പ്രഭാഷണത്തിന്റെ ഒന്നാം ഭാഗം വായിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.

എന്റെ അടിസ്ഥാനപരമായ വിശ്വാസം എന്തെന്നാൽ, ആർക്കെങ്കിലും ഉറച്ച കെട്ടുറപ്പുള്ള ഹൈന്ദവസ്വത്വത്തിൽ താല്പര്യമുണ്ടെങ്കിൽ.., ഓർക്കുക, സംഘർഷത്തിന്റെ ഭാഷയിലല്ല ഞാനിത് പറയുന്നത്, നമുക്ക് ആരെയെങ്കിലും നേരിടാനുള്ളതുകൊണ്ടോ, ഒരു അപരത്വത്തെ സൃഷ്ടിക്കണം എന്നതുകൊണ്ടും അല്ല. മറിച്ച്, ലളിതമായി പറഞ്ഞാൽ, ജാതി, ലിംഗം, മതം, ഭാഷ തുടങ്ങിയവയുടെ കെട്ടുപാടില്ലാതെ, പരസ്പര വിശ്വാസത്തിന്റേതായ ബന്ധം നമ്മിൽ ഉളവാക്കാനാണിത്. ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, ജനാധിപത്യവൽക്കരണം എന്നിവയോടെയാണ് ഇത് ആരംഭിക്കുക.

  ഭൂതകാലത്തു നിന്നുള്ള എല്ലാ പാരമ്പര്യങ്ങളും ശരിയാണെന്നു ഞാൻ പറയുന്നില്ല. ഇത് നാം ചിലപ്പോൾ അംഗീകരിച്ചേക്കില്ല. പക്ഷേ ആരാണ് ഇതിനെ ചോദ്യം ചെയ്യുക? ഇക്കാര്യത്തിൽ ആര് ആത്മപരിശോധന നടത്തും? നാം തന്നെയാണ് ചെയ്യേണ്ടത്. മറ്റു സമൂഹങ്ങൾക്കു 50-60 വർഷങ്ങൾ നൽകി, അവ ക്രമേണ പരിണമിച്ച് വികസിച്ചെങ്കിൽ, എന്തുകൊണ്ട് ഹൈന്ദവർക്കും അതേ അവകാശവും സ്വാതന്ത്ര്യവും നൽകിക്കൂടാ? ഹിന്ദു മതനിയമങ്ങൾ അംഗീകരിച്ച സമൂഹമാണിത്, സ്വ-ജീവിതരീതിയിലെ എല്ലാ ബാഹ്യഇടപെടലുകളോടും ഒത്തുപോയിട്ടുമുണ്ട്. കാര്യങ്ങൾ ഇങ്ങിനെയെങ്കിൽ, ആത്മവിശകലനം ശീലമാക്കിയ, ഈ സമൂഹത്തിൽ എന്തുകൊണ്ട് നിങ്ങൾ വിശ്വാസമർപ്പിക്കുന്നില്ല; സമൂഹത്തിലെ അന്തരികപ്രശ്നങ്ങൾക്കു അവർ തന്നെ പ്രതിവിധി കണ്ടെത്തിക്കോളുമല്ലോ.

എന്നാൽ ഹൈന്ദവസ്വത്വത്തിന്റെ നാഡീകേന്ദ്രം ഭരണകൂടനിയന്ത്രണത്തിൽ ആയിരിക്കുന്നിടത്തോളം ഇത് സംഭവിക്കില്ല. ഒരുഘട്ടത്തിൽ ഞാൻ ശരിക്കും ചിന്തിക്കുകയുണ്ടായി, നാം ജീവിക്കുന്നത് ഒരു ഹിന്ദുരാഷ്ട്രത്തിലാണെന്ന്. അതിനു മതിയായ കാരണമുണ്ട്. ഹൈന്ദവവിഷയങ്ങളിൽ ഭരണകൂടത്തിനു ഇത്രത്തോളം താല്പര്യമുണ്ടെങ്കിൽ, ഇത് ഇപ്പോൾ തന്നെ ഹിന്ദുരാഷ്ട്രം അല്ലേ? ഞങ്ങൾ ഹിന്ദുരാഷ്ട്രം വേണമെന്നു ആവശ്യപ്പെട്ടിട്ടില്ല. നിങ്ങളാണിത് സൃഷ്ടിച്ചത്. അല്ലേ? ഞങ്ങൾ ഇതൊന്നും ആവശ്യപ്പെട്ടിട്ടില്ല, നിങ്ങൾ സ്വയം ചെയ്തതാണിത്. കർണാടക സംസ്ഥാനത്തെ എൻഡോവ്‌മെന്റ് വകുപ്പിൽനിന്നുള്ള ഫണ്ടുകൾ വിനിയോഗിക്കപ്പെട്ട രീതി ദയവായി കണക്കിലെടുത്ത് നോക്കൂ. ഏത് അളവുകോലോ നിർവചനമോ, മാനദണ്ഢമോ വച്ച് നോക്കിയാലും ഇതെങ്ങിനെ ഭരണഘടനാപരമാകുമെന്ന് നിങ്ങൾ സ്വയം ചോദിക്കും. ഇതിനുള്ള വിശദവിവരങ്ങൾ ഉണ്ട്, ഞാനത് പ്രചരിപ്പിക്കുന്നതാണ്.

ഹിന്ദു എൻഡോവ്‌മെന്റ് ബോർഡിൽ നിന്നുള്ള ധനം രണ്ടു കാര്യങ്ങൾക്കാണ് വിനിയോഗിക്കുന്നത്. കൃസ്ത്യാനികൾക്കു വിശുദ്ധനാട്ടിലേക്കുള്ള തീർത്ഥാടനത്തിനും, പിന്നെ ഹജ്ജ് സബ്സിഡിക്കും. ഹിന്ദുക്കളുടെ പണമാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. ഞാൻ ഒരു കൃസ്ത്യാനിയോ മുസ്ലിമോ ആണെങ്കിൽ, ഇത് അവഹേളനപരമാണ്, ഞങ്ങളുടെ കയ്യിൽ പൈസയുണ്ടല്ലോ എന്നായിരിക്കും ഞാൻ സത്യത്തിൽ പറയുക. അവരും ആദ്യം ചോദിക്കുന്നത് ഈ ചോദ്യമായിരിക്കും. ഞങ്ങൾക്കു ഈ ഔദാര്യത്തിന്റെ ആവശ്യമെന്ത്? അതായിരിക്കും അവർ ചോദിക്കുന്ന ആദ്യത്തെ ചോദ്യം. നമുക്കിത് ഭരണഘടനയുടെ വെളിച്ചത്തിൽ പരിശോധിക്കാം. അതിനു പ്രാധാന്യമുണ്ട്. ഫണ്ട് വകമാറ്റുന്ന ഈ പ്രവൃത്തി, അടിസ്ഥാനപരമായി ഭരണഘടനയിലെ ആർട്ടിക്കിൾ 27-നെ ലംഘിക്കുകയും, അതിനെതിരുമാണ്. ഭരണഘടനയിലെ ആർട്ടിക്കിൾ 27 സുവ്യക്തമായി പറയുന്നത്, പൊതുജനങ്ങളുടെ ഫണ്ടുകളിൽ നിന്നോ, ഫണ്ടുകളുടേതോ ആയ നികുതികളോ മറ്റോ, ഏതെങ്കിലും പ്രത്യേക മതത്തെ പ്രോൽസാഹിപ്പിക്കാൻ ഭരണകൂടം ഉപയോഗിച്ചു കൂടാ. ആർട്ടിക്കിൾ 27, ഭരണകൂടത്തെ ക്ഷേത്രം, പള്ളി, മോസ്ക് എന്നിവയിൽനിന്നു കർക്കശമായി വേർതിരിക്കുന്നു. അപ്രകാരം, എപ്പോൾ നിങ്ങൾ ഹിന്ദു എൻഡോവ്‌മെന്റ് ബോർഡിൽനിന്നു ഫണ്ട് വകമാറ്റുന്നുവോ, അപ്പോളത് പേപ്പറിൽ രേഖയായിട്ടുണ്ടാകും. ഇത് ആരെങ്കിലും അനുമാനിച്ചെടുക്കുന്ന കാര്യമല്ല, അവരിത് സമ്മതിച്ചിട്ടുണ്ട്. കാര്യങ്ങൾ ഇങ്ങിനെയെങ്കിൽ ആർട്ടിക്കിൾ 27 നിങ്ങൾ ലംഘിച്ചു കഴിഞ്ഞു. ഇത്തരം ആളുകളാണ് ഭരണഘടനാമൂല്യങ്ങളെ പറ്റി നമ്മളോടു പ്രഘോഷിക്കുന്നത്.

മഹാരാഷ്ട്ര സംസ്ഥാനം മുംബൈയ് ഹൈക്കോടതിയിൽ സമ്മതിച്ചിട്ടുണ്ട്, സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്നുള്ള എത്രത്തോളം വരുമാനം ക്ഷേത്രഇതര ആവശ്യങ്ങൾക്കു ഉപയോഗിച്ചിട്ടുണ്ടെന്ന്. ആ തീരുമാനം എടുക്കേണ്ടതാരാണ്? ക്ഷേത്രം അധികൃതരാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. അങ്ങിനെ അവർ പറയുന്നു, ക്ഷേത്രം അധികൃതരാണ് തീരുമാനമെടുത്തതെന്ന്. എന്നാൽ ആരാണ് ക്ഷേത്രഭരണാധികാരികളായി ക്ഷേത്രത്തിനുള്ളിൽ ഇരിക്കുന്നത്? നിങ്ങൾ നിയമിച്ച വ്യക്തി. അപ്പോൾ, ഈ സമ്മതം സ്വതന്ത്രമായി എടുത്തതാണോ? അല്ല, ഇത് സ്വതന്ത്ര തീരുമാനപ്രകാരമല്ല. ഇത് സ്വമേധയാലുള്ള സംഭാവനയല്ല.

ഭരണകൂടം നിയമിച്ച ഒരുവ്യക്തി മതസ്ഥാപനത്തിനുള്ളിൽ ഇരുന്ന്, ഭരണകൂടവും സ്ഥാപനവും തമ്മിലുള്ള ആശയവിനിമയ മാർഗമായി വർത്തിക്കുന്നു. ഭരണകൂടം പറയുന്ന എല്ലാത്തിനും അദ്ദേഹം സമ്മതം നൽകുന്നു. ഇതെങ്ങിനെയാണ്, ഏതു നിർവചനം വഴിയാണ് സ്വമേധയാലാകുന്നത്? നിയമവിദ്യാർത്ഥികൾ പറയട്ടെ. കോൺട്രാക്ട് നിയമം വഴി? അല്ലെങ്കിൽ സെക്ഷൻ 14-19 വഴി? ഇവിടെ എവിടെയാണ് സ്വമേധയാലുള്ള അനുമതി? ഇല്ല, അത് രേഖകളിൽ പോലും നിലവിലില്ല. കാര്യങ്ങൾ സ്പഷ്ടമാകാൻ ഞാൻ നിങ്ങളെ ചിലത് വായിച്ചുകേൾപ്പിക്കാം. അതുവഴി, ഹൈന്ദവസ്ഥാപനങ്ങൾക്കുള്ള എല്ലാ അധികാര-നിയന്ത്രണവും എടുത്തുമാറ്റാൻ ഇതുപോലുള്ള നിയമനിർമാണങ്ങൾ ഭീമമായ തോതിൽ ഉപയോഗിക്കുന്നത് നിങ്ങൾക്കു കാണാം. ഞാനിത് വായിച്ചു കേൾപ്പിക്കാൻ പോവുകയാണ്.

എന്നെ സംബന്ധിച്ച് ഈ രേഖ അതിപ്രധാനമായ വാർപ്പുമാതൃകയാണ്. രാജ്യത്തെമ്പാടുമുള്ള എല്ലാ HRCE (Hindu Religious and Charitable Endowments) നിയമനിർമാണങ്ങളിലും എന്താണ് പിഴവെന്നു സൂചിപ്പിക്കുന്ന മാതൃക. ഞാൻ നിങ്ങളോടു ഈ രേഖയുടെ പാശ്ചാത്തലത്തെ പറ്റി പറയാം, എന്നിട്ടു ബാക്കി തുടരാം.

തമിഴ്‌നാട് നിയമത്തിൽ ഒരു കുപ്രസിദ്ധമായ സെക്ഷൻ ഉണ്ട് – സെക്ഷൻ 45. ഹൈന്ദവ സ്ഥാപനങ്ങളിലേക്കു എക്‌സിക്യുട്ടീവ് ഓഫീസർമാരെ, സർക്കാർ നിയമിക്കുന്നത് ഈ സെക്ഷനിൽ പെടുന്നു. ഇവരാണ് ആ പ്രത്യേക സ്ഥാപനത്തിന്റെ ഭരണത്തിന്റെ ചുമതലയുള്ളവർ. 1965-ൽ സുപ്രീംകോടതി, തമിഴ്‌നാട്ടിലെ ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒരു തീരുമാനം പുറപ്പെടുവിച്ചു. ക്ഷേത്രങ്ങളെ എങ്ങിനെ നിയന്ത്രിക്കുന്നു, അവയോടു എങ്ങിനെ പെരുമാറുന്നു എന്നതിൽ ആ സംസ്ഥാനത്തിനു പ്രത്യേകരീതിയും ചരിത്രവുമുണ്ട്. കോടതി പ്രത്യേകം പറഞ്ഞത്, ഒരു സാഹചര്യത്തിലും സംസ്ഥാനഭരണകൂടം ക്ഷേത്രഭരണത്തെ പൂർണമായും അതിക്രമിച്ചു വശത്താക്കരുത്. എന്തുകൊണ്ടാണിത്? കാരണം, സംസ്ഥാനഭരണകൂടത്തിനു അധികാരം നൽകുന്ന ആർട്ടിക്കിൾ 25 2(a), സെക്യുലർ പ്രവൃത്തികളെ നിയന്ത്രിക്കാനോ, പരിമിതപ്പെടുത്താനോ മാത്രമേ പറയുന്നുള്ളൂ, പൂർണ നിയന്ത്രണമോ ഭരണമോ അനുശാസിക്കുന്നില്ല. ഒരു പ്രത്യേകലക്ഷ്യത്തിന്, അതായത് ഭുർഭരണത്തിനും പിടിപ്പുകേടിനും തടയിടാൻ വേണ്ടി നിങ്ങൾ ഒരു പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നാണ് ഇതിന്റെ അർത്ഥം. ഈ സംവിധാനം നടപ്പിലാക്കാൻ കഴിയുന്ന ഓഫീസർമാരെ തിരഞ്ഞെടുക്കാൻ ഹൈന്ദവസമൂഹത്തിനെ നിങ്ങൾ അനുവദിക്കും. എന്നാൽ നിങ്ങൾക്കു സ്വയം ആ സംവിധാനത്തിന്റെ ഭാഗമാകാനോ, ഭരണകൂടം നിയമിക്കുന്ന ഉദ്യോഗസ്ഥൻ സ്വയം ഈ സംവിധാനത്തിന്റെ അധിപതിയാകുന്നത് അനുവദിക്കാനോ പറ്റില്ല. കാരണം, അത് ഭരണസംവിധാനം പൂർണമായും ഏറ്റെടുക്കുന്നതിനു സമമാണ്.

വിധിപ്രസ്താവത്തിൽ സുപ്രീംകോടതി അസന്നിഗ്ദമായി മേൽനോട്ടവും, ഭരണമേറ്റെടുക്കലും തമ്മിലുള്ള വ്യത്യാസത്തിനു അടിവരയിട്ടു. 2014 ഡിസംബർ 6-നു സുപ്രീംകോടതി മറ്റൊരു വിധി പുറപ്പെടുവിച്ചു. ഈ കേസിൽ സുബ്രമണ്യസ്വാമിയാണ് തിള്ളൈ നടരാജക്ഷേത്രത്തെ (ചിദംബരം ക്ഷേത്രം) പ്രതിനിധീകരിച്ചത്. ഇതിൽ സുപ്രീംകോടതി സുവ്യക്തമായി സെക്ഷൻ 45-നേയും ഇത്തരം നിയമനിർമാണങ്ങളുടെ പൊതുപദ്ധതിയേയും വ്യാഖ്യാനിച്ചു. അതുപ്രകാരം, ഭരണകൂടത്തിനു മതവിഭാഗങ്ങളുടെ അവകാശങ്ങളെ ബഹുമാനിക്കണമെന്നുണ്ടെങ്കിൽ, അതായത്, ആർട്ടിക്കിൾ 26 അനുസരിച്ച് അവർ സ്വന്തം സ്ഥാപനങ്ങൾ നിയമപ്രകാരം കൈകാര്യം ചെയ്യുന്നത് തുടരണമെങ്കിൽ, ഭരണകൂടം ആ സ്ഥാപനങ്ങളിൽ പൂർണമായും സ്വയം അവരോധിക്കരുത്. അവയെ നിയന്ത്രിക്കാനും പരിമിതപ്പെടുത്താനുമുള്ള അവകാശമല്ലാതെ, ഭരണം ഏറ്റെടുക്കാൻ ഭരണകൂടത്തിനു അധികാരമില്ല. കോടതി ഇത് അസന്നിഗ്ദമായി തന്നെ പ്രസ്താവിച്ചു. എന്ത് ഉള്ളടക്കത്തിന്റെ ആധാരത്തിലാണ് ഈ വിധി പുറപ്പെടുവിച്ചത്? 1954 മുതൽ 2014-ൽ വിധിപ്രസ്താവന വന്ന ദിവസം വരെ, തമിഴ്‌നാട് സംസ്ഥാനമെങ്ങും എക്സി‌ക്യുട്ടീവ് ഓഫീസർമാർ നിയമിതരായിരുന്നു. എല്ലാ ക്ഷേത്രങ്ങളിലും, ഒരുലക്ഷമോ പതിനായിരമോ അതിൽ താഴെയോ വരുമാനമുള്ള എല്ലാ ക്ഷേത്രങ്ങളിലും ഓഫീസർമാർ നിയമിതരായി, ഭരണമാകെ ഏറ്റെടുക്കപ്പെട്ടു. എന്നാൽ, എക്സിക്യുട്ടീവ് ഓഫീസർമാരെ ഉന്നതസ്ഥാനത്ത് നിയമിച്ച്, ക്ഷേത്രങ്ങളെ ബുദ്ധിമുട്ടിക്കാനുള്ള കാരണമോ വാക്കാലുള്ള നിർദ്ദേശമോ ഒരിക്കലും നൽകപ്പെട്ടില്ല.

ഒരു പ്രത്യേക ക്ഷേത്രത്തിനു നിങ്ങൾ എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ചാൽ, (ഇക്കാര്യത്തിൽ ചില ഒളിച്ചുകളികൾ ഉണ്ടെന്നെങ്കിലും നിങ്ങളുടെ മനസ്സിൽ തോന്നണം). അത് രേഖകളിൽ വ്യക്തമാക്കണം, നിയമിക്കുന്നതിന്റെ കാരണവും നൽകണം. സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്ത്വമാണിത്. ഭരണകൂടം ഒരു സ്വകാര്യം സ്ഥാപനത്തിന്റെ ഭരണത്തിൽ ഇടപെടാൻ തീരുമാനിച്ചാൽ, അതിന്റെ കാരണം, അതായത് അങ്ങിനെ ചെയ്യാനുള്ള അധികാരമുണ്ടെന്നു എന്തുകൊണ്ട് നിങ്ങൾ കരുതുന്നെന്ന് ഞങ്ങളോടു പറയുക… ഒരു കാരണം പോലും ഇതുവരെ നൽകിയിട്ടില്ല. ഇത്രമാത്രം എക്സിക്യുട്ടീവ് ഓഫീസർമാരെ തമിഴ്‌നാട്ടിൽ ഉടനീളം നിയമിക്കാൻ, ഒരു തെളിവുപോലും, സുപ്രീംകോടതിക്കു മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടില്ല. ഏറ്റവും പ്രധാനമായി, ഒരിക്കൽ എക്സിക്യുട്ടീവ് ഓഫീസർ നിയമിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ, ഒരു ദുഷ്പ്രവണത നിലനിൽകുന്നതു വരെ അദ്ദേഹത്തിനു തൽസ്ഥാനത്തു തുടരാനാകും.

എന്നാൽ ദുഷ്‌പ്രവണത ഒരിക്കൽ പരിഹരിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ അദ്ദേഹത്തിനു ആ സ്ഥാനത്തു തുടരാനാകില്ല. അദ്ദേഹം പടിയിറങ്ങേണ്ടി വരും. അതല്ലാതെ വേറെ മാർഗ്ഗമില്ല, പുറത്താക്കപ്പെടുമെന്ന് നിശ്ചയം. ഈ വിഷയത്തിലുള്ള എല്ലാ വിധികളും അനിശ്ചിതകാലത്തേക്കു ഉള്ളതാണ്. എന്നുവച്ചാൽ, (ഒരിക്കൽ വിധി വന്നാൽ പിന്നെ അത് തുടരും) തൽസ്ഥാനത്തു നിന്ന് അദ്ദേഹത്തെ നീക്കാൻ ഒരു മാർഗവുമില്ല. ഇത്തരത്തിൽ…. സുപ്രീംകോടതി പ്രസ്താവിച്ചു, സെക്ഷൻ 45-നു കീഴിൽ നിങ്ങൾ നടത്തിയ എല്ലാ നിയമനങ്ങളും രണ്ട് നിബന്ധനകളെ ലംഘിക്കുന്നതാണെങ്കിൽ, അതായത് ദുഷ്‌പ്രവണതകളെ തിരിച്ചറിയാതെയും നിയമന കാലാവധി നിർണയിക്കാതെയും നടത്തിയതാണെങ്കിൽ, അതെല്ലാം ഭരണഘടനയേയും ആർട്ടിക്കിൾ 26-നേയും ലംഘിക്കുന്നവയാണ്. ഇതായിരുന്നു സുപ്രീംകോടതിയുടെ പരാമർശം.

അപ്പോൾ, തമിഴ്‌നാട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ പുതിയ നിയമാവലിയുമായി വന്നു. കാരണം, സെക്ഷൻ 45-നു കീഴിൽ, എക്സിക്യുട്ടീവ് ഓഫീസർമാരുടെ നിയമനത്തിനു സത്യത്തിൽ അവർ നിയമങ്ങൾ ഉണ്ടാക്കേണ്ടിയിരുന്നു. 2015 നവംബർ വരെ നിയമം പോലും ഇല്ലായിരുന്നു, എന്നിട്ടും എല്ലാവർക്കും നിയമനം നൽകി. നിയമം വഴി നടക്കേണ്ടിയിരുന്ന നിയമനത്തിനു നിയമം ഇല്ലാതിരുന്നതിനാൽ, ഉദ്യോഗസ്ഥർ നിയമത്തിനു രൂപംനൽകി. സുപ്രീംകോടതി നിങ്ങളോടു പറഞ്ഞിരുന്നെങ്കിൽ, ‘നിങ്ങൾ നിയമം ലംഘിച്ചു, നിങ്ങളുടെ എല്ലാ മുൻനിയമനങ്ങളും അസാധുവാണ്’, കാര്യങ്ങൾ ഇങ്ങിനെയാകില്ലായിരുന്നു’, (പുതിയ നിയമത്തിനു കീഴിൽ നിങ്ങൾ പറയും, മുമ്പ് ഞാൻ ചെയ്തതത്രയും നിയമപരമാണെന്ന്). നിങ്ങൾ നിങ്ങളുടെ പാപങ്ങൾ ഒഴുക്കിക്കളയാൻ സ്നാനം നടത്തുന്ന ഗാംഗോത്രി അല്ല ഇത്. മുൻപാപങ്ങൾ കയ്യൊഴിയുകയാണ് അവർ ഈ രേഖയിൽ ചെയ്തത്.

അവർ അടിസ്ഥാനപരമായി പറയുന്നത്, ഇതുവരെ എത്ര നിയമനങ്ങൾ നടന്നുവോ അതെല്ലാം നിയമപരമാണെന്നു നിങ്ങൾ ദയവായി സമ്മതിക്കുക.., ശരി സമ്മതിച്ചു.… ഇത് ഹൈസ്കൂളിൽ കളിക്കുന്ന ഒരു ഗെയിമാണോ? നിങ്ങൾ ഒരു നിയമത്തിന്റെ സഹായത്തോടെ ഒരു പ്രത്യേകസമൂഹത്തിന്റെ സ്ഥാപനങ്ങളിൽ കടന്നുകയറി. എന്നാൽ ആ നിയമം അനുശാസിക്കുന്നത് എക്സിക്യുട്ടീവ് ഓഫീസർമാരുടെ നിയമനത്തിനു നിയമങ്ങൾ രൂപീകരിക്കണമെന്നും, സ്ഥാപനത്തിൽ ഓഫീസർമാരുടെ ഇടപെടലിനു കാരണമായ കെടുകാര്യസ്ഥതയും ദുഷ്‌പ്രവണതയും രേഖപ്പെടുത്തണമെന്നും ആണ്. പക്ഷേ നിങ്ങൾക്കു നിയമങ്ങൾ തന്നെ ഇല്ല, സ്ഥാപനത്തിൽ കയറി ഇടപെട്ടതിന്റെ കാരണവും നിങ്ങൾ ബോധിപ്പിക്കുന്നില്ല. മാത്രമല്ല, ഭാവി നിയമനങ്ങൾക്കുള്ള നിയമങ്ങൾ രൂപീകരിച്ചു വരാൻ സുപ്രീംകോടതി നിർദ്ദേശിച്ചപ്പോൾ, നിങ്ങളുടെ ഭൂതകാല തെറ്റുകൾ കൂടി സാധൂകരിക്കപ്പെടുകയുണ്ടായി. ഇത് നിങ്ങളുടെ തെറ്റുകളെ വെള്ളപൂശലാണ്. ഇതല്ലാതെ മറ്റെന്താണ് നിങ്ങൾ ചെയ്യുന്നത്? അനധികൃതമായതിനെ അംഗീകൃതമാക്കൽ. നിങ്ങൾ ഇതൊന്ന് വായിച്ച് നോക്കണം.

ഞാൻ ചില ഭാഗങ്ങൾ വായിക്കാം. അവ തന്നെ ധാരാളമാണ്, സമഗ്രവും. ഇവിടെ… കമ്മീഷണർ സ്വമേധയാലോ ജോയിന്റ് കമ്മീഷണറിൽ നിന്നോ ഡെപ്യൂട്ടി കമ്മീഷണറിൽനിന്നോ ലഭിച്ച ഒരു റിപ്പോർട്ടിനു ശേഷം, കാര്യങ്ങൾ പരിശോധിച്ച്, റിപ്പോർട്ടിൽ പറയുന്നത് അത്യാവശ്യമാണെന്ന് വിലയിരുത്തി. ഇവിടെയാണ് എല്ലാത്തിന്റേയും ആരംഭം. കളികൾ ഇവിടെ തുടങ്ങുന്നു. മതസ്ഥാപനങ്ങളുടെ കാര്യക്ഷമവും അനുയോജ്യവുമായ ഭരണത്തിനും പരിപാലനത്തിനും, കമ്മീഷണർ ഒരു എക്സിക്യുട്ടീവ് ഓഫീസറെ നിയമിക്കാൻ തീരുമാനമായി. എത്ര മഹാമനസ്കതയുള്ള നിയമം!

ഇതിന്റെ പേരിൽ നിങ്ങൾക്കു എന്തുവേണമെങ്കിലും ചെയ്യാം. രണ്ടാമതായി, ഏതു മതസ്ഥാപനത്തിന്റേയും നടത്തിപ്പിൽ തുടർച്ചയായി ഉപേക്ഷയുണ്ടാകുന്നെന്നു കരുതാൻ മാത്രം അദ്ദേഹത്തിനു മതിയായ കാരണമുണ്ടാകാം. ഇക്കാര്യത്തിൽ എനിക്കു തർക്കമില്ല… അവിടെ ക്രമക്കേടുണ്ട്, അഴിമതിയുണ്ട്, അപഹരണമുണ്ട്, ഇനി പത്താമത്തെ അടവായി, ഇതല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണമുണ്ട്. ഇതിന്റെ അർത്ഥം ഇതാണ് – ഒരു ബോക്സിങ് മാച്ച് ഉണ്ടെങ്കിൽ, ബെൽറ്റിനു കീഴെ പഞ്ച് ചെയ്യാൻ പാടില്ലെന്നു ഞാൻ പറയും. പിന്നെ, എന്റെ അടുത്ത തന്ത്രം എവിടെയെങ്കിലും മാരകമായി പ്രഹരിക്കുകയാണ്. ഇതിനെയാണ് നിയമപരമായ കല്പനാസൃഷ്ടി എന്നു പറയുന്നത്. നിയമം കൊണ്ടുള്ള തട്ടിപ്പാണിത്. ഞാൻ ആറ് വ്യവസ്ഥകൾ നൽകുകയും, ശരീരത്തിലെ ആക്രമിക്കപ്പെടാൻ പാടില്ലാത്ത ഭാഗങ്ങളെ നിർണയിക്കുകയും ചെയ്തു; അതിനുശേഷം ഞാൻ അവസാനത്തെ വ്യവസ്ഥ വച്ചു – ഒരു മുഷ്ടിയും കെട്ടിയിടപ്പെട്ടിട്ടില്ല. ചെയ്യേണ്ടതെന്താണോ, അതു ചെയ്തോളൂ, മറ്റെന്തെങ്കിലും കാരണം പറഞ്ഞ്. ഇതാണ് അടവ്.

 

അതുകൊണ്ട്, എന്നെ സംബന്ധിച്ച് ഇതൊന്നുമല്ല. സത്യത്തിൽ ഈ നിയമങ്ങൾ മാത്രമാണ് വിഷയം. പിന്നെ മിസ്റ്റർ രമേഷ് എന്നൊരു വ്യക്തിയുണ്ട്. ആദ്ദേഹം എന്നോടൊത്ത് പ്രവർത്തിക്കുന്നുണ്ട്. അല്ലെങ്കിൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നു. ഈവിധ പെറ്റീഷനുകളിൽ രമേഷ് എന്റെ ക്ലയന്റാണ്. അദ്ദേഹം Temple Worship Society-യെ പ്രതിനിധീകരിക്കുന്നു. ഞാൻ അദ്ദേഹത്തെ ഇവിടെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു.

അദ്ദേഹമാണ് ഈവിധത്തിലുള്ള എല്ലാ പ്രവൃത്തികൾക്കും പിന്നിലെ ബുദ്ധികേന്ദ്രം. ഞാൻ നിങ്ങളോടു തറപ്പിച്ചു പറയുന്നു, ഓരോരോ നിയമനിർമാണങ്ങളുടേയും വ്യവസ്ഥകൾ അദ്ദേഹത്തേക്കാളും നന്നായി അറിയുന്ന ഒരൊറ്റ അഭിഭാഷകൻ പോലും ഈ രാജ്യത്തില്ല. ഇതെല്ലാം പഠിക്കാനായി ഞാൻ അദ്ദേഹത്തിന്റെ കാൽക്കീഴിൽ ഇരുന്നിട്ടുണ്ട്. ശരിയായ വസ്തുതകളും, മികച്ച ഡാറ്റകളും അദ്ദേഹത്തിനറിയാം. അദ്ദേഹം തമിഴ്നാട്ടിലെ ഒരു ക്ഷേത്രം സന്ദർശിക്കുകയാണെങ്കിൽ, ക്ഷേത്രഅധികാരികൾ വിറച്ച് പരിഭ്രമിക്കും, കാരണം അവർക്കറിയാം കാര്യങ്ങൾ കുഴപ്പത്തിലാകാൻ പോവുകയാണെന്ന്.

അപ്പോൾ, ഞാനെന്തുകൊണ്ടാണ് ഇത് പറയുന്നത്? ഈ നിയമനിർമാണങ്ങളിലുള്ള എല്ലാ പിഴവുകളും എനിക്കു തെളിയിക്കാൻ പറ്റുക ഈ രേഖ ഉപയോഗിച്ചാണ്. എനിക്കു ഈ ഓരോരോ നിയമനിർമാണങ്ങളേയും തകർത്തു തരിപ്പണമാക്കേണ്ടതുണ്ടെങ്കിൽ, ഞാൻ ഈ നിയമങ്ങൾ കോടതിയിൽ ബോധിപ്പിച്ചാൽ മതി. അത്രയുമാണ് ഞാൻ ആകെക്കൂടി ചെയ്യേണ്ടത്. കേസിന്റെ പശ്ചാത്തലമോ മറ്റോ സമർപ്പിച്ച് ഞാനതിനെ പിന്തുണക്കേണ്ടതില്ല.

യുക്തിപൂർവം ചിന്തിക്കുന്ന ഏതൊരു വ്യക്തിയുടേയും ധർമ്മബോധത്തെ ഇത് ഉലയ്ക്കും. എന്തെങ്കിലും കാരണത്താൽ, ആരെ വേണമെങ്കിലും ഹൈന്ദവസ്ഥാപനങ്ങളിൽ നിയമിക്കാമെന്ന് നിങ്ങൾക്കു എങ്ങിനെ പറയാൻ കഴിയും? കാരണം നൽകുക; അവ വസ്തുനിഷ്ടമായിരിക്കണം. അതിനൊരു സമയപരിധിയും ഉണ്ടായിരിക്കണം. ഇവിടെയാണ് കാര്യം കിടക്കുന്നത്. ഒരു അന്വേഷണത്തിനു ശേഷം കമ്മീഷണർ, ക്ഷേത്രതാല്പര്യം സംരക്ഷിക്കാൻ ഒരു നിശ്ചിതകാലത്തേക്കു ഇത് ആവശ്യമുള്ളതാണെന്നു കണ്ട് പരിഗണിക്കും. സമയപരിധി ഒന്നോ ഒന്നിലധികമോ കാലഘട്ടം ആകാം. കമ്മീഷണർ തീരുമാനിക്കുന്ന ഇത്, പക്ഷേ 5 കാലഘട്ടത്തിൽ, 5 വർഷത്തിൽ കൂടാൻ പാടില്ല. ഇപ്പോൾ, ആദ്യം 5 വർഷത്തേക്കു നിയമിക്കും, അതുകഴിഞ്ഞാൽ വീണ്ടും രണ്ടാമത് 5 വർഷത്തേക്കു പുതുക്കും, ഇത് വീണ്ടും തുടർന്നുകൊണ്ട് പോകും. ഉദ്യോഗസ്ഥ നിയമനം നിശ്ചിതകാലത്തേക്കാണെന്നു പറയുന്ന നിയമങ്ങളെ നിങ്ങളെങ്ങിനെ മറികടക്കും അല്ലെങ്കിൽ വളഞ്ഞവഴിയാൽ ഒഴിവാക്കും? – നിശ്ചിത സമയപരിധി നൽകുക, പക്ഷേ അതിനെ അനിശ്ചിതമായി പുതുക്കി നൽകിക്കൊണ്ടിരിക്കുക. ഇതൊരു ടോപ് അപ്പ് പോലെയാണ്, നിങ്ങൾ പണം നൽകേണ്ടതില്ല. അത് തുടർന്നു പോയ്ക്കോളും. ഇത് തെർമോ‌ഡൈനാമിക്സിന്റെ ആദ്യനിയമത്തെ ലംഘിക്കുന്നു. ഇത് സ്വയം നിലനിന്നു പോരുന്ന ഒരു യന്ത്രമാണ്, സ്വന്തം നിലയിൽ അവ ജീവിക്കുന്നു, അവയ്ക്കു ഒന്നിനേയും ആവശ്യമില്ല.

ഇപ്രകാരം, നിങ്ങൾ ഈ നിയമങ്ങൾ വായിച്ചാൽ, അത് ഹൈന്ദവസമൂഹത്തിന്റെ മുഖത്തേറ്റ അടിയാണ്; ഞാൻ കരുതുന്നു ഈ സമൂഹം അത് അർഹിക്കുന്നുണ്ടെന്ന്. (ഇങ്ങിനെ പറയേണ്ടി വന്നതിൽ ഞാൻ ഖേദിക്കുന്നു) എന്തുകൊണ്ടെന്നാൽ, നിങ്ങൾ കുറേക്കാലമായി ഇതിനു വിധേയമായി, അടങ്ങിയൊതുങ്ങി കഴിയുന്നു. ഞാൻ തമിഴ്‌നാട്ടിലെ ഒരു അഭിഭാഷകനായിരുന്നെങ്കിൽ, എനിക്ക് ഈ നിയമനിർമാണങ്ങൾ ലഭ്യമായിരുന്നെങ്കിൽ, എരിയുന്ന കൽക്കരിയിലൂടെന്ന പോലെ, ഭരണകൂടത്തെ കോടതിയിൽ വലിച്ചിഴയ്ക്കാൻ ഇതിലും മികച്ച കേസ് എനിക്കു വേണമോയെന്ന് ഞാൻ സ്വയം ചോദിക്കുമായിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തിൽ നാം വളരെ ആശങ്കാകുലരാണ്, എന്തുകൊണ്ടെന്നാൽ അതൊരു മൗലികാവകാശമാണ്. ഇതും അതേപോലെ ഒരു മൗലികാവകാശമാണ്, കാരണം ഇത് ഭരണഘടനയുടെ മൂന്നാം പാർട്ടിനു കീഴിൽ വരുന്നു. മറ്റൊരു സമൂഹത്തിന്റെ അവകാശങ്ങളാണ് ഇതുപോലെ ചവിട്ടി അരയ്ക്കപ്പെടുന്നതെങ്കിൽ, അതിന്റെ പ്രതികരണങ്ങൾ തികച്ചും വ്യത്യസ്തവും, ഭരണഘടനാപരവുമല്ലായിരുന്നേനെ. ഒരു വിഷയം കൂടി ഞാനിവിടെ വായിച്ചു കേൾപ്പിക്കാൻ ആഗ്രഹിക്കുന്നു. ഏതാനും മിനിറ്റുകൾ കൂടി ശ്രദ്ധിക്കുക.

ഇത് പ്രകാരം, മതസ്ഥാപനങ്ങളുടെ കാര്യക്ഷമമായ ഭരണത്തിന്റെ ഉത്തരവാദിത്വം എക്സിക്യുട്ടീവ് ഓഫീസർക്കാണ്. (ആവർത്തനം), ട്രസ്റ്റിമാർ, മാനേജ്‌മെന്റ്, ബോർഡ് ഓഫ് ട്രസ്റ്റീസ്, ഇവർക്കാർക്കുമല്ല ഭരണത്തിന്റെ ഉത്തരവാദിത്വം. എക്സിക്യുട്ടീവ് ഓഫീസർ പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ നിയമപരമായി നടപ്പാക്കാവുന്നതാണ്. ഇവിടെയാണ് കാര്യം… എല്ലാ സ്റ്റാഫുകളും മറ്റു ജീവനക്കാരും എക്സിക്യുട്ടീവ് ഓഫീസറുടെ നേരിട്ടുള്ള നിയന്ത്രണത്തിലും മേൽനോട്ടത്തിലും ആയിരിക്കും. അപ്പോൾ, മതസ്ഥാപനത്തിൽ നിയമിക്കപ്പെടുന്ന ഏതൊരുവനും, ഭരണകൂടം നിയമിച്ച ഉദ്യോഗസ്ഥന്റെ അധീനതയിൽ ആയിരിക്കും. ഇപ്പോൾ നിങ്ങൾ നോക്കൂ, ഈ വിഭാഗം എങ്ങിനെയാണ് പ്രവർത്തിക്കുന്നതെന്ന്. ഞാൻ മതപരമായതിൽ ഇടപെട്ടിട്ടില്ല, ഞാൻ സെക്യുലർ കാര്യത്തിലേ ഇടപെട്ടുള്ളൂ. ഇതുകൊണ്ട് നിങ്ങൾക്കെന്താണ് പ്രശ്നം? പ്രശ്നമെന്തെന്നാൽ, മതാചാരക്രിയകൾ ചെയ്യുന്ന വ്യക്തി എക്സിക്യുട്ടീവ് ഓഫീസർ പറയുന്നതിനു ചെവികൊടുക്കണമെന്ന രീതിയിൽ നിങ്ങൾ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. മതസ്ഥാപനത്തിനുള്ളിൽ ജോലിചെയ്യുന്നവരെല്ലാം, ഓഫീസറുടെ നിയന്ത്രണത്തിലായി മാറുകയും ചെയ്തിരിക്കുന്നു. ഇത്തരം വഞ്ചനാപരമായ രീതിയിലാണ് ഈ നിയമങ്ങൾ പ്രവർത്തിക്കുന്നത്.

ഇനി ഒരുകാര്യം കൂടി. അവർ എങ്ങിനെയാണ് ഈ പാപങ്ങൾ കഴുകിക്കളയുന്നതെന്നു ഞാൻ കാണിച്ചുതരാം. ഈ നിയമങ്ങളിലുള്ള ഒന്നും, ഈ നിയമം പാസാക്കിയ തീയതിക്കു തൊട്ടുമുമ്പ് നിയമിതനായ എക്സിക്യുട്ടീവ് ഓഫീസറുടെ അധികാരങ്ങളെ പ്രതികൂലമായി ബാധിക്കില്ല. ഇതൊക്കെയാണ് നിങ്ങളുടെ ദുഷ്‌ചെയ്തികൾ. ഇപ്പോൾ എല്ലാ പാപങ്ങളും ഇതിൽ കഴുകിക്കളഞ്ഞിരിക്കുന്നു. ഇതെല്ലാം തമിഴ്‌നാടിനെ മാത്രം കണക്കിലെടുത്തു കൊണ്ടുള്ളതല്ല. ആന്ധ്രപ്രദേശ് നിയമത്തിൽ, ക്ഷേത്രത്തിൽ ഭജന-കീർത്തങ്ങൾ ദൈനംദിനം നടത്തുന്നത് ഉറപ്പാക്കാനുള്ള വകുപ്പുകൾ എക്സിക്യുട്ടീവ് ഓഫീസർക്കുണ്ട്. ക്ഷേത്രത്തിനുള്ളിലും തീരുമാനമെടുക്കാൻ ഓഫീസർക്കു അധികാരമുണ്ടെന്നു ചുരുക്കം. നിങ്ങൾക്കു ഇതിന്റെ കോൺട്രാക്ട് എപ്പോൾ ആരാണ് തന്നത് സാർ?   

ഒരു വശത്തു നാം പറയുന്നു, എനിക്കു നിരീശ്വരവാദി ആകാനുള്ള അവകാശമുണ്ടെന്ന്. മറുവശത്ത്, എക്സിക്യുട്ടീവ് ഓഫീസർ വഴി ഇവരുടെ കയ്യിൽ മജ്ഞീര, അവരുടെ കയ്യിൽ ധോലക് എന്നു പറഞ്ഞ്, നമ്മെ ഒരിടത്തിരുന്ന് ഭജന നടത്താനും ഇത് നിർബന്ധിക്കുന്നു. തത്ത്വത്തിൽ അവ പ്രവർത്തിക്കുന്നത് ഇപ്രകാരമാണ്.

ഞാൻ പറയുന്നത് തെറ്റാണോ സാർ? ഇതുപോലൊരു നിയമവകുപ്പ് ഉണ്ട്. ഒരു മീറ്റിങ്ങിനിടയിൽ ഇത് വായിച്ചപ്പോൾ, ഞങ്ങൾ അമ്പരന്നു പോയി. സത്യത്തിൽ കരയണോ, അതോ ചിരിക്കണോ എന്നെനിക്കറിയില്ലായിരുന്നു. എന്റെ പാതിമുഖം കരയുകയും, മറുപാതി ചിരിക്കുകയുമായിരുന്നു. ഇത്തരം ഉദാഹരണങ്ങൾ, ഇതുപോലുള്ള മറ്റനേകം നിയമനിർമാണങ്ങളിലും ഉണ്ടെന്നതാണ് പോയിന്റ്. മഹാരാഷ്ട്ര സർക്കാർ സിദ്ധിവിനായക ക്ഷേത്രത്തോടു, അവരുടെ ധനത്തിന്റെ 50% ആശുപത്രി നിർമാണത്തിനു നൽകാൻ ചോദിച്ചെന്ന വാർത്ത റിപ്പോർട്ടുകൾ നിങ്ങൾ തീർച്ചയായും വായിച്ചിരിക്കുമല്ലോ. നരകത്തിലേക്കുള്ള ഈ പാതയിൽ സദ്ദുദ്ദേശങ്ങൾ വ്യാപരിച്ചിരിക്കുന്നു. ആശുപത്രിനിർമാണത്തിനു ധനം വിനിയോഗിക്കുന്നത് തെറ്റല്ല. നിങ്ങളിതിനു വായ്പ നൽകുമോ? അതൊരിക്കലും പെട്ടെന്നു കിട്ടുകയില്ല. ഹൈന്ദവ സ്ഥാപനങ്ങളും, ഹൈന്ദവ ആൾദൈവങ്ങളെന്നു പറയപ്പെടുന്നവരും, അഴിമതിയുടെ ചെളിക്കുണ്ടായി കണക്കാക്കപ്പെടുന്നു. ഈ വാർപ്പുമാതൃകയെ നാം ബലപ്പെടുത്തും. അവ വൃത്തികേടിന്റേയും, പൊതുഖജനാവിലെ ധനമോഷണത്തിന്റേയും, അന്ധവിശ്വാസങ്ങളുടേയും ചെളിക്കുണ്ടാണ്. ഈ വാർപ്പുമാതൃകയെ ശാശ്വതവൽക്കരിക്കുമ്പോഴും, തങ്ങളുടെ സ്ഥാപനങ്ങളെ സർക്കാർ ഏറ്റെടുക്കുമ്പോൾ, അതുകണ്ട് നിശബ്ദരും സഹിഷ്ണുവുമായി തുടർന്ന ഹൈന്ദവർക്കു നിങ്ങൾ ഒരിക്കലും ബഹുമാനം നൽകില്ല. ഇത് സെക്യുലർ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ളത് മാത്രമാണെന്ന് ദയവായി മനസ്സിലാക്കുക. മതകാര്യത്തിൽ ബാഹ്യഇടപെടലുകൾ നടക്കുകയാണ്. നാളെ, അടുത്ത കൊല്ലം, രാഖി (രക്ഷാബന്ധൻ) ആഘോഷിക്കാൻ പറ്റുമെന്നു എനിക്കു തോന്നുന്നില്ല. എനിക്കറിയില്ല, ഏത് ചുവപ്പൻ സേനയാണ്, ഇത് ഇന്നതിനു എതിരാണ്, അത് ഇതിനു എതിരാണ് എന്നു ഉച്ചത്തിൽ ആക്രോശിച്ച് വരികയെന്ന്. ഭാവിയിൽ, സപ്തതി ആഘോഷചടങ്ങിന്റെ ഭാഗമായി പുരുഷനു പിന്നിൽ നടക്കുന്ന സ്ത്രീ, ഫെമിനിസത്തിനു എതിരാണെന്ന് വന്നേക്കാം. ഇനി നേർവിപരീതമായി ചെയ്യാം. ഘടികാരദിശയിൽ ചെയ്യാമെങ്കിൽ, ഘടികാരദിശയ്ക്കു എതിരായും ചെയ്യാം. എല്ലാം വിപരീതദിശയിൽ ചെയ്യാം.

നമ്മുടെ സ്ഥാപനങ്ങളുടെ സെക്യുലർ ഘടകങ്ങൾക്കു നേരെ ആസൂത്രിതമായി ആക്രമണം നടക്കുമ്പോൾ തന്നെ, തത്തുല്യമായ കൈയേറ്റം മതഘടകങ്ങളെക്കെതിരെയും ഉണ്ട്. ഇവിടെ ‘കയ്യേറ്റം’ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, മതപരമായതിൽനിന്നു സെക്യുലർ കാര്യങ്ങൾ വ്യത്യസ്തമാണെന്നാണ്. അതുകൊണ്ട് ഇക്കാര്യങ്ങൾ ഞാൻ നോക്കിക്കോളാം, കൈകാര്യം ചെയ്തോളാം. എന്നാൽ, മതപരമായ വിഷയത്തിൽ കൈകടത്തുന്നതിനു നിങ്ങളുടെ ന്യായീകരണമെന്ത് – അഭിപ്രായസ്വാതന്ത്ര്യം, തുല്യത, വിവേചനം, അന്ധവിശ്വാസം. ഹിന്ദു ജീവിതരീതിയിൽ കൈകടത്തുന്നതിനു നിങ്ങൾ എല്ലാതരം രീതികളും ഉണ്ടാക്കിയിട്ടുണ്ട്. അത്ര തന്നെ.

നിങ്ങളിതിനെ എങ്ങിനെ കൈകാര്യം ചെയ്യും? എന്റെ വിനീതമായ അഭ്യർത്ഥന, (ഇങ്ങിനെ പറയുന്നതിനു, ആരെങ്കിലും എന്നെ വിധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇനി അഥവാ നിങ്ങൾ വിധിച്ചാലും, അതിൽ കുഴപ്പമില്ല). ഒരു രാഷ്ട്രീയ സംഘടനയിലും വിശ്വാസമർപ്പിക്കരുത്, എന്തുകൊണ്ടെന്നാൽ എല്ലാ രാഷ്ട്രീയസംഘടനകളും അവരുടെ സ്വന്തം അതിജീവനത്തിനു ആവശ്യമായ ഏതു നീക്കുപോക്കും ചെയ്യും. നിങ്ങളുടെ കൂട്ടായ സഖ്യത്തിൽ വിശ്വാസമർപ്പിക്കുക, നിങ്ങളുടെ സമൂഹത്തിന്റെ താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രൂപ്പായി ഒത്തുചേരാനുള്ള നിങ്ങളുടെ കഴിവിൽ വിശ്വാസമർപ്പിക്കുക. നിങ്ങൾ മറ്റൊരു സമൂഹവുമായും കലഹിക്കുകയല്ല. ഭരണകൂടത്തോടു പിൻവാങ്ങാനാണ് നിങ്ങൾ ആകെക്കൂടി ആവശ്യപ്പെടുന്നത്. ഭരണകൂടത്തോടു ഭരണഘടനാപരമായ പരിധിയ്ക്കുള്ളിൽ ഒതുങ്ങി നിൽക്കാൻ മാത്രമാണ് നിങ്ങൾ ആവശ്യപ്പെടുന്നത്. ഭരണഘടനാ തത്ത്വങ്ങൾ പാലിക്കാനും, നിയമാനുസൃത ഭരണം ഉറപ്പുവരുത്താനും മാത്രമാണ് നിങ്ങൾ സർക്കാറിനോടു പറയുന്നത്. ഇതെങ്ങിനെ യുക്തിരഹിതവും, വർഗീയവും, മൗലികവാദവും ആകുന്നെന്ന് എനിക്കു അറിയില്ല. നമ്മെ ഇതെങ്ങിനെ ഹിന്ദു താലിബാനാക്കി മറ്റുമെന്നും എനിക്കറിയില്ല.

ഇന്ത്യൻ ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കാനാണ് നിങ്ങൾ ആവശ്യപ്പെടുന്നത്, ഭരണകൂടത്തോടു നിങ്ങൾ നിങ്ങളുടെ പരിധിക്കുള്ളിൽ നിൽക്കുക എന്നാണ് നിങ്ങൾ പറയുന്നത്. ഞങ്ങളുടെ ഇടങ്ങളിൽ പ്രവേശിച്ച്, അതിർത്തി ലംഘിക്കരുത്. സാഹോദര്യം പുലർത്തുന്ന സംഘം എന്ന നിലയിൽ നാം ഒരു കാര്യം പഠിക്കണം; ഒരുപക്ഷേ മറ്റുള്ളവരിൽ നിന്നാകാം പഠിക്കേണ്ടത്. ഉദാഹരണമായി, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വക്താക്കളെന്നു പറയപ്പെടുന്നവരിൽ നിന്ന്. തുടർച്ചയായ സമ്മർദ്ദം ചെലുത്തി വാദിക്കുന്നതിന്റെ പ്രാധാന്യം അവർ മനസ്സിലാക്കിയിട്ടുണ്ടോ? ഇതിനായി നിങ്ങൾ തെരുവിലിറങ്ങി പ്രവർത്തിക്കേണ്ടതില്ല, മറ്റൊരാളെ അക്രമം ചെയ്യാൻ പ്രേരിപ്പിക്കേണ്ടതില്ല, അക്രമാസക്തമോ ഭരണഘടനാവിരുദ്ധമോ ആയതൊന്നും നിങ്ങൾ ചെയ്യേണ്ടതില്ല. ഭരണഘടനയിൽ വിശ്വാസമർപ്പിച്ച്, അതിനുകീഴിൽ നിങ്ങൾക്കുള്ള അവകാശങ്ങൾ പ്രയോഗിക്കുക. ഭരണഘടനയിൽ പ്രസ്താവിച്ചിട്ടുള്ള എല്ലാ മാർഗങ്ങളും സൂക്ഷ്മമായി വിലയിരുത്തി പൂർണതോതിൽ വിനിയോഗിക്കുക. ഇതെങ്ങിനെ തെറ്റാകും?

കുറേയധികം വ്യക്തികൾക്കു ഇത് രാഷ്ട്രീയപരമായി ശരിയല്ലായിരിക്കാം. എന്നാൽ ഇത് വാസ്തവത്തിൽ തെറ്റാണോ? അതാണ് പ്രധാനചോദ്യം. ഇത് തെറ്റല്ലെങ്കിൽ, നാമിത് ചെയ്യണമെന്നു ഞാൻ കരുതുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി ചെയ്യാൻ കഴിയുമെന്നു നാം പ്രതീക്ഷിക്കുന്ന ഒരു കാര്യം, ഈ മേഖലയിലെ സംഭവങ്ങളും പ്രവർത്തനങ്ങളും വിവരിക്കുന്ന, ജനങ്ങളാൽ ശേഖരിക്കപ്പെട്ട ഒരു സ്ഥിതിവിവര കണക്കുകളുടെ പ്രസിദ്ധീകരണമാണ്. പിന്നെയിത് ദേശീയതലത്തിലുള്ള ഒരു പ്രചാരണമായി മാറി, എല്ലാ സർക്കാറുകൾക്കും മുന്നറിയിപ്പ് നൽകണം. ഞാനിത് പരസ്യമായി പറയുന്നു. ഹൈന്ദവസ്ഥാപനങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറുന്നതിൽ തെറ്റില്ലെന്നു അവർ കരുതുന്നു. നിങ്ങൾക്കു ദൈവദത്തമായ ഒരു അവകാശവും ലഭിച്ചിട്ടില്ല. നിങ്ങൾക്കു ദൈവദത്തമായ ഒരു അവകാശവും ലഭിച്ചിട്ടില്ല; നാം നിർഭാഗ്യരായ ഹിന്ദുക്കൾ ആയിപ്പോയതുകൊണ്ടു മാത്രം, ഹൈന്ദവ സ്ഥാപങ്ങളിലേക്കു നടന്നുകയറാൻ  നിങ്ങൾക്കു അവകാശമില്ല. ഇത് സംഭവിച്ചു കൂടാ.

തീർച്ചയായും, പണ്ടത്തെ തലമുറയെ അപേക്ഷിച്ച് നിങ്ങൾക്കു ഇക്കാലത്തു ധാരാളം വിവരങ്ങൾ ലഭ്യമാണ്. ഭാവിയിലും ഇത് സാധ്യമാണ്, എന്നാൽ ഭൂതകാലത്ത് സാധ്യമായിരുന്നില്ല. ഈ വിഷയത്തിൽ ഉപയോഗിക്കാവുന്ന, വിഭവശേഷിയുള്ള ധാരാളം ആളുകൾ നിങ്ങൾക്കുണ്ട്. ഇതിനു സത്യത്തിൽ വലിയ ചിലവ് വരില്ല. ഇതൊരു വാണിജ്യസംബന്ധമായ വ്യവഹാരം അല്ല. പക്ഷേ അവർക്കു (സർക്കാറിനു) ഇത് വാണിജ്യപരമായ വ്യവഹാരമാണ്. നമുക്ക് അങ്ങിനെയല്ല. അശ്രാന്ത പരിശ്രമവും, അതിനു തയ്യാറുള്ള കുറച്ചു ആളുകളെയുമാണ് ഇതിനു ആകെ ആവശ്യം. ഭാവിയിൽ ഇതു ചെയ്യാമെന്നു ഞങ്ങൾ പ്രത്യാശിക്കുന്നു.

എപ്പോഴൊക്കെ ഈ വിഷയത്തിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നുവോ, അപ്പോൾ പലപ്പോഴും ഞാൻ നേരിട്ടിട്ടുള്ള ഒരു ചോദ്യമുണ്ട് – ഇതെല്ലാം ശരി തന്നെ. പക്ഷേ ഇന്നു നിലവിലുള്ള ഈ നടപ്പുരീതിയെ അടിയോടെ ഒഴിവാക്കിയാൽ നിങ്ങളുടെ പക്കലുള്ള ബദൽ മാർഗം എന്ത്? നിങ്ങൾ എന്താണ് ചെയ്യുക? പരിചയമുള്ള ഒരു ചെകുത്താൻ പരിചയമില്ലാത്ത മാലാഖയേക്കാൾ നല്ലതാണെന്ന്. അസംബന്ധം!

               ഞാൻ നിങ്ങൾക്കു നേരിട്ടു മറുപടി തരാം. നിയമപരമായ ബദൽ ഇല്ലെന്നതുമൂലം, നിയമവിരുദ്ധമായ ഒന്നിന്റെ തുടർച്ചയായ നിലനിൽപ്പ്, അത് ഇനിയും തുടർന്നുകൊണ്ടു പോകാനുള്ള കാരണമല്ല. ഒരു പ്രത്യേകതരം അപമര്യാദ പെരുമാറ്റം നിയമപരിധിയിൽ വരുന്നില്ലെന്നത് കൊണ്ടുമാത്രം, സ്ത്രീകളോടു തുടർന്നും അപമര്യാദയോടെ പെരുമാറാമെന്ന് നിങ്ങൾക്കു പറയാൻ പറ്റില്ല. ഈ കേസിൽ അതൊരു മറുപടിയായി നിങ്ങൾ സ്വീകരിക്കുമോ? ആ കേസിൽ അതൊരു മറുപടിയായി നിങ്ങൾ എടുക്കുന്നില്ലെങ്കിൽ, ഈ കേസിൽ ഇതൊരു മറുപടിയായി നിങ്ങൾ എങ്ങിനെ എടുക്കും? എന്നെ സംബന്ധിച്ച്, ഞാൻ മതവിശ്വാസിയായ വ്യക്തിയല്ല, ഞാൻ സാംസ്കാരിക ആഭിമുഖ്യമുള്ള വ്യക്തിയാണ്. ഞാൻ തീർച്ചയായും വിശ്വസിക്കുന്നു, സംസ്കാരത്തിന്റെ ചില ഘടകങ്ങൾ മതത്തിന്റെ സംഭാവനയാണെന്ന്. അക്കാര്യത്തെപ്പറ്റി ഞാൻ ബോധവാനാണ്. അതുകൊണ്ട്, ആ മതം സചേതനമായി തുടരണം. കാരണം അതിന്റെ സാംസ്കാരിക വകഭേദങ്ങൾ തുടർന്നും നിലനിൽക്കണം.

ബൗദ്ധികസ്വത്തവകാശ മേഖലയിലുള്ള ഏത് അഭിഭാഷകനോടും ചോദിച്ചുനോക്കുക. ബൗദ്ധിക സ്വത്തവകാശത്തിന്റെ ഒരു വശം, പരമ്പരാഗത അറിവ്, പാരമ്പര്യ വൈദ്യം, കൃഷി, തുടങ്ങിയവയും മറ്റുമാണ്. പാരമ്പര്യത്തെ തുടച്ചുനീക്കിയാൽ പിന്നെ നിങ്ങൾക്കു പരമ്പരാഗതമായ എന്തെങ്കിലും എങ്ങിനെ ഉണ്ടാകും? എനിക്കത് മനസ്സിലാകുന്നില്ല. പരമ്പരാഗത ജീവിതരീതിയിൽ നിന്നു ഉയിർകൊണ്ടവയെ ആ ജീവിതരീതിയിൽ നിന്നു വേർപെടുത്താനാകില്ല. നിങ്ങൾക്കവയെ നിലവറയിൽ സൂക്ഷിക്കാനാകില്ല. ഒരു വൃക്ഷത്തിൽനിന്നു അതിന്റെ സജീവഘടകം നിങ്ങൾക്കു വേർപെടുത്താനാകുമോ? അസാധ്യമാണ്. വൃക്ഷത്തിന്റെ ഒരുഭാഗം നിലനിൽക്കണമെങ്കിൽ മുഴുവൻ വൃക്ഷവും നിലനിൽക്കണം.

വനവാസികളുടേയും ആദിവാസികളുടേയും അവകാശങ്ങളെ പറ്റി നിങ്ങൾക്കു സംസാരിക്കണോ? കൈത്തൊഴിൽ, തുന്നൽപ്പണി എന്നിവ ചെയ്യുന്ന സമൂഹത്തിന്റെ അവകാശങ്ങളെപ്പറ്റി നിങ്ങൾക്കു സംസാരിക്കണോ? ഈ വിഭാഗം ജനങ്ങളാണ് പരമ്പരാഗത ജീവിതരീതി വഴി, പ്രതിസന്ധികളെ അതിജീവിച്ച് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കിയവർ. തുന്നൽക്കാർ ഇന്നു പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു, കാരണം അവർ ചില അവസരത്തിൽ ക്ഷേത്രങ്ങളെ ആശ്രയിക്കുന്നവരാണ്. പാരമ്പര്യം തകർന്നെന്നു ശില്പികൾ പരിഭവിക്കുന്നു, അവരുടെ പ്രധാന വരുമാനം ശില്പങ്ങളും ക്ഷേത്രങ്ങളും മുഖേനയാണ്. അതെല്ലാം പൊയ്‌പ്പോയിരിക്കുന്നു.

പൂക്കച്ചവടക്കാർ. നിങ്ങൾ ഏതെങ്കിലും ദക്ഷിണേന്ത്യൻ ക്ഷേത്രം സന്ദർശിച്ചാൽ, ആ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നടക്കുന്ന സാമ്പത്തിക വ്യവഹാരങ്ങളുടെ നിലയിൽ നിങ്ങൾ അൽഭുതപ്പെടും. അവ്വിധമാണ് ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത്. ക്ഷേത്രത്തിലായിരിക്കുമ്പോൾ ലക്ഷ്മിയുമായി ഇടപെടുന്നതിൽ തീർത്തും തൃപ്തരാണ്. ഞങ്ങളത് ക്ഷേത്രത്തിനു ഉള്ളിലും പുറത്തും സ്വാഗതം ചെയ്യുന്നു. ക്ഷേത്രത്തെ ഉപജീവിച്ച് കഴിയുന്ന ചിലരുണ്ട്. ഇത് നാം തീർച്ചയായും മനസ്സിലാക്കിയിരിക്കണം. ഫുട്‌ബാൾ മാമാങ്കം നടക്കുന്നതെവിടെയാണോ, ചിലർ ആ സാഹചര്യം ഉപയോഗപ്പെടുത്തും, കാരണം അത് അവരുടെ ഉപജീവനമാർഗമാണ്. അതുകൊണ്ട്, പരമ്പരാഗത ജീവിതരീതികൾ സംരക്ഷിക്കപ്പെടണമെന്ന് താല്പര്യമുള്ളവർക്കു, തത്തുല്യമായ താല്പര്യം അല്ലെങ്കിൽ തീരുമാനമെടുക്കുന്നതിലുള്ള പങ്ക്, ക്ഷേത്രസംരക്ഷണത്തിന്റെ കാര്യത്തിലും നൽകണം.

ഉന്നയിക്കപ്പെടാറുള്ള മറ്റൊരു ചോദ്യമാണ്, ക്ഷേത്രങ്ങൾ വീണ്ടും ബ്രാഹ്മണമേധാവിത്വ ചട്ടക്കൂടിനുള്ളിൽ ആകില്ലെന്നു നിങ്ങളെങ്ങിനെ ഉറപ്പാക്കും? ഭരണഘടനയിൽ ഇതിനുള്ള സംവിധാനങ്ങൾ ഉണ്ട്. ബ്രാഹ്മണമേധാവിത്വം തടയാനാവശ്യമായ വിധിന്യായങ്ങൾ ഇപ്പോൾ തന്നെയുണ്ട്. കൂടാതെ, ഹിന്ദുവിനെ സംബന്ധിച്ചുള്ളതെല്ലാം ഒരു ജാതിയിൽ മാത്രം ചുറ്റിക്കറങ്ങുന്ന സ്ഥിതിവിശേഷം നാം ഉണ്ടാക്കരുത്. അങ്ങിനെയല്ല വേണ്ടത്. ബ്രാഹ്മണർ പൂജാരികളല്ലാത്ത നിരവധി ക്ഷേത്രങ്ങളുണ്ട്. ദക്ഷിണേന്ത്യയിൽ പണ്ടാര എന്നറിയപ്പെടുന്ന ഒരു സമുദായമുണ്ട്. ശൈവരായ പിള്ളമാരിൽ നിന്നാണ് ഈ സമുദായം ഉണ്ടായത്. ശൈവ പിള്ളമാർ ബ്രാഹ്മണരായ ശൈവരേക്കാൾ കടുത്ത ശിവഭക്തി ഉള്ളവരാണ്. അവർ വെളുത്തുള്ളി ഉപയോഗിക്കുക കൂടിയില്ല. ഭക്ഷണനിയന്ത്രണത്തിന്റെ കാര്യത്തിൽ അവർ ബ്രാഹ്മണരേക്കാൾ കടുത്ത നിഷ്കർഷയുള്ളവരാണ്

അതു കൊണ്ട് നമുക്ക് വ്യക്തമായി പറയാം. ഇത് എല്ലാത്തിനുമുപരി ബ്രാഹ്മണരെ ബാധിക്കുന്ന പ്രശ്നമല്ല. ഇതൊരു ഹൈന്ദവപ്രശ്നമാണ്. ഹൈന്ദവർ നേരിടുന്ന പ്രശ്നത്തിൽ ഇതും ഉൾപ്പെടുത്തിയതിൽ ഒരു കുഴപ്പവുമില്ല. രണ്ടാമത്, നമുക്കില്ലാത്തത് സ്ഥിതിവിവരകണക്കുകളും സംരംഭകത്വവും ആണ്. നമ്മുടെ സമരത്തിന്റെ ഭാഗമായി, ക്ഷേത്രവിഷയത്തിൽ താല്പര്യമുള്ള എല്ലാവർക്കും, ഈ നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനുള്ള പ്രാഗൽഭ്യം നാം പകർന്നു നൽകും. അതുപയോഗിച്ച് ക്ഷേത്രാവകാശങ്ങൾ ധ്വംസിക്കുന്നതിനെ എതിർക്കാവുന്നതാണ്. ഞങ്ങൾ ഇത് ചെയ്യാൻ പോവുകയാണ്. ഞങ്ങൾ രാജ്യത്തെമ്പാടും ലഘുപുസ്തകങ്ങൾ ഇറക്കാൻ പോവുകയാണ്. ഇക്കാര്യത്തിനു വേണ്ടി നിരവധി അഭിഭാഷകരെ ബന്ധപ്പെടും. ഈ വിഷയത്തിൽ നിരന്തര സമ്മർദ്ദം ചെലുത്തുന്നതിനു വേണ്ട എല്ലാകാര്യങ്ങളും ചെയ്യപ്പെടുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും. എന്തുകൊണ്ടെന്നാൽ ഇത് ചെയ്യപ്പെട്ടില്ലെങ്കിൽ, 2016-ലുള്ള നമുക്ക് പത്തുവർഷം കൂടി വേണ്ട, അഞ്ചുവർഷത്തിനുള്ളിൽ നമ്മുടെ പാരമ്പര്യത്തിന്റെ നല്ലഭാഗം തുടച്ചുനീക്കപ്പെട്ട് നാശോന്മുഖമായി മറവിയിലാകുന്നത് നമുക്കു കാണാം. കാര്യങ്ങൾ മാറിമറയുന്ന വേഗം നോക്കിയാൽ, ഇതിനി ആകെക്കൂടി എടുക്കുക വെറും അഞ്ചുവർഷമായിരിക്കും. കാരണം ഇക്കാലത്ത് ഒരു തലമുറയുടെ നിർവചനം ഏകദേശം 5-6 വർഷമാണ്. അങ്ങിനെയാണ് അഞ്ചുവർഷക്കണക്ക് വന്നത്.

ഇപ്രകാരം, എന്നെ സംബന്ധിച്ച്, ഞങ്ങൾ ഈ പ്രശ്നത്തോടു കൂറുള്ളവരാണ്. മിസ്റ്റർ രമേഷിനെപ്പോലുള്ള സദ്‌വ്യക്തികൾ ഈ വിഷയത്തിൽ അവരുടെ മനസ്സും ഹൃദയവും സ്വത്തും വിനിയോഗിക്കുന്നുണ്ടെന്നു എനിക്കറിയാം. ഞങ്ങൾ ഇതിനു പിന്നിൽ അണിനിരക്കാൻ പോവുകയാണ്. ആരിൽനിന്നുള്ള എന്തുതരം സഹായവും ഞങ്ങൾ ഇക്കാര്യത്തിൽ സ്വാഗതം ചെയ്യുന്നു. ഇത് സാമ്പത്തിക സഹായമാകണം എന്നൊന്നുമില്ല. ചിലസമയത്ത് ഞങ്ങൾക്കു വേണ്ടത് നിയമനടപടിക്കു ആവശ്യമായ വിവരങ്ങളാണ്. കൂടാതെ സ്വന്തം അവകാശങ്ങളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരായിരിക്കണം. ഭരണഘടനക്കു കീഴിൽ നിയമകാര്യങ്ങളിൽ സമുദായത്തെ പ്രതിനിധീകരിച്ച് സംസാരിക്കാനുള്ള വാദങ്ങൾ നിങ്ങൾക്കുണ്ട് എന്നതും പ്രധാനമാണ്. അതിനാൽ, ആരെങ്കിലും ചോദ്യം ചോദിച്ചാൽ, അവരോടു മറുപടി പറയുക. നിങ്ങൾക്കും, നിങ്ങളുടെ സമൂഹത്തിനും വേണ്ടി എഴുന്നേറ്റുനിന്നു സംസാരിക്കുക. അത് ഒരുതരത്തിലും തെറ്റല്ല. മറ്റു സമുദായങ്ങളുടെ ചിലവിലുള്ള എന്തെങ്കിലുമല്ല നാം ചോദിക്കുന്നത്. നാം അധികമായി എന്തെങ്കിലും ചോദിക്കുന്നുമില്ല. പ്രത്യേകപരിഗണന ഒന്നും വേണ്ട. ഭരണഘടനാപരമുള്ള പരിഗണന മതി. അതുമാത്രം മതി.

നന്ദി!