വളരെ ശ്രദ്ധേയമായ കാര്യങ്ങളാണ് ഇനിയുള്ളത്. ശ്രീരാമ ജന്മഭൂമിയിലെ സന്യാസിമാർക്കും ബാബറി മസ്ജിദ് സൂപ്രണ്ടിനും ഇടയിലുള്ള തർക്കത്തിന്റെ എല്ലാ ഘട്ടവും, അതിന്റെ ഉള്ളടക്കവും ഫൈസാബാദ് ജില്ലാകോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രേഖകളെല്ലാം ലഭ്യമാണ്. അലഹബാദ് കോടതി അയോധ്യകേസ് പരിഗണിച്ചപ്പോൾ, എല്ലാ രേഖകളും കോടതിയിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു.
ഇതിൽ ആദ്യത്തെ രേഖ ഏതാണ്? 1858 നവംബർ 28-ലെ ഒരു റിപ്പോർട്ടാണ് ആദ്യത്തേത്. അയോധ്യയിലെ പോലീസുകാരൻ തയ്യാറാക്കിയ FIR ആണിത്. ഇതുപ്രകാരം, 25 നിഹാങ് സിഖുകാർ ബാബറി മസ്ജിദിൽ പ്രവേശിച്ച്, ഹവനവും പൂജയും ചെയ്യാനാരംഭിച്ചു. രണ്ട് ദിവസത്തിനു ശേഷം, 1858 നവംബർ 30-നു ബാബരി മസ്ജിദ് സൂപ്രണ്ട് ഇതേക്കുറിച്ച് പരാതി നൽകി. മുകളിൽ പറഞ്ഞതു തന്നെയാണ് പരാതിയിൽ ഉള്ളത്. “25 സിഖുകാർ മസ്ജിദിൽ പ്രവേശിച്ച് ഹവനവും പൂജയും ആരംഭിക്കുകയും, ചാർക്കോൾ കൽക്കരി എന്നിവ ഉപയോഗിച്ച് റാം റാം എന്നു മസ്ജിദിന്റെ ഭിത്തിയിൽ ഉടനീളം എഴുതുകയും ചെയ്തു”. പരാതി തുടരുന്നു – “മസ്ജിദിനു പുറത്ത്, എന്നാൽ കെട്ടിടസമുച്ചയത്തിനു ഉള്ളിലാണ് ശ്രീരാമ ജന്മഭൂമി. ഹിന്ദുക്കൾ അവിടെ ഏറെനാളുകളായി വന്ന് ആരാധന നടത്താറുണ്ട്. എന്നാൽ ഇപ്പോഴവർ മസ്ജിദിനുള്ളിൽ കയറിയും ആരാധന തുടങ്ങിയിരിക്കുന്നു”. ഇതാണ് പരാതി.
അലഹാബാദ് കോടതി ഈ റിപ്പോർട്ട് വളരെ പ്രാധാന്യമുള്ള ഒന്നായി കണക്കാക്കി. എന്തുകൊണ്ടെന്നാൽ, ആ പരാതി ഇപ്പോഴും കയ്യിലുണ്ടല്ലോ. സൂപ്രണ്ട് നൽകിയ കേസ് ഇപ്പോഴുമുണ്ട്. അത് അലഹാബാദ് കോടതിക്കു നൽകപ്പെട്ടു. കോടതി ഇത് അതിപ്രധാന്യമുള്ള രേഖയാണെന്ന് പ്രസ്താവിച്ചു. കാരണം, ഇതാണ് അയോധ്യയിൽനിന്നു നാം കേൾക്കുന്ന ആദ്യത്തെ വ്യക്തിഗതമായ പരാതി. ഇതനുസരിച്ച് ഹിന്ദുക്കൾ കെട്ടിടസമുച്ചയത്തിനു ഉള്ളിലാണ്, മസ്ജിദിനു ഉള്ളിലാണ്. എന്നിരുന്നാലും ഹിന്ദുക്കൾ മുമ്പ് പുറത്തായിരുന്നെന്ന് പരാതിയിൽ പറയുന്നുണ്ട്. അപ്പോൾ, ഇതെല്ലാം സൂചിപ്പിക്കുന്നത്, ഒരു നിശ്ചിതസമയത്ത് ഹിന്ദുക്കൾക്കു ബാബറി മസ്ജിദിൽ എല്ലാ സ്വാതന്ത്ര്യവുമുണ്ടായിരുന്നു; അതുകഴിഞ്ഞ്, ഏതാനും ആഴ്ചയ്ക്കു ശേഷമാണ് പോലീസുകാരന് സിഖുകാരെ മസ്ജിദിൽനിന്നു പുറത്താക്കാൻ കഴിഞ്ഞത്.
ഞാൻ പ്രധാനപ്പെട്ട മറ്റു ചില കേസുകളെ കുറിച്ച് പരാമർശിക്കാം. 1860-ൽ മസ്ജിദ് സൂപ്രണ്ട് നൽകിയ ഒരു അപേക്ഷയുണ്ട്. ഇതിൽ പറയുന്നത്, ബാബറി മസ്ജിദിനുള്ളിൽ നിർമിച്ചിരുന്ന ചബൂത്ര (വേദിയുടെ അടിത്തറ) തകർക്കണം എന്നാണ്. ബ്രിട്ടീഷുകാരോടാണ് സൂപ്രണ്ട് ഇത് പറയുന്നത്. ഇതിനർത്ഥം, ആവശ്യമുള്ള പക്ഷം ബ്രിട്ടീഷുകാർ മസ്ജിദിനുള്ളിൽ നിർമാണപ്രവൃത്തികൾ നടത്തുന്നുണ്ട് എന്നാണ്. സൂപ്രണ്ടിന്റെ പരാതി തുടരുന്നു – “എപ്പോഴൊക്കെ മൗലവിമാർ നമാസ്, ആസാൻ-നുള്ള ആഹ്വാനം നൽകുന്നോ, അപ്പോഴൊക്കെ മറുവിഭാഗം ശംഖുവിളികൾ നടത്തും. സ്വാഭാവികമായും സംഘർഷം ഉണ്ടാകും”. ഇത് മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണ്. എന്തുകൊണ്ടെന്നാൽ ഇടതുപക്ഷ ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ അയോധ്യയിലെ ഹിന്ദു-മുസ്ലിം സംഘർഷം ബ്രിട്ടീഷുകാരുടെ വിഭജിപ്പിച്ചു ഭരിക്കുക എന്ന നയത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഇവിടെ നാം കേൾക്കുന്നത്, സംഭവത്തിൽ ശരിക്കും ഉൾപ്പെട്ടവരുടെ വാദങ്ങളാണ്. ബ്രിട്ടീഷുകാരുടെ വാദങ്ങൾ അല്ല. ബാബറി മസ്ജിദിന്റെ സൂപ്രണ്ടും, സന്യാസിമാരും തമ്മിലുള്ള സംഘർഷമാണിത്. സൂപ്രണ്ട് പറയുന്നു, സന്യാസിമാർ ശംഖുവിളിക്കാൻ തുടങ്ങിയെന്ന്. ഇതിനർത്ഥം, രാമജന്മഭൂമി തങ്ങൾക്കു തിരിച്ചുകിട്ടണമെന്ന ആഗ്രഹത്തെപ്പറ്റി സന്യാസിമാർ വളരെ ബോധവാന്മാരാണ് എന്നത്രെ.
ഇത് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരു വഴിയായിരുന്നു. ഇതിൽ കൂടുതൽ ചെയ്യാനാകില്ല. എപ്പോൾ അവർ Azaan ആരംഭിക്കുന്നുവോ അപ്പോൾ നിങ്ങൾ ശംഖുവിളിക്കും. ഒരുപക്ഷേ അതുമാത്രം നിങ്ങൾക്കു ചെയ്യാം. അങ്ങിനെയിരിക്കെ, 1866-ലെ മറ്റൊരു പരാതിയിൽ ബാബറി മസ്ജിദിന്റെ സൂപ്രണ്ട് പറയുന്നു, സന്യാസികൾ കെട്ടിടസമുച്ചയത്തിനുള്ളിൽ ഒരു ശ്രീകോവിൽ നിർമിച്ചെന്ന്, അതും നിയമവിരുദ്ധമായി. ശ്രീകോവിൽ നിർമിക്കുന്നതിന്റെ ലക്ഷ്യമെന്ത്? സന്യാസികൾക്കു വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാനാണത്രെ. ഇതിനാൽ സൂപ്രണ്ട് ബ്രിട്ടീഷുകാരോടു പറഞ്ഞു – “ഞങ്ങളെ സഹായിക്കാൻ എന്തെങ്കിലും ചെയ്യുക. ഞങ്ങൾക്കു ഇവിടെ കഴിയാൻ സാധിക്കുന്നത് നിങ്ങളുടെ സഹായം കൊണ്ട് മാത്രമാണ്. എന്തുകൊണ്ടെന്നാൽ, ശ്രീരാമ ജന്മഭൂമിയിലെ പുരോഹിതർ എപ്പോഴും ഞങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്”.
ഇതിനുശേഷം 1877-ൽ, സൂപ്രണ്ട് വീണ്ടും പരാതിപ്പെട്ടു. അഞ്ചുവർഷം മുമ്പ് ബ്രിട്ടീഷുകാർക്കു നൽകിയ പരാതി ഓർമിപ്പിച്ചുകൊണ്ടാണ് തുടക്കം. “കെട്ടിടത്തിനുള്ളിൽ നിയമവിരുദ്ധമായി നിർമിച്ച ചരൺ പാദുക (Footsteps) എടുത്തുമാറ്റണമെന്ന പരാതിയിൽ ഒരു നടപടിയും എടുത്തില്ല. എന്തുകൊണ്ടാണ് ഒന്നും ചെയ്യാതിരുന്നത്? എനിക്കറിയാം, ജന്മഭൂമിയിലെ സന്യാസിമാർക്കു സമൻസ് നൽകാൻ നിങ്ങൾക്കു കഴിയില്ലെന്ന്. എപ്പോഴെല്ലാം നിങ്ങൾ വരാൻ തുടങ്ങുന്നുവോ, അപ്പോഴൊക്കെ അവർ ഒളിവിൽ പോകും. തന്മൂലം, അഞ്ചുവർഷമായിട്ടും ഈ ഉത്തരവ് ലഭിച്ചിട്ടില്ലെന്നു അവർ പറയുകയാണ്. ആരാധനയാണെങ്കിൽ തുടരുകയും ചെയ്യുന്നു. ഇപ്പോൾ, സന്യാസിമാർ കെട്ടിടസമുച്ചയത്തിനു ഉള്ളിൽ ഒരു അടുപ്പും നിർമിച്ചിട്ടുണ്ട്. അവർ അതിനു പറയുന്ന ന്യായം, മുമ്പ് അവിടെ ഒരു അടുപ്പുണ്ടായിരുന്നു എന്നാണ്. ഇപ്പോൾ അവർ നിർമിച്ചതാകട്ടെ വലിയ അടുപ്പാണ്”. അങ്ങിനെ നമുക്കിപ്പോൾ തെളിവുകളായി… ചബൂത്ര (വേദിയുടെ അടിത്തറ), കോത്തരി (ശ്രീകോവിൽ), പിന്നെയിപ്പോൾ ചുൽഹ (അടുപ്പ്).
ഇതെല്ലാം സൂചിപ്പിക്കുന്നത് അവിടെ നിരന്തരസംഘർഷം നിലനിന്നിരുന്നു എന്നാണ്. ആ സ്ഥലത്തു സമാധാനം ഒരിക്കലും ഇല്ലായിരുന്നു. ഹിന്ദുസമൂഹത്തിലെ വിഭാഗങ്ങൾ, ജന്മഭൂമിക്കു മേലുള്ള അവരുടെ അവകാശവാദങ്ങൾ അടിയറവയ്ക്കാതെ, എത്രത്തോളം ദൃഢചിത്തരായിരുന്നു എന്ന് ഇത് തെളിയിക്കുന്നു. ഇത്തരം കാര്യങ്ങളാണ്, ഇലക്ട്രോണിക്/പ്രിന്റഡ് മീഡിയകളിൽ നടക്കുന്ന ചർച്ചകളിലൂടെ നാം സാധാരണ കേട്ടറിയാത്തത്. ഇതിനു കാരണമെന്തെന്നാൽ, നമ്മുടെ കയ്യിലുള്ള എല്ലാ തെളിവുകളും, സത്യത്തിൽ, തർക്കത്തിൽ ഇടപെട്ടിരിക്കുന്ന ഒരു പാർട്ടിക്കു പൂർണമായും അനുകൂലമാണ്. അതുമാത്രമല്ല, ചിലപ്പോഴൊക്കെ എനിക്കു തോന്നാറുണ്ട്, രണ്ടാമത്തെ പാർട്ടിക്കു അനുകൂലമായ ഒരു തെളിവുമില്ലെന്ന്. തെളിവുകൾ ഒരുപക്ഷത്തെ മാത്രം അനുകൂലിക്കുന്നു. 1877-ൽ മുതൽ കാര്യങ്ങൾ ഇങ്ങിനെയാണ്.
ഫൈസാബാദിലെ ഡെപ്യൂട്ടി കമ്മീഷണർ കോടതിയിൽ പറഞ്ഞു – “രണ്ടാമതൊരു വഴി പണിതത് ഞാനാണ്. കാരണം, രാമനവമി കാലത്ത് ധാരാളം തീർത്ഥാടകർ ഇവിടെ എത്തിച്ചേരുന്നു. പുതിയൊരു ഗേറ്റ് കൂടി ഉണ്ടെങ്കിലേ അധികമുള്ള തീർത്ഥാടകരെ ഉൾക്കൊള്ളാനാകൂ”. ഇതു സൂചിപ്പിക്കുന്നത് ഹിന്ദുസമൂഹം അയോധ്യവിഷയത്തിൽ പിന്തിരിയാനോ മിണ്ടാതിരിക്കാനോ തയ്യാറായിരുന്നില്ല എന്നാണ്. കെട്ടിടത്തിലേക്കു പോയി, പ്രദക്ഷിണം ചെയ്ത് ആരാധന നടത്തുക വഴി അവർ റിസ്കെടുക്കുകയായിരുന്നു. അടുത്ത പരാതി വളരെ വളരെ താല്പര്യജനകമാണ്. 1882-ലെ ഈ പരാതിയിൽ ബാബറി മസ്ജിദ് സൂപ്രണ്ട് ബ്രിട്ടീഷുകാരോടു വീണ്ടും ആവലാതിപ്പെടുന്നു. എന്താണ് സൂപ്രണ്ട് പറയുന്നത്? – “രാമനവമി, കാർത്തിക് മേള ഉൽസവകാലത്ത്, കെട്ടിടസമുച്ചയത്തിനുള്ളിൽ കടകൾ തുറക്കാൻ ഞങ്ങൾ അനുവദിക്കുന്ന പതിവുണ്ട്. ഈ കടകൾ പ്രസാദവും പൂക്കളും വിൽപന നടത്തും. ഇത് നിയമപ്രകാരമാണ്. വില്പനക്കു ശേഷം 50:50 എന്ന തോതിൽ എല്ലാം, സന്യാസിമാർക്കും സൂപ്രണ്ടിനും ഇടയിൽ വീതിക്കും. ഇതായിരുനു പതിവ്. എന്നാൽ, ഇത്തവണ സന്യാസിമാർ പങ്കിടുന്നതിലെ അനുപാതം മാറ്റിമറിച്ചു. താങ്കൾ ദയവായി പഴയ അനുപാതം തിരിച്ചുകൊണ്ടു വരിക”. ഫൈസാബാദ് കോടതി വിധിച്ചു – “ഞങ്ങൾക്കു അനുപാതത്തിൽ മാറ്റം വരുത്താനാകില്ല. എന്തുകൊണ്ടെന്നാൽ നിങ്ങൾ തന്നെ സമ്മതിക്കുന്നു, ആ കെട്ടിടം മുഴുവൻ നിങ്ങളുടേതല്ല, നിങ്ങളുടെ കൈവശമല്ലെന്ന്”. ഇത് മറ്റൊരു കാര്യവും സൂചിപ്പിക്കുന്നുണ്ട്. അതായത്, രാമനവമി കാലത്ത് നമാസ് നടക്കാറില്ല. അത് സാധ്യമല്ല. ഏതൊരു മേളയിലും, ശ്രീരാമജന്മദിന ആഘോഷങ്ങളിലും ജനബാഹുല്യമുണ്ടാകും. അതിനർത്ഥം, ആ ദിവസങ്ങളിൽ നമാസ് ഉണ്ടാകില്ല എന്നാണ്.
1855-ൽ ശ്രീരാമ ജന്മസ്ഥാനിലെ ഒരു സന്യാസി, ബ്രിട്ടീഷുകാർക്കു ഒരു കത്തെഴുതി. “ഞങ്ങളുടെ റാം ഛബൂത്രയുടെ വിസ്തീർണ്ണം 21 * 17 അടിയാണ്. ഇതിനു മേൽക്കൂര ഇല്ല, തുറന്നു കിടക്കുകയാണ്. തന്മൂലം വേനൽ – തണുപ്പ് – മഴ കാലങ്ങളിൽ ഞാനും എന്റെ സഹസന്യാസിമാരും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എപ്പോഴും ഞങ്ങൾ കാലാവസ്ഥ കെടുതികൾ അഭിമുഖീകരിക്കുന്നു”. സന്യാസിമാരുടെ കാര്യം ആലോചിച്ചു നോക്കൂ. എന്നിട്ടും അവർ പിന്തിരിയുന്നില്ല. സന്യാസി തുടർന്നു – “ഞങ്ങൾക്കു ഒരു ചെറിയ ക്ഷേത്രം നിർമിക്കാമോ, ഞങ്ങളുടെ കൈവശമുള്ള ഭാഗത്ത്?”. ഈ അപേക്ഷ, മൂന്ന് തലത്തിൽ ബ്രിട്ടീഷ് ജുഡീഷ്യറി പരിഗണിച്ചു. സന്യാസിയുടേത് ശക്തമായ വാദമാണെന്ന് അവരെല്ലാം അഭിപ്രായപ്പെട്ടു. സ്ഥലം സന്യാസിയുടെ കൈവശമാണ്. അദ്ദേഹമാണെങ്കിൽ എപ്പോഴും കാലാവസ്ഥ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നു. എന്നിട്ടും ജുഡീഷ്യറി വിധിച്ചു – “നിർമാണത്തിനു അനുമതി തരാൻ ഞങ്ങൾക്കു നിർവാഹമില്ല, പ്രത്യേകിച്ചും ഈ ഭാഗത്ത്. എന്തുകൊണ്ടെന്നാൽ ഇതൊരു വലിയ വൈകാരികപ്രശ്നമാണ്. തൽസ്ഥിതിയിൽ മാറ്റം വരുത്താൻ ഞങ്ങൾക്കാകില്ല. 350 വർഷങ്ങൾക്കു മുമ്പ് ഹിന്ദുവിനു സംഭവിച്ച നഷ്ടം ഞങ്ങൾ മനസ്സിലാക്കുന്നു. പക്ഷേ ഇതിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ല”.
1885-ൽ, അമീൻ കമ്മീഷൻ സ്ഥാപിതമായി. സീതാ കി രസോയി, റാം ചബൂത്ര, ശ്രീരാമ ജന്മഭൂമി, ചപ്പാർ ഇവയെല്ലാം സ്ഥിതി ചെയ്യുന്നത് ബാബറി മസ്ജിദിന്റെ ചുറ്റുമതിലിന്റെ ഉള്ളിലാണെന്നു ഈ കമ്മീഷൻ തെളിയിച്ചു. മതിലിനു പുറത്ത്, ചുറ്റിലും മണ്ണ് കുറച്ച് താഴ്ന്ന് കിടക്കുന്നുണ്ടായിരുന്നു. തീർത്ഥാടകരുടെ കാലടികൾ പതിഞ്ഞുണ്ടായ താഴ്ചയാണിത്. നൂറ്റാണ്ടുകളായുള്ള പ്രദക്ഷിണം വഴി. ഈ മുഴുവൻ സ്ഥലവും ഹിന്ദുക്കൾക്കു പുണ്യമായിരുന്നെന്ന് ഇത് സൂചിപ്പിക്കുന്നു.