വെള്ളിയാഴ്‌ച, ജനുവരി 17, 2020
Home > നിങ്ങൾക്കു അറിയുമോ > ബ്രിട്ടീഷ് അധിനിവേശക്കാർ ഇന്ത്യയെ കൊള്ളയടച്ചത് എങ്ങിനെ? – വിൽ ഡ്യുറണ്ടിന്റെ അഭിപ്രായം

ബ്രിട്ടീഷ് അധിനിവേശക്കാർ ഇന്ത്യയെ കൊള്ളയടച്ചത് എങ്ങിനെ? – വിൽ ഡ്യുറണ്ടിന്റെ അഭിപ്രായം

 

ഇന്ത്യയിൽ ദാരിദ്ര്യത്തിന് കാരണമായതെന്താണെന്ന് നമുക്ക് കണ്ടെത്തണം. ഞാൻ 2 കൃതികളെ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. ഒന്ന്, നെതർലന്റിലെ സാമ്പത്തിക ചരിത്രകാരനായ ആംഗ്സ് മാഡിസണിന്റേതാണ്. കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളായുള്ള ലോകത്തിലെ വിവിധ സമ്പദ്‌വ്യവസ്ഥകളെക്കുറിച്ച് 2003 വരെ പഠിച്ച വ്യക്തിയാണ് അദ്ദേഹം. ലോക ജിഡിപിയുടെ ശതമാനമായി കണക്കിലെടുത്താൽ, ഇന്ത്യയാണ് അതിലെ നല്ലൊരു പങ്ക്, 33 ശതമാനം, സംഭാവന ചെയ്യുന്നത്. ചൈനയുടെ പങ്ക് 25 ശതമാനത്തോളമാണ്. പടിഞ്ഞാറൻ യൂറോപ്പിന്റെ പങ്ക് വളരെ കുറവാണ് – 15%. അധിനിവേശ കാലഘട്ടത്തിലും, മുസ്ലിം ആക്രമണ കാലഘട്ടത്തും ഇന്ത്യയുടെ ജിഡിപി വളരെ താഴേക്ക് പോയി, ഇവിടെ വരെയെത്തി. കൊളോണിയലിസ്റ്റുകൾ ഇന്ത്യയിലേക്ക് വന്ന CE 1700 കാലഘട്ടത്തിൽ അത് അൽപ്പം ഉയർന്നു നിൽക്കുന്നുമുണ്ട്.

അതിനുശേഷം  ഇന്ത്യയുടെ സാമ്പത്തിക നിലയിൽ വലിയ ഇടിവ് സംഭവിക്കുന്നതായി അദ്ദേഹം പറയുന്നു. അതേസമയം തന്നെ പടിഞ്ഞാറൻ യൂറോപ്പിന്റെ സമ്പദ്ഘടന പെട്ടെന്നു വളരുകയും ചെയ്തു. അടിമത്തവും മറ്റും കാരണം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയും മെച്ചപ്പെട്ടു. നിങ്ങൾക്കും ഈ ഉയർച്ച കാണാം. ഇതെല്ലാം ആകസ്മികമല്ല, ആകസ്മികതയേക്കാൾ കൂടുതലാണ്. ഇന്ത്യയിൽനിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്കുള്ള സാമ്പത്തിക ഒഴുക്കിന് ആനുപാതികമായ ഈ ഇടിവ്, ഇന്ത്യയിൽ വ്യാപകമായ ദാരിദ്ര്യത്തിന് കാരണമായി. വിൽ ഡ്യുറന്റിന്റെ ഒരു കൃതിയെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ‘കേസ് ഫോർ ഇന്ത്യ’ എന്നൊരു മികച്ച പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. ഗൂഗിളിൽ സൗജന്യമായി ലഭിക്കുന്ന ഈ പുസ്തകം, ഇവിടെയുള്ള പ്രേക്ഷകരെല്ലാം വായിക്കണമെന്നു ഞാൻ ശക്തമായി ആവശ്യപ്പെടുന്നു.

1930 കാലഘട്ടത്തിൽ ഇന്ത്യയിലേക്ക് വന്ന അദ്ദേഹം ബ്രിട്ടീഷുകാരോടു അനുഭാവമുള്ള ആളായിരുന്നില്ല. വിൽ ഡ്യുറണ്ട് അമേരിക്കൻ പൗരനായിരുന്നു. ഇന്ത്യയിൽ വന്ന് ബ്രിട്ടീഷുകാരുടെ ചെയ്തികൾ മനസ്സിലാക്കിയപ്പോൾ, അതിൽ നടുങ്ങി, എഴുതിയ പുസ്തകമാണ് ‘ദി കേസ് ഫോർ ഇന്ത്യ’. നമുക്ക് അറിയാവുന്ന കാര്യങ്ങൾ അദ്ദേഹം കൂടുതൽ വ്യക്തമായി കാണിച്ചു തന്നു. അതായത് റോബർട്ട് ക്ലിവ് തോക്കുകൾക്കു വേണ്ടി പണം ഒഴുക്കുന്നതും, ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അനുകൂലമായി നിലപാടെടുക്കുന്നതും, വിലകുറച്ചു വിൽക്കാനും അമിതവിലയ്ക്ക് വാങ്ങാനും ഇന്ത്യക്കാരെ നിർബന്ധിക്കുന്നതും, എല്ലാം. അവർ നൂറുകണക്കിന് ദശലക്ഷം ഡോളർ ഇവിടെനിന്നു പിഴിഞ്ഞെടുത്തു. ഇംഗ്ലണ്ടിലെ ജനങ്ങൾ നൽകുന്ന നികുതിയുടെ രണ്ടിരട്ടിയും, സ്കോട്ട്ലാൻഡുകാർ നൽകുന്നതിന്റെ മൂന്നിരട്ടിയും ബ്രിട്ടീഷുകാർ ഇന്ത്യക്കാരിൽനിന്നു ഈടാക്കി. ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ യുദ്ധവിജയങ്ങൾ, വികസനം, ഭരണനിർവഹണം എന്നിവയുടെയെല്ലാം ഭാരം ഇന്ത്യാക്കാരിൽ തന്നെ ചുമത്തി. ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോകമഹായുദ്ധം, ഫ്രഞ്ചുകാരുമായുള്ള യുദ്ധങ്ങൾ, എന്നിവയുടെ ചിലവും ഇന്ത്യക്കാർക്ക് മേലാണ് ചുമത്തപ്പെട്ടത്.

1792-ൽ ബ്രിട്ടീഷുകാർ, ഇന്ത്യക്കാർക്ക് മേൽ 35 മില്ല്യൻ കടം വരുത്തി. ഇത് 1930-ൽ വിൽ ഡ്യൂറണ്ട് പുസ്തകം എഴുതിയ കാലത്തെ ഡോളർ കണക്കാണെന്ന് ഞാൻ കരുതുന്നു. 1860 ആയപ്പോഴേക്കും ഇത് 500 ദശലക്ഷം ഡോളറായി മാറി. 1929-ൽ വിൽ ഡ്യൂറണ്ട് ഇന്ത്യ വിട്ടപ്പോൾ അത് 3.5 ബില്ല്യൻ ഡോളർ ആയി. അതിനുശേഷം രണ്ടാം ലോകമഹായുദ്ധവും മറ്റും നടന്നു. അങ്ങിനെ, ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോഴേക്കും ഈ കണക്കുകൾ ഇരട്ടിയോ മൂന്നിരട്ടിയോ ആയിക്കഴിഞ്ഞിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയിൽ അടിച്ചേൽപ്പിച്ച കടഭാരം ഇത്രയുമാണ്. അതിനാൽ, നമ്മളിൽ ആർക്കെങ്കിലും, ഇന്ത്യയിൽ ദാരിദ്ര്യത്തിന് കാരണമായത് എന്താണെന്നു സംശയമുണ്ടെങ്കിൽ, കഴിഞ്ഞ 300 വർഷങ്ങളിൽ ഇന്ത്യക്ക് സംഭവിച്ചതെന്താണെന്ന് ഈ രണ്ട് ഗ്രാഫുകൾ വളരെ വ്യക്തമായി കാണിച്ചുതരുന്നു.

Leave a Reply

%d bloggers like this: