ചൊവ്വാഴ്‌ച, ഒക്ടോബർ 19, 2021
Home > തത്ത്വചിന്ത > ‘യാഥാസ്ഥിതികവാദം’ എന്ന വാക്ക് കൊണ്ട് സത്യത്തിൽ നാം എന്താണ് അർഥമാക്കുന്നത്?

‘യാഥാസ്ഥിതികവാദം’ എന്ന വാക്ക് കൊണ്ട് സത്യത്തിൽ നാം എന്താണ് അർഥമാക്കുന്നത്?

യാഥാസ്ഥിതികരെന്ന് സ്വയം വിശേഷിപ്പിക്കുക വഴി നാം സത്യത്തിൽ എന്താണ് അർത്ഥമാക്കുന്നത്? എന്റെ അഭിപ്രായത്തിൽ നാല് കാര്യങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഒന്ന് – നമ്മുടെ അഭിപ്രായങ്ങൾ വസ്തുതകളെയും വിവരങ്ങളയും ആധാരമാക്കുന്നു. ഏതെങ്കിലും മായികലോകത്ത് ജീവിക്കുന്ന ലിബറലുകളല്ല നാം; ഇടതുപക്ഷക്കാരെ പോലെ പ്രചണ്ഢമായ പ്രചാരണങ്ങളിൽ വിശ്വസിക്കുന്നവരുമല്ല. യാഥാസ്ഥിതികരെന്ന നിലയിൽ, വലതുപക്ഷമെന്ന നിലയിൽ, നമ്മുടെ അഭിപ്രായങ്ങൾ വസ്തുതകളെയും വിവരങ്ങളെയും ആധാരമാക്കിയുള്ളതാണെന്ന് നാം കരുതുന്നു.

രണ്ട് – ലോകം എങ്ങനെയാണോ, അതുപോലെ തന്നെ നാം അതിനെ നോക്കിക്കാണാൻ തയ്യാറാവുന്നു. നമ്മുടെ ആഗ്രഹത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് ലോകത്തെ നോക്കിക്കാണാൻ നാം തയ്യാറാവുന്നില്ല. ഇതാണ് ഇടതുപക്ഷത്തിൽ നിന്നും, ലിബറലുകൾ ഉൾപ്പെടെയുള്ള മറ്റുള്ളവരിൽ നിന്നും നമ്മെ വ്യത്യസ്തരാക്കുന്നത്. ലോകം എപ്രകാരമാണോ, അപ്രകാരം നാം ലോകത്തെ നോക്കിക്കാണുന്നു. ഇക്കാലത്ത്, ഇതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം നാമെല്ലാം നമ്മുടേതായ മുൻധാരണകളും കാഴ്ചപ്പാടുകളും, സാമൂഹികമായ പരുവപ്പെടത്തലുകളും കൊണ്ടാണ് ഇവിടേക്കു കടന്നു വരുന്നത്. അതുകൊണ്ട് തന്നെ ലോകത്തെ യാഥാർത്ഥ്യ ബോധത്തോടെ നോക്കിക്കാണുക എന്നത് ദുഷ്കരമാണ്. എങ്കിലും, അങ്ങനെ ചെയ്യാൻ നാം പരമാവധി ശ്രമിക്കുന്നു.

മൂന്ന് – സ്വാതന്ത്ര്യവും പരമാധികാരവും പ്രാധാന്യമുള്ളതാണെന്നു നാം വിശ്വസിക്കുന്നു. അവ വളരെ സുപ്രധാനമാണ്. എന്നാൽ, അവയ്ക്കു മാത്രം കൂടുതൽ ഊന്നൽ കൊടുക്കരുത്. ഇക്കാലത്ത്, അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റും വളരെ ഒച്ചപ്പാടോടെ സംസാരിക്കുന്നവരെ നാം കാണുന്നു. അവർ പറയുന്നു ഇതെന്റെ അവകാശമാണ്, എനിക്ക് ഇഷ്ടമുള്ളതെല്ലാം ഞാൻ ചെയ്യും, എനിക്ക് മോചനം വേണം, സ്വാതന്ത്ര്യം വേണം, എന്നൊക്കെ. ജെഎൻയുവിൽ മുഴങ്ങിയ കുപ്രസിദ്ധമായ ആസാദി ഓർമയില്ലേ. സംസ്കാരങ്ങളും നാഗരികതകളും വളർന്നത് സമ്പൂർണ്ണമായ പരമാധികാരത്തിലൂടെയും അഭിപ്രായ സ്വാതന്ത്ര്യത്തിലൂടെയുമാണ് എന്നാണ് അവരുടെ വാദം. യാഥാസ്ഥിതികരെന്ന നിലയിൽ, നാം അതിനോട് വിയോജിക്കുന്നു. അത് പ്രാധാന്യമുള്ളതാണെങ്കിലും അത് മാത്രമാണ് പ്രധാനം എന്ന് നാം പറയുന്നില്ല. മറ്റു ഘടകങ്ങളുമുണ്ട്. സമൂഹത്തിൽ ഒരു നിയമക്രമം ഉണ്ടായിരിക്കേണ്ടതുണ്ട്. അതില്ലെങ്കിൽ അവകാശങ്ങളില്ല. രാജ്യമില്ലെങ്കിൽ, ശക്തമായ ഒരു ഭരണകൂടം ഇല്ലെങ്കിൽ സ്വാതന്ത്ര്യം ഉണ്ടാവില്ല. നിങ്ങൾക്ക് സ്വാതന്ത്ര്യത്തേയും വിവിധ അവകാശങ്ങളേയും കുറിച്ച് സംസാരിക്കാൻ കഴിയും; ‘ഇത് എന്റെ അവകാശമാണ്, അതെന്റെ അവകാശമാണ്’ എന്നിങ്ങനെ. എന്നാൽ അവകാശം അവകാശമായി നിലനിൽക്കുന്നത് ഒരു രാജ്യം അഥവാ ഭരണകൂടം അവ ഉറപ്പ് നൽകുമ്പോൾ മാത്രമാണ്. മറ്റാർക്കും അവകാശങ്ങളെ ഉറപ്പാക്കാനാവില്ല. അതുകൊണ്ട് നാം രാജ്യത്തിലും നിയമത്തിലും ശക്തമായ ഒരു ഭരണകൂടത്തിലും വിശ്വസിക്കുന്നു.

നാല് – ഇന്ത്യയിൽ, ഇന്ത്യൻ സംസ്കാരത്തിനും പാരമ്പര്യത്തിനും സ്വയം പ്രതിരോധിക്കാനും

പ്രചരിപ്പിക്കാനും അഭിവൃദ്ധിപ്പെടാനുമുള്ള അവകാശമുണ്ടെന്ന് നാം വിശ്വസിക്കുന്നു.  ഇത് ഇടതുപക്ഷവും മറ്റുള്ളവരും വിശ്വസിക്കുന്നതിൽ നിന്ന് തുലോം വ്യത്യസ്തമാണ്. അവരെ സംബന്ധിച്ച്, ഇന്ത്യ എന്നത് ആധുനിക ലോകക്രമത്തിൽ യാതൊരു പ്രാധാന്യവുമില്ലാത്ത, മറ്റുള്ളവരെ അടിച്ചമർത്തുന്ന, കാലഹരണപ്പെട്ട ഒരു ഘടകം മാത്രമാണ്.

Leave a Reply

Sarayu trust is now on Telegram.
#SangamTalks Updates, Videos and more.

Powered by
%d bloggers like this: