സംശുദ്ധമായ ഒരു ജാതിവ്യവസ്ഥ ഇന്ത്യയിൽ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല

 

വലതുപക്ഷത്തെ ചർച്ചകളിൽ മറ്റൊരു പ്രശ്നം കൂടിയുണ്ട്. അതിപ്രാധാന്യമുള്ള അത് വേണ്ടവിധം ചർച്ച ചെയ്യപ്പെടുന്നില്ലെന്ന് നിങ്ങൾക്ക് കാണാം – ജാതി. ജാതിയെക്കുറിച്ചുള്ള വലതുപക്ഷ ചർച്ചകൾ വേദകാലഘട്ടത്തിൽ ജാതി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചിരുന്നത് എന്നതിൽ മാത്രമായി ചുറ്റിക്കറങ്ങി നിൽക്കുകയാണ്; അല്ലെങ്കിൽ എന്താണ് ശരിയായ ജാതിവ്യവസ്ഥ എന്നതിൽ.

‘ശരിയായ ജാതിവ്യവസ്ഥ’ എന്നൊന്ന് ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലെന്നു പറയുന്നതിൽ ഞാൻ ഖേദിക്കുന്നു. ജാതിവ്യവസ്ഥ എന്ന സാമൂഹ്യവ്യവസ്ഥ എപ്പോഴാണ് വളർന്നത് എന്ന് കൃത്യമായി നമുക്ക് അറിയില്ല. വേദകാലത്തിന് മുൻപ് ഉണ്ടായിരുന്ന ഒരു സമ്പ്രദായമാണത് എന്ന് ചില പഠനങ്ങൾ പറയുന്നു. ഹാരപ്പൻ ജനതയിൽ അത് നിലനിന്നിരുന്നു. പിന്നീട് വേദകാലഘട്ടത്തിലും അത് തുടർന്നു. അപ്പോഴേക്കും അതിന് മാറ്റങ്ങൾ വന്നിരുന്നു. ഏതൊരു സാമൂഹ്യ വ്യവസ്ഥയ്ക്കും മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണല്ലോ. ഇന്ത്യയിൽ ഫ്യൂഡലിസത്തിന്റെ ഉദയം സംഭവിച്ചപ്പോൾ ജാതികൾ പരിണമിക്കപ്പെട്ടു, മുഗളരും തുർക്കികളും ഇന്ത്യയിലേക്ക് വന്നപ്പോഴും ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് വന്നപ്പോഴും ജാതിയിൽ മാറ്റങ്ങൾ വന്നു. കാരണം, സമൂഹത്തിന്റെ അടിത്തറയായി വർത്തിക്കുന്ന തത്ത്വത്തിനു മാറ്റം വന്നു. ആധുനിക, സ്വതന്ത്ര ഇന്ത്യയിലും ജാതി മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് ശരിയായ, ശുദ്ധമായ ജാതിവ്യവസ്ഥ എപ്രകാരമുള്ളതായിരുന്നെന്ന് വാദിക്കുന്നത് നിരർത്ഥകമാണെന്നു ഞാൻ കരുതുന്നു. അത്തരത്തിലുള്ള ഒന്നില്ലെന്ന് ഞാൻ കരുതുന്നു. മറ്റേതൊരു സാമൂഹ്യ വ്യവസ്ഥയേയും പോലെ തന്നെ ചലനാത്മകമായ ഒരു സാമൂഹിക വ്യവസ്ഥിതിയായി നിങ്ങൾ അതിനെ കൈകാര്യം ചെയ്യേണ്ടതുണ്ട്. പക്ഷേ, ഇപ്പോളൊരു പ്രശ്നമുണ്ട്, വലതുപക്ഷം തുടക്കം മുതൽ തന്നെ, പണ്ട് ശുദ്ധമായ ഒരു ജാതിസമ്പ്രദായമുണ്ടായിരുന്നെന്നും, അത് പിൽക്കാലത്തു വികൃതമാക്കപ്പെടുകയായിരുന്നെന്നും പറയുന്നുണ്ട്. അതായത്, ബ്രിട്ടീഷുകാർ അല്ലെങ്കിൽ മുഗളന്മാരാണ് പ്രശ്നം സൃഷ്ടിച്ചത് എന്ന്.

യാഥാസ്ഥിതികർ എന്ന നിലയിൽ നാം അങ്ങിനെ പറയാൻ പാടില്ല. കാരണം നമ്മുടെ അഭിപ്രായങ്ങൾ യാഥാർത്ഥ്യത്തിൽ അധിഷ്ഠിതമായിരിക്കണം. മുഗളന്മാർ ഭരണത്തിൽ വരുന്നതിനു മുമ്പുതന്നെ ജാതിവ്യവസ്ഥ നല്ല സംവിധാനമായിരുന്നില്ല. നിങ്ങൾ ചരിത്രം ലളിതമായി വായിച്ചു നോക്കണം. ചന്ദ്രഗുപ്ത മൗര്യൻ ചക്രവർത്തിയായി അവരോധിക്കപ്പെടാൻ പോകവെ മഗധ ബ്രാഹ്മണർ ‘ഇയാൾക്ക് ചക്രവർത്തി ആവാൻ കഴിയില്ല, ഇയാൾ ചക്രവർത്തിയായിരിക്കരുത്, കാരണം ഇയാൾ ഒരു താഴ്ന്ന വ്യക്തിയാണ്’ എന്ന് പറഞ്ഞ് ശക്തമായി എതിർത്തിരുന്നു എന്ന് നിങ്ങൾക്ക് കാണാം. ചാണക്യനായിരുന്നു അപ്പോൾ അദ്ദേഹത്തെ പിന്താങ്ങിയതും ചന്ദ്രഗുപ്തൻ തന്നെ ചക്രവർത്തി ആവുമെന്ന് പറഞ്ഞതും…

അതുകൊണ്ട് ഇത് (ജാതിവ്യവസ്ഥ) എല്ലായ്പ്പോഴും പ്രശ്നമുള്ള ഒരു സംവിധാനമായിരുന്നു. നിങ്ങൾ ആരുടെ വീക്ഷണകോണിലൂടെയാണ് നോക്കിക്കാണുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ വിലയിരുത്തൽ. ജാതിവ്യവസ്ഥ നല്ലതായിരുന്നെന്ന് ചിലർ പറയും. ഉയർന്ന ജാതിക്കാരെന്നു വിളിക്കപ്പെടുന്നവർക്ക് പോലും ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു; ശൂദ്രന്മാർക്കും, അവർണ്ണർക്കും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു; അതുകൊണ്ട് ഇതെല്ലാം നല്ലതാണ് എന്ന്. എന്നാൽ ജാതിവ്യവസ്ഥ അങ്ങിനെയല്ല പ്രവർത്തിക്കുന്നത്. നിങ്ങൾ അതിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എല്ലാം. താഴ്ന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അത് ഒരു നല്ല സംവിധാനമായിരുന്നില്ല, അത് ഒരിക്കൽ പോലും നല്ല സംവിധാനമായിരുന്നിട്ടില്ല. അതുകൊണ്ടാണ് ചരിത്രത്തിലുടനീളം നിങ്ങൾക്ക് ഈ (ജാതി) സംവിധാനത്തിനെതിരെയുള്ള എതിർപ്പുകൾ കണ്ടെത്താനാകുന്നത്.

You may also like...

Leave a Reply

%d bloggers like this: