സഞ്ജീവ് സന്യാലിന്റെ ഒരു പ്രഭാഷണം ശ്രീജൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ വച്ചു സംഘടിപ്പിച്ചിരുന്നു. വിഷയം – ‘ഇന്ത്യയുടെ വിസമരിക്കപ്പെട്ട നാവികചരിത്രം’.

ഈ ചെറുലേഖനത്തിൽ സഞ്ജീവ് സന്യാൽ ഗുജറാത്തിന്റെ തീരമേഖലയേയും, ധോലവിര (Dholavira) ലോതൽ (Lothal) എന്നീ തുറമുഖങ്ങളേയും പറ്റി സംസാരിക്കുന്നു.

ഞാൻ ഗുജറാത്തിനെ കുറിച്ച് പരാമർശിച്ചുകൊണ്ട് സംഭാഷണം തുടങ്ങാം. കാരണം എന്റെ ചർച്ചയുടെ ആരംഭം ഗുജറാത്തിലാണ്.

ഗുജറാത്തിന്റെ തീരമേഖല ഇന്നുള്ളതിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. സമുദ്രനിരപ്പ് ഉയരുന്നതും താഴുന്നതും വൈവിധ്യങ്ങളില്ലാതെ, ഏകതാനമായി നടക്കുന്ന പ്രക്രിയയാണെന്നു ചിലർ കരുതുന്നുണ്ട്. സത്യത്തിൽ അത് ശരിയല്ല. സമുദ്രനിരപ്പിന്റെ ഉയർച്ചയ്ക്കും താഴ്ചയ്ക്കുമിടയിൽ വൈവിധ്യമാർന്ന ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ഹാരപ്പൻ കാലഘട്ടത്തിൽ സമുദ്രനിരപ്പ് ഇന്നുള്ളതിൽനിന്ന് അല്പം കൂടുതലായിരുന്നു. പണ്ട്, സൗരാഷ്ട്ര ഉപദ്വീപ് ഒരു ദ്വീപായിരുന്നു. അതാണ് സത്യം. Gulf of Khambhat­-ൽ നിന്ന്, സൗരാഷ്ട്രയും കടന്ന്, നിങ്ങൾക്കു Rann-of-Kutch-ലേക്കു യാത്രചെയ്യാം. അന്നു Rann-of-Kutch ജലഗതാഗത്തിനു ഉപയോഗ്യമായിരുന്നെന്ന് മാത്രമല്ല, രണ്ടു നദികൾ ഒഴുകിയെത്തുന്നതും അവിടേയ്ക്കായിരുന്നു.

സിന്ധുനദി ഇതുവഴി ഒഴുകിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടുവരെ സിന്ധുനദി Rann-of-Kutch-ലേക്കാണ് ഒഴുകിയിരുന്നത്. പിന്നെ, തീർച്ചയായും, സരസ്വതി നദി. വളരെ ജലസമ്പത്തുള്ള സരസ്വതി നദിയും Rann-of-Kutch-ലാണ് സംഗമിച്ചിരുന്നത്.

സാറ്റലൈറ്റ് ചിത്രങ്ങൾ സുവ്യക്തമായും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അല്പം നന്നായി ശ്രമിച്ചാൽ, ഈ നദികൾ ഒഴുകിയിരുന്ന പഴയ പാതയെക്കുറിച്ചുള്ള വിവരങ്ങൾ ഇന്നും ലഭിക്കും. അക്കാലത്തെ കാലാവസ്ഥ വളരെ വ്യത്യസ്തമായിരുന്നു. ജലലഭ്യത അന്നു കൂടുതലായിരുന്നു.

ഇന്നത്തെ ബലൂചിസ്ഥാൻ പ്രദേശം, പണ്ടൊരു ശാദ്വലഭൂമിക പോലെയുള്ള പ്രദേശമായിരുന്നെന്ന് സാരം. ആദിമകാലത്തെ മനുഷ്യകുടിയേറ്റങ്ങൾ പലതും നടന്നത് ബലൂചിസ്ഥാൻ മേഖലയിലൂടെയാണ്. ഇത് പ്രത്യേകം ഓർത്തിരിക്കണം. കാരണം, ജനങ്ങൾക്കു അങ്ങോട്ടുമിങ്ങോട്ടും എളുപ്പത്തിൽ യാത്രചെയ്യാൻ പറ്റിയ ഭൂമികയാണെന്നു ചിന്തിക്കാൻ പറ്റാത്തവിധം, ബലൂചിസ്ഥാൻ ഇന്നു വരണ്ട പ്രദേശമാണ്. ആധുനികകാലത്തിനു മുമ്പ്, നിങ്ങൾക്കു ഇറാനിൽനിന്നു ഇന്ത്യയിലേക്കു യാത്ര ചെയ്യണമെങ്കിൽ, അഫ്ഗാനിസ്ഥാൻ വഴി മാത്രമേ പോകാൻ പറ്റുമായിരുന്നുള്ളൂ. എന്നാൽ ചരിത്രത്തിൽ ഉടനീളം അങ്ങിനെയല്ലായിരുന്നു കാര്യങ്ങൾ.

ഗുജറാത്തിനു വിസ്തൃതമായ തീരമേഖലയുണ്ടായിരുന്നു. തീരമേഖലയോടു ചേർന്നു ക്രമേണ നഗരങ്ങൾ ഉദയംകൊണ്ടു. ബിസി 4000-3000 വർഷങ്ങളിലാണ് നഗരങ്ങൾ അവിടവിടെ മുളച്ചുപൊന്തിയത്. അതിൽ ഏറ്റവും വലിയ നഗരം ധോലവിര (Dholavira) ആയിരുന്നു.

ധോലവിര Rann-of-Kutch-ലെ ഒരു ഉൾപ്രദേശമാണ്. ഞാൻ മുമ്പ് പ്രസ്താവിച്ച പോലെ, Rann-of-Kutch വളരെയധികം ലവണാംശമുള്ള സമതലപ്രദേശമാണ് ഇപ്പോൾ. മഴക്കാലത്ത് ഇടയ്ക്കിടെ ചതുപ്പുനിലവും ആകാറുണ്ട്. ലവണാംശമുള്ള പ്രദേശത്താൽ നാലുപാടും ചുറ്റപ്പെട്ട ഒരു കുന്നാണ് ധോലവിര.

ഹാരപ്പൻ സംസ്കാരത്തിന്റെ കാലത്ത്, തുറമുഖമായി വികസിപ്പിക്കപ്പെട്ടിരുന്ന ഒരു ദ്വീപായിരുന്നിരിക്കാം ധോലവിര. മറ്റു തുറമുഖങ്ങളും അവിടെയുണ്ടായിരുന്നു. അതിലൊന്നാണ് ലോതൽ (Lothal). ചരിത്രപുസ്തകങ്ങളിൽനിന്നു, കപ്പലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും മറ്റുമുള്ള ഡ്രൈ ഡോക്കുകൾ (Dry Docks) ലോതലിൽ ഉണ്ടായിരുന്നെന്ന കാര്യം നിങ്ങൾക്കു ഓർത്തെടുക്കാമല്ലോ.

ഞാൻ നിങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ച ഗുജറാത്തിന്റെ ഭൂപടം സൂചിപ്പിക്കുന്നത്, ലോതലിൽ നിന്നു ധോലവിരയിലേക്കു ബോട്ടുമാർഗം പോകാമെന്നാണ്. ഇതുപോലെ വടക്കുഭാഗത്ത്, ദ്വാരകയിൽനിന്നു ധോലവിരയിലേക്കു പ്രവേശനമാർഗം ഉണ്ടായിരുന്നു. ‘ബെട്ട് ദ്വാരക’ (Bet Dwaraka) എന്ന പേരിലൊരു ദ്വീപ് ഇന്നുമവിടെ ഉണ്ട്. ഹാരപ്പൻകാലത്തെ കരകൗശലവസ്തുക്കൾ ഇവിടെനിന്നു ധാരാളമായി ലഭിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങൾ ലളിതമായി സൂചിപ്പിക്കുന്നത്, ഗുജറാത്തിൽ തുറമുഖങ്ങളുടെ ഒരു ശ്രംഖല ഉണ്ടായിരുന്നെന്നാണ്. കപ്പലുകൾ ഇവിടെ നങ്കൂരമിടുകയും പുറത്തേക്കു പോവുകയും ചെയ്തിരുന്നു.

തെക്കുഭാഗത്തുനിന്ന് വരുന്ന കപ്പലുകൾ, കസ്റ്റംസ് പോസ്റ്റ് പോലെ പ്രവർത്തിച്ചെന്നു കരുതുന്ന, ലോതൽ വഴിയാണ് ധോലവിരയിൽ എത്തിയിരുന്നത്. ഇതുപോലെ, പടിഞ്ഞാറുനിന്നു വരുന്ന കപ്പലുകൾക്കു Bet Dwaraka-യിലും കസ്റ്റംസ് പോസ്റ്റ് ഉണ്ടായിരുന്നിരിക്കണം. ധോലവിരയിൽ വ്യാപാരവും മറ്റും നടത്തിയ ശേഷം, ഇവരിൽ ചിലർ സിന്ധുനദി വഴി വടക്കുഭാഗത്തേക്കും സഞ്ചരിച്ചിരിക്കാം. സരസ്വതിനദി അന്ന് ഒഴുകിയിരുന്നതിനാൽ അതുവഴിയും ജലഗതാഗതം സാധ്യമായിരുന്നു.

സഞ്ജീവ് സന്യാലിന്റെ ഒരു ദീർഘപ്രഭാഷണത്തിലെ ചെറിയൊരു ഭാഗം മാത്രമാണിത്. പ്രഭാഷണം മുഴുവൻ കേൾക്കാൻ യു‌ട്യൂബ് ലിങ്ക് സന്ദർശിക്കുക => https://www.youtube.com/watch?v=SoyPwRh4nRg&t=517s