ഇന്ത്യയിലേക്ക് വന്നതിനൊപ്പം തന്നെ ബ്രീട്ടീഷുകാർ ഇന്ത്യയെക്കുറിച്ചു ചിട്ടയായ പഠനം നടത്താൻ തുടങ്ങി. ഇൻഡോളജിയും മറ്റുമായി അവർ ഇന്ത്യയെക്കുറിച്ച് ആഴത്തിലുള്ള പഠനം ആരംഭിച്ചു. ഇന്ത്യയെ അവരുടെ കാഴ്ചപ്പാടുകളിലൂടെ വ്യാഖ്യാനിക്കുകയും ചെയ്തു. അവരുടേതായ പരിപ്രേക്ഷ്യത്തിലൂടെ ഇന്ത്യ പിന്നോക്കവും, അത്മീയപരവും, ജാതികളാൽ നയിക്കപ്പെടുന്നതുമായ ഒരു രാജ്യമാണെന്നു അവർ പറഞ്ഞു. അടിസ്ഥാനപരമായി ഇന്ത്യ ഒരു ഓറിയന്റലിസ്റ്റാണ്; മറ്റു സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആളുകൾ ലൗകിക കാര്യങ്ങളിൽ അധികം ശ്രദ്ധിക്കാതെ ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചുമെല്ലാം കൂടുതലായി ചിന്തിച്ചുകൊണ്ട്, വളർച്ച മുരടിച്ചു നിൽക്കുന്ന ഒരു സമൂഹമാണത്. ബ്രിട്ടീഷുകാരുടെ ഭാഗത്ത് നിന്ന് റൊമാന്റിസിസവും ഉണ്ടായിരുന്നു. ദുരുദ്ദേശത്തോടെ ഉള്ളതായിരുന്നില്ല ഇതെല്ലാം. ഒരു വ്യാവസായിക പശ്ചാത്തലത്തിൽനിന്നു വരുന്ന അവർ ഇന്ത്യയെ ഇങ്ങിനെയാണ് നോക്കിക്കണ്ടത്. ഭരണാധികാരികളെന്ന നിലയിൽ അവർ അതിനെ നിർവ്വചിക്കാൻ ഒരുമ്പെട്ടപ്പോൾ, അധികാരകേന്ദ്രങ്ങളുടെ നിർവ്വചനങ്ങൾ ആധികാരികമാവുന്നതു പോലെ ആ അഭിപ്രായവും മാതൃകാപരമായി. ഇതാണ് ഭരണകൂടത്തിന്റെയും ഭരണവർഗത്തിന്റെയും ശക്തി.
ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ രണ്ടുതരം അഭിപ്രായങ്ങൾ ഉയർന്നുവന്നു. ഇതിൽ ആദ്യത്തേത് ‘ബ്രിട്ടീഷുകാരുടെ അഭിപ്രായമാണ് ശരി, അതായത്, ഇന്ത്യ ഒരു പിന്നോക്ക രാജ്യമാണ്, ഇന്ത്യ ജാതികളാൽ ചുറ്റപ്പെട്ട രാജ്യമാണ്, ഇന്ത്യയിൽ നല്ലതായി ഒന്നും തന്നെയില്ല, അവിടെ ശൈശവവിവാഹവും സതിയും മാത്രമാണുള്ളത്, ഈ ഇന്ത്യയെ ഇല്ലാതാക്കി ഒരു പുതിയ ഇന്ത്യ സൃഷ്ടിക്കേണ്ടതുണ്ട്. നമുക്ക് ഇന്ത്യയെ പൂർണ്ണമായും പുനർനിർമ്മിക്കുകയും ഒരു ആധുനിക ഇന്ത്യയെ സൃഷ്ടിക്കുകയും വേണം’ എന്ന നിലപാടായിരുന്നു. ഈ ചിന്താഗതി ഇന്ത്യയിൽ തുടർന്നുപോന്നു. ഇടതുപക്ഷമെന്നും, ലിബറലുകളെന്നും പറയപ്പെടുന്നവരുടെ പാരമ്പര്യമാണ് ഇത്തരം പ്രതികരണങ്ങൾ എന്ന് ഞാൻ പറയുന്നു. ഇന്ത്യക്കാർ പിന്നോക്കം നിൽക്കുന്ന ഒരു സമൂഹമാണ്, ജാതിബന്ധിത സമൂഹമാണ്, നിങ്ങളിൽ നല്ലതൊന്നുമില്ല, നിങ്ങൾ പരലോകചിന്ത തല്പരരായ ആളുകളാണ്, ആത്മാവിനേയും മതത്തേയും കുറിച്ച് മാത്രം ചിന്തിക്കുന്ന നിങ്ങൾക്കു യഥാർത്ഥലോകത്തിൽ താൽപ്പര്യമില്ല എന്നെല്ലാം ബ്രിട്ടീഷുകാർ ആരോപിച്ചപ്പോൾ ലിബറലുകൾ അതെല്ലാം അംഗീകരിച്ചു. അവർ പറഞ്ഞു, ‘അതെ, ഇതൊക്കെ തുടച്ചുനീക്കുന്നതിനുള്ള അവകാശം ബ്രിട്ടീഷുകാർക്കുണ്ട്, ഇവയൊക്കെ ഇല്ലാതാക്കി നമുക്ക് ഒരു ആധുനിക സമൂഹം സൃഷ്ടിക്കേണ്ടതുണ്ട്’ എന്ന്. ഒരുപാട് ലിബറലുകൾ ഇത്തരം ചിന്താഗതികളിൽനിന്ന് ഉയിർകൊള്ളുന്നവരാണ്. സാമാന്യമായാ്ൺ ഇതെല്ലാം പറയുന്നത്. കാരണം ഇപ്പോൾ, ഇതിന്റെയെല്ലാം സൂക്ഷ്മഭേദങ്ങൾ പരിശോധിക്കുക സാധ്യമല്ല.
ബ്രിട്ടീഷ് ആരോപണങ്ങൾക്കു എതിരെ മറ്റൊരു പ്രതികരണം കൂടിയുണ്ടായിരുന്നു. ‘അതെ, ബ്രിട്ടീഷുകാർ പറഞ്ഞത് ശരിയാണ്, ഇന്ത്യ ഒരു കാർഷികജനതയാണ്. ഇന്ത്യ ഒരു ആത്മീയമാണ്, പടിഞ്ഞാറൻ നാടുകളെപ്പോലെ ഭൗതികസമൂഹമല്ല. ജാതി ഒരു യാഥാർത്ഥ്യമാണ്, ഞങ്ങളുടെ ഘടനയാണത്, അതിലെന്താണ് തെറ്റ്?’. അപ്രകാരം, ഇക്കൂട്ടർ പറഞ്ഞു, ‘അതെ ഞങ്ങൾ ഇങ്ങനെയാണ്, നിങ്ങൾ പറയുന്നത് പോലെ തന്നെയാണ് ഞങ്ങൾ. നമ്മൾ ഇങ്ങനെയാണ്, ഇതാണ് നല്ലത്, ഞങ്ങൾ പാശ്ചാത്യരേക്കാൾ മികച്ചവരാണ്’. ഗാന്ധി ഇത്തരം സമീപനം എടുത്തവരിലെ പ്രധാനിയാണ്.