ന സ്ഥാപനങ്ങളെ പുനരുദ്ധീകരിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

അത്താഴത്തിനു ശേഷമുള്ള ചർച്ചകളിലും സംവാദങ്ങളിലും (കഥാ കാലക്ഷേപം എന്നു ഞാനവയെ വിളിക്കും) നാം ഇത്തരം കാര്യങ്ങൾ പരാമർശിക്കണം. ദാനധർമ്മങ്ങൾ ഒരു ആശയമെന്ന നിലക്കു, മൗലികമായി ഹൈന്ദവസ്ഥാപനങ്ങൾക്കും സമൂഹത്തിനും എതിരാണെന്നു പ്രസ്താവിക്കുന്നത് ഒരു ഫാഷനായിട്ടുണ്ട്. ഇത്തരം പോയിന്റുകൾ അവർ ഉന്നയിക്കുന്നു (നമുക്ക് എങ്ങിനെ സമ്പാദിക്കാമെന്നേ അറിയൂ, എങ്ങിനെ ദാനധർമ്മം നൽകണമെന്നു അറിയില്ല). ‘ദാനം’ എന്ന വാക്കിനു ഹൈന്ദവ സാഹിത്യത്തേയും പാരമ്പര്യത്തേയും സംബന്ധിച്ച് അതിപ്രാധാന്യമുണ്ട്. ദാനവീരന്മാർ ആയതിനാൽ നാം ചിലരെ ഹീറോകളായി കരുതി ആരാധിക്കുന്നുണ്ട്. ഈ രാജ്യത്തിന്റെ പാരമ്പര്യം അതാണ്. അങ്ങിനെയെങ്കിൽ, എന്തുകൊണ്ടാണ് ഹൈന്ദവസ്ഥാപനങ്ങൾക്കു സ്വയം ദാനധർമ്മപ്രവൃത്തികളിൽ ഇടപെട്ടു പ്രവർത്തിക്കാൻ കഴിയാത്തത്? നിങ്ങൾക്കു സമീപമുള്ള കൃസ്‌ത്യൻ പള്ളിയ്ക്കോ, മോസ്‌കിനോ, ഗുരുദ്വാരയ്ക്കോ, അവർക്കു പ്രാധാന്യമുണ്ടെന്നു തോന്നുന്നതോ അവരുമായി ബന്ധമുള്ളതോ ആയ വിഷയങ്ങൾക്കു ഇത്ര രൂപയോ, ഇത്ര ഡോളറോ ചിലവഴിക്കാവുന്ന സാഹചര്യമുണ്ടെങ്കിൽ, എന്തുകൊണ്ട് ഹൈന്ദവ മതസ്ഥാപനങ്ങൾക്കു അതിനു കഴിയില്ല? നമ്മളിൽ അധികംപേരും എത്തുന്ന ലളിതവും അബദ്ധജടിലമായ നിഗമനം, ദാനധർമ്മത്തിനുള്ള സന്മനസ്സ് ഇല്ലെന്നോ, അല്ലെങ്കിൽ, ദാനധർമ്മത്തിൽ താല്പര്യമില്ലെന്നോ ആകും. ഇത് തെറ്റാണ്, നമ്മുടെ കയ്യിൽ പണമില്ലെന്നതാണ് സത്യം. നാം മനസ്സിലാക്കേണ്ട കാര്യമാണിത്.

ഹൈന്ദവസ്ഥാപനങ്ങൾ സർക്കാർ നിയന്ത്രണത്തിലാണ്. അതിനാൽ ഇതര മതസ്ഥാപനങ്ങളോ സമൂഹമോ അവരുടെ സ്വത്തുവകകൾ സ്വയം കൈകാര്യം ചെയ്യുന്നപോലെയോ, സ്വന്തം മതപാരമ്പര്യവുമായി ഇടപെടുന്ന പോലെയോ, സ്വന്തം മതപാരമ്പര്യത്തിനോ സമുദായത്തിനോ വേണ്ടി സ്വത്ത് ചിലവഴിക്കുന്ന പോലെയോ, ചെയ്യാനുള്ള സ്വാതന്ത്ര്യം ഹൈന്ദവസ്ഥാപനങ്ങൾക്കു ഇല്ല. ഒരു കൃസ്ത്യൻ പുരോഹിതനു, അധികാരശ്രേണിയിൽ തനിക്കു തൊട്ടുമുകളിലുള്ള വ്യക്തിയുമായി ആശയവിനിമയം നടത്തി, അദ്ദേഹത്തിന്റെ പ്രതിനിധി സഭയ്ക്കോ വിശ്വാസിസമൂഹത്തിനോ വേണ്ടി ചിലതെല്ലാം ചെയ്യാനെങ്കിലുമാകും. അത്രയെങ്കിലും ചെയ്യാൻ അദ്ദേഹത്തിനു പറ്റും. നിങ്ങൾ സ്വയം ചോദിച്ചുനോക്കൂ, നിങ്ങൾ സന്ദർശിച്ചിട്ടുള്ള ഏതെങ്കിലും ക്ഷേത്രത്തിലെ പൂജാരിക്കു, ഹൈന്ദവ വിശ്വാസികൾക്കോ അനുയായികൾക്കോ വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമോ? അദ്ദേഹത്തിനു കഴിയില്ല. ക്ഷേത്രഭരണം പൂർണമായും സർക്കാറിന്റെ കയ്യിലാണ്. ഹൈന്ദവ മതസ്ഥാപനങ്ങളുടെ ഭരണം പൂർണമായും കുത്തഴിഞ്ഞ് നിർജീവമായി കുടൽ പുറത്തുചാടിയ നിലയിലാണെന്ന സത്യം നാം തിരിച്ചറിഞ്ഞില്ലെങ്കിൽ, ഹൈന്ദവരായ വിശ്വാസികൾക്കു അവരുടെ സ്വന്തം സ്ഥാപനങ്ങളിൽ ഒരുപങ്കും വഹിക്കാനുണ്ടാകില്ല. ഞാൻ കരുതുന്നു, നാം നമ്മുടെ സ്വന്തം പാരമ്പര്യത്തിന്റേയും ജീവിതരീതിയുടേയും വിനാശത്തിലേക്കുള്ള പാതയിലാണെന്ന്. നിയമവശങ്ങളിലേക്കു അധികം പോകാതെ തന്നെ, ഇതെങ്ങിനെ സംഭവിക്കുന്നെന്ന് നമുക്ക് നോക്കാം. ഇത്തരം നിയമനിർമാണങ്ങൾ പ്രവർത്തിക്കുന്ന വിശാലമായ ചട്ടക്കൂടിനെപ്പറ്റി ഞാൻ നിങ്ങൾക്കു ഏകദേശരൂപം നൽകാൻ ശ്രമിക്കാം.

ഗൂഗിളിനും ഓപ്പൺ ഡാറ്റബേസിനും നന്ദി. ഇക്കാലത്ത് എപ്പോൾ വേണമെങ്കിലും, ആർക്കും നിയമസംബന്ധമായ ഏതൊരു കോടതിവിധിയും ലഭ്യമാക്കി വായിക്കാവുന്നതാണ്. അതൊരു ബുദ്ധിമുട്ടേയല്ല. ഇതിനു നിങ്ങൾക്കൊരു അഭിഭാഷകന്റെ ആവശ്യമില്ല. ഞാൻ നിങ്ങൾക്കു ഏതാനും വിവരങ്ങൾ നൽകിയാൽ മതി, നിങ്ങൾക്കു സ്വയം അവ കണ്ടെത്താനാകും. 1954-ൽ സുപ്രീംകോടതി എടുത്ത ഒരു തീരുമാനമുണ്ട്, ‘ശിരൂർ മഠം വിധി’ എന്ന പേരിൽ അത് അറിയപ്പെടുന്നു. ദക്ഷിണ കന്നഡയിലെ ഉഡുപ്പിയിലുള്ള ഒരു മഠവുമായി ബന്ധപ്പെട്ട കേസിൽ, ഈ സ്ഥാപനം പീഢനസമാനമായ കോടതിവ്യവഹാരത്തിനു വിധേയമായി. ഞാൻ ആ സ്ഥാപനത്തിന്റെ മഠാധിപതി ആയിരുന്നെങ്കിൽ, കോടതിവ്യവഹാരത്തിന്റെ അവസാനം ഞാൻ എന്നോടു തന്നെ ചോദിക്കുമായിരുന്നു, ഹിന്ദുവായി ജനിക്കുന്നത് പാപമായി നാം പ്രഖ്യാപിക്കേണ്ട കാലമായെന്നു ഞാൻ കരുതുന്നു.

ഈ സ്ഥാപനത്തിനു നിയമം ബാധകമാണെന്ന ലളിതമായ കാരണത്താൽ.., ഇതെങ്ങിനെ പ്രവർത്തിക്കുന്നെന്ന് ഞാൻ നിങ്ങളോടു പറയാം. ഇതാണ് നിലവിലുള്ള നില. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ, സർക്കാരിനു അതിൽ നിക്ഷിപ്തമായ അധികാരം ലഭിക്കുന്നത് ആർട്ടിക്കിൾ 25, 26 എന്നിവയിൽനിന്നാണ്. ആർട്ടിക്കിൾ 25, വ്യക്തിഗതമായ മതസ്വാതന്ത്ര്യവുമായി വിപുലമായി ബന്ധപ്പെട്ടതാണ്. ആർട്ടിക്കിൾ 26, വിവിധ മതവിഭാഗങ്ങളുടെ മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ളതാണ്, മതസ്ഥാപനങ്ങളെ ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്. ആർട്ടിക്കിൾ 25-ഉം 26-ഉം തമ്മിൽ പരസ്പരബന്ധമുണ്ട്. ഇവ പ്രവർത്തിക്കുന്നത് പരസ്പരബന്ധത്തോടെയാണ്.

ആർട്ടിക്കിൾ 25-നു കീഴിൽ നല്ലൊരു വ്യവസ്ഥയുണ്ട്. ഭരണഘടനയുടെ 25 2(a) അനുച്ഛേദം പ്രത്യേകം എടുത്തുപറയുന്നത്, മതേതരസാമ്പത്തികരാഷ്ട്രീയ പ്രവർത്തന കാര്യങ്ങളിൽ സർക്കാറിനു നിയമനിർമാണം നടത്താനുള്ള അധികാരം ഉണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങൾക്കും മതവിഷയങ്ങളുമായി ചിലരീതിയിലുള്ള ബന്ധങ്ങൾ ഉണ്ടാകും. ഈ നിയമനിർമാണത്തിനു പിന്നിലെ ലക്ഷ്യമെന്താണ്? ആദ്യ പടിയായി, ഇത് മനസ്സിലാക്കാം. ആശിഷ് എന്ന വ്യക്തി ഒരു നല്ല സുഹൃത്താണെന്ന് കരുതുക. അദ്ദേഹം സ്വന്തം സ്വത്തുവകകൾ ഒരു ക്ഷേത്രത്തിന്റെ പേരിൽ എഴുതിവയ്ക്കാൻ തീരുമാനിച്ചു. ക്ഷേത്രത്തിനുള്ള എന്റെ വസ്തുദാനമാണിതെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹമിത് സംഭാവന നൽകാൻ തീരുമാനിച്ചു. ഈ സ്വത്തുവകകൾ എല്ലായ്പ്പോഴും ക്ഷേത്രത്തിനു ഉപകാരപ്പെടുന്ന ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കാൻ ആശിഷ് താല്പര്യപ്പെടുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ടതും, അതിനെ അടിസ്ഥാനമാക്കിയുള്ളതുമായ കാര്യങ്ങൾക്കേ സ്വത്തുവകകൾ ഉപയോഗിക്കാവൂ. മറ്റൊന്നിനും ഉപയോഗിച്ചുകൂടാ. ഇതാണ് അദ്ദേഹം എപ്പോഴും ആവശ്യപ്പെടുന്നത്. ക്ഷേത്രഭരണസമിതിയിലുള്ള ആരെങ്കിലും ഈ സ്വത്തുക്കൾ വകമാറ്റിയാലോ, ക്ഷേത്രബന്ധമില്ലാത്ത ആവശ്യങ്ങൾക്കു ഉപയോഗിച്ച്, വസ്തുദാനത്തിന്റെ ഉദ്ദേശത്തെ തകിടംമറിച്ചാലോ, അപ്പോൾ നിയമപരമായി പ്രയോഗിക്കേണ്ടതാണ് ഭരണഘടനയുടെ 25 2(a) അനുച്ഛേദം. ഇവിടെ ഒരു നിയമത്തിന്റെ ആവശ്യമുണ്ട്. ക്ഷേത്രാവശ്യങ്ങൾക്കായി ദാനം ചെയ്യപ്പെട്ട വസ്തുവകകൾ, അവയുടെ യഥാർത്ഥ ലക്ഷ്യത്തിനു വേണ്ടിയല്ലാതെ, മറ്റാവശ്യങ്ങൾക്കു വഴിതിരിച്ചുവിടുന്നതിൽനിന്നു ക്ഷേത്രഅധികാരികളെ വിലക്കുന്ന ഒരു നിയമം. ഇതിന്റെ ശരിയായ അർത്ഥം എന്തെന്നാൽ, ദാനം ചെയ്യപ്പെടുന്ന സ്വത്തും വസ്തുവകകളും ഹൈന്ദവസമൂഹത്തിനും ഹൈന്ദവസ്ഥാപനത്തിനും വേണ്ടിയുള്ള നിക്ഷേപമാകും; പ്രത്യേക സമൂഹത്തിന്റേയും സ്ഥാപനങ്ങളുടേയും പുരോഗതിയുടെ ചാലകശക്തിയാകാനുള്ള നിക്ഷേപം. ഇതിൽനിന്നു വ്യതിചലിക്കാനുള്ള ഏതൊരു നീക്കത്തേയും പ്രതിരോധിച്ച് തടയുകയാണ് ആർട്ടിക്കിൾ 25 2(a)-ന്റെ ലക്ഷ്യം.

ഇനി നമുക്ക്, നാം എങ്ങിനെയാണിതിനെ വ്യാഖ്യാനിച്ചതെന്നു നോക്കാം. ഇവിടെയാണ് അഭിഭാഷകർ രംഗത്തു വരുന്നത്. അവരിൽ ധാരാളം സൂഷ്മആശയങ്ങൾ ഉണ്ട്. നീതിന്യായവ്യവസ്ഥ കാര്യക്ഷമമായി ചെയ്തത്, അടിസ്ഥാനപരമായി പ്രസ്താവിക്കുകയാണ്… മുമ്പ് ഞാൻ പറഞ്ഞത്, മതാചാരവുമായി ബന്ധമുള്ള സെക്യുലർ പ്രവർത്തികളെ സംബന്ധിച്ചാണ്. എന്നുവച്ചാൽ, മതസംബന്ധിയായ പ്രവൃത്തിക്കു ധനസഹായം നൽകൽ. ഈ ബന്ധം ഒരിക്കലും നിലയ്ക്കരുത്. പൊക്കിൾകൊടി ബന്ധം വളരെ പവിത്രമാണല്ലോ. നീതിന്യായവ്യവസ്ഥ പ്രസ്താവിച്ചത് എന്തെന്നാൽ, നമുക്കിത് മുഴുവൻ നിർത്തലാക്കാം, സെക്യുലറായ പ്രവർത്തനങ്ങൾ ഒരു ഭാഗത്തും, മതാചാരങ്ങൾ മറ്റൊരു ഭാഗത്തുമായി നിർത്തി, ഒരു വിഭജനം ഉണ്ടാക്കാം. എന്തിന്? നോക്കൂ, മതത്തിൽ വിശ്വസിക്കാനുള്ള നിങ്ങളുടെ അവകാശത്തെ ഞാൻ ബഹുമാനിക്കുന്നു, ഞാൻ വിഭാഗത്തെ സ്പർശിക്കാൻ പോകുന്നില്ല, അത് പൂർണമായും നിങ്ങളുടെ വിശേഷാധികാരത്തിൽ പെടുന്നതാണ്. പക്ഷേ രണ്ടാമത്തെ വിഭാഗത്തെ സംബന്ധിച്ച്, അത് സെക്യുലർ ആയതിനാൽ, അതിലിടപെടാനുള്ള ഭരണഘടനാപരമായ അവകാശവും അധികാരവും ഭരണകൂടത്തിനുണ്ട്.

എന്തുകൊണ്ടാണ് ഈ വിഭജനം അടിസ്ഥാനപരമായി പിഴവുള്ളതായത്? ഞാൻ മറുപടി പറയാം. നിങ്ങൾക്കു ഒരു പൂജ നടത്താൻ കഴിയുമോ, അതും പൂജാസാമഗ്രികൾ ഇല്ലാതെ? അത്യാവശ്യം സൗകര്യങ്ങൾ ഇല്ലാതെ ക്ഷേത്രപരിസരത്ത് നിങ്ങൾക്കു ഒരു പരിപാടി സംഘടിപ്പിക്കാൻ കഴിയുമോ? അന്നദാനം നടത്തുന്നതിനുള്ള ഫണ്ട് എവിടെനിന്നു ലഭിക്കും? പൂജക്കു വേണ്ടിയുള്ള പണം എവിടെനിന്നു കിട്ടും? അഖണ്ഢഭജനവും, നാമസങ്കീർത്തനവും നടത്തുന്നതിനുള്ള പണം എവിടെനിന്നു ലഭിക്കും? മതപരമായ ആചാരക്രിയകൾ നിവർത്തിക്കുന്നതിനുള്ള ധനം എവിടെനിന്നു കിട്ടും. ഉത്തരം – സെക്യുലർ വിഭാഗത്തിൽ നിന്ന്. എന്നാൽ ആരാണ് സെക്യുലർ വിഭാഗം നിയന്ത്രിക്കുന്നത്? ഭരണകൂടം. ഇതിന്റെയെല്ലാം അർത്ഥം, മതാചാരക്രിയകൾ മരപ്പാവകൾ പോലെയാണെങ്കിൽ, എല്ലാ സെക്യുലർ ചരടുകളും പ്രധാന പാവകളിക്കാരനായ സർക്കാരിന്റെ കയ്യിലായിരിക്കും. അപ്പോൾ ആര്, ആരുടെ താളത്തിനൊത്താണ് തുള്ളുക? മതാചാര ക്രിയകളും, മതപാരമ്പര്യവും, ആചാര-കർമ്മാദികളും ഭരണകൂടത്തിന്റെ തോന്ന്യാസത്തിനും ഭ്രാന്തകല്പനകൾക്കും അനുസരിച്ച് ആടിക്കളിക്കേണ്ടി വരും. ഭരണകൂടമാണ് യജമാനനും, പ്രധാന പാവകളിക്കാരനും, ഇക്കാര്യത്തിൽ പ്രമാണിയും. ഈ വിഭജനം രൂപപ്പെട്ടത്, മതാചരണ അവകാശം സംരക്ഷിക്കാനും, സെക്യുലറായ അവകാശങ്ങളിന്മേൽ നിയന്ത്രണം ചെലുത്താനുമാണ്. എന്നാൽ മനപ്പൂർവ്വമോ അല്ലാതെയോ, ഹൈന്ദവസമൂഹത്തെ നിർണായകമായി സ്വാധീനിക്കുന്ന ഒന്നായിട്ടുണ്ട് ഇത്. ഈ ഫലവിധിയിൽ നിന്ന് ഒരു ഒളിച്ചോട്ടം സാധ്യമല്ല.

എത്രമാത്രം മതപരമായിരുന്നാലും ഏതൊരു പ്രവൃത്തിക്കും സെക്യുലറായ ഒരു വശം ഉണ്ടായിരിക്കും. കാരണം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ധനവിനിയോഗം ഉണ്ടാകുമല്ലോ. ഒരു പ്രത്യേക ആചാരത്തിനു മതരഹിതമായ വശവുമുണ്ടായിരിക്കും. ഈ മതരഹിത വശങ്ങൾ എല്ലാം തന്നെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിന്റെ പരിധിയിൽ വന്നാൽ, ആചാരക്രിയകൾ സർക്കാർ നിയന്ത്രണത്താൽ വലയം ചെയ്യപ്പെടും. തദ്‌ഫലമായി, മതം ആചരിക്കാൻ അവകാശം നൽകുന്ന ഒരു അക്കാദമിക് പേപ്പർ മാത്രമാണ് നിങ്ങൾക്കായി അവശേഷിക്കുക. അതാണെങ്കിൽ നിങ്ങൾക്ക് ഒന്നും പ്രദാനം ചെയ്യുന്നുമില്ല.

ഇതിന്റെയെല്ലാം ഫലം എന്തായിരിക്കും? എത്ര പേർക്കാണ് ഒരു പ്രമുഖ ഉദാഹരണത്തെപ്പറ്റി അറിയുക; അതായത്, രാമകൃഷ്ണ മിഷൻ ഭരണകൂടത്തെ സമീപിച്ച് പറഞ്ഞു, ‘ഞങ്ങളെ ന്യൂനപക്ഷ സ്ഥാപനമായി പരിഗണിക്കുക’… ഇതാണ് അതിനുള്ള കാരണം. ഭൂരിപക്ഷം ആയതുകൊണ്ട് ഗുണമൊന്നുമില്ലെങ്കിൽ, ന്യൂനപക്ഷം ആവുക. ഭൂരിപക്ഷം ആകാൻ നിങ്ങൾക്കു ഇതെല്ലാം സഹിക്കണമെങ്കിൽ, നിങ്ങൾ മറ്റേ വണ്ടിയിലേക്കു ചാടാൻ ശ്രമിക്കുക, അവിടെയാണ് സൂര്യൻ ഉദിക്കുന്നത്. ഇത് മാനുഷികമായ പ്രവണതയാണ്. ഇതല്ലാതെ നിങ്ങൾ മറ്റെന്ത് ചെയ്യും?

മതംമാറ്റം നടക്കുന്നത് എന്തുകൊണ്ടെന്നാണ് നിങ്ങൾ കരുതുന്നത്? ഇതാണ് അടിസ്ഥാന കാരണം. ഇതാണ് അടിസ്ഥാനപരവും മനശാസ്ത്രപരവുമായ കാരണം. മതംമാറ്റം ശരിയല്ലെന്നോ അല്ലെങ്കിൽ അതിൽ ശരികേടില്ലെന്നോ, നിർബന്ധിത മതംമാറ്റം തെറ്റാണെന്നോ നാം ഇക്കാലത്ത് പറയുമ്പോൾ, അക്കാര്യത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടതുണ്ടെന്ന് നാം മനസ്സിലാക്കണം. ശ്രേഷ്ഠതാവാദം ഫാഷനായി കൊണ്ടുനടക്കുന്ന സമൂഹത്തിലെ ഒരു വിഭാഗം നിങ്ങളോടു പറയും, സമൂഹത്തിലെ ഇതരവിഭാഗങ്ങളുടെ പ്രശ്നങ്ങളിൽ നിങ്ങൾ ഒരിക്കലും ആകുലപ്പെട്ടിട്ടില്ല, എന്നിട്ടു ഇന്നവർ മതംമാറുമ്പോൾ നിങ്ങളതിൽ എതിർപ്പ് പറയുന്നു? അവരുടെ പള്ളി അവർക്കു വേണ്ടി ചിലത് ചെയ്യും, അവരുടെ മോസ്ക് അവർക്കു വേണ്ടി ചിലത് ചെയ്യും, നിങ്ങളുടെ ക്ഷേത്രം അവർക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?… സുഹൃത്തേ.., ചെയ്യാൻ അനുവദിച്ചാലല്ലേ അവർക്കു എന്തെങ്കിലും ചെയ്യാനാകൂ, ശരിയല്ലേ? നമ്മുടെ കൈകൾ പൂർണമായും കെട്ടിയിടപ്പെട്ടിരിക്കുകയാണ്.

രണ്ടാം ഭാഗം വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.